മൂന്നാർ: വെള്ളിയാഴ്ച ഉരുള്‍പൊട്ടലുണ്ടായ രാജമലയിൽ അഞ്ചു മൃതദേഹങ്ങൾകൂടി കണ്ടെത്തിയതായി ഡീൻ കുര്യാക്കോസ് എം.പി. ഇതോടെ മരിച്ചവരുടെ എണ്ണം 24 ആയി. മൃതദേഹങ്ങൾ പുറത്തെടുക്കാനുള്ള ശ്രമം ആരംഭിച്ചതായി കലക്ടർ അറിയിച്ചു. പ്രദേശത്ത് ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. 48 പേരെ കണ്ടെത്താനുണ്ടെന്നാണ് വിലയിരുത്തല്‍. മരിച്ചവരുടെ പോസ്റ്റ്‌മോർട്ടം നടപടികൾ ഇന്ന് പെട്ടിമുടിയില്‍ നടക്കും
പ്രതികൂല കാലാവസ്ഥയെ തുടർന്ന് വെള്ളിയാഴ്ച അർധരാത്രിയോടെ തെരച്ചിൽ നിർത്തിവെച്ചിരുന്നു. പ്രദേശത്ത് കനത്ത മഴയും മൂടൽമഞ്ഞും അനുഭവപ്പെട്ട് കാഴ്ച തടസ്സപ്പെട്ടതോടെയാണ് തിരച്ചിൽ നിർത്തിവെച്ചത്. അപകടത്തിൽ നിന്ന് രക്ഷപ്പെട്ട 11 പേരിൽ ഒരാളുടെ നില ഗുരുതരമാണ്.
ഇന്നലെ രാത്രി 11 മണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങള്‍ക്ക് മുകളിലേക്ക് മണ്ണിടിയുകയായിരുന്നു. നയമക്കാട് എസ്റ്റേറ്റിലെ പെട്ടിമുടി ഡിവിഷനില്‍ ജോലി ചെയ്യുന്ന തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്. 30 മുറികളുള്ള 4 ലയങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഇവയില്‍ ആകെ 78 പേരാണ് താമസിച്ചിരുന്നത്. ഇവയില്‍ 12 പേര്‍ രക്ഷപ്പെട്ടു. റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ സംഭവ സ്ഥലം സന്ദർശിക്കുന്നുണ്ട്