കാൻപുർ∙ ഉത്തർപ്രദേശിലെ കാൻപുരിൽ എട്ടു പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ കൊടുംകുറ്റവാളി വികാസ് ദുബെ കൊല്ലപ്പെട്ടു. മധ്യപ്രദേശിൽ നിന്ന് കാൻപുരിലേക്കു വരുന്നവഴിയാണ് സംഭവം. അകമ്പടി വാഹനം അപകടത്തിൽപ്പെട്ട് മറിഞ്ഞപ്പോള്‍ ദുബെ രക്ഷപ്പെടാൻ ശ്രമിച്ചെന്നും തുടർന്നുണ്ടായ ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടുവെന്നുമാണ് പൊലീസ് പറയുന്നത്.
വെള്ളിയാഴ്ച രാവിലെ 7 മണിയോടെയാണ് മൂന്ന് അകമ്പടി വാഹനങ്ങളിൽ ഒന്ന് അപകടത്തിൽപ്പെട്ടത്. പൊലീസുകാർക്കും പരുക്കേറ്റിട്ടുണ്ടെന്നാണു വിവരം. ഇന്നലെ ഉജ്ജയിനിലെ മഹാകാൽ ക്ഷേത്രത്തിൽ വച്ചാണ് ദുബെ അറസ്റ്റിലായത്. 7 ദിവസത്തെ തിരച്ചിലിനൊടുവിൽ മധ്യപ്രദേശിലെ ഉജ്ജയിനിൽ നിന്നാണു ഇയാൾ പിടിയിലായത്. 2001ൽ മുതിർന്ന ബിജെപി നേതാവ് സന്തോഷ് ശുക്ലയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ദുബെയെ പിടികൂടാൻ യുപി കാൻപുരിലെ ബിക്രു ഗ്രാമത്തിലെത്തിയ പൊലീസ് സംഘത്തിനു നേരെ കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണു വെടിവയ്പുണ്ടായത്. ഇതിനിടെ യുപിയിൽ രണ്ടു വ്യത്യസ്ത സംഭവങ്ങളിൽ വികാസ് ദുബെയുടെ 2 കൂട്ടാളികൾ കൊല്ലപ്പെട്ടു.
ഫരീദാബാദിൽനിന്നു ബുധനാഴ്ച രാത്രി അറസ്റ്റിലായ കാർത്തികേയ, കാൻപുരിൽ വച്ചു കസ്റ്റഡിയിൽനിന്നു രക്ഷപ്പെടാൻ ശ്രമിച്ചതോടെയാണു ഏറ്റുമുട്ടലുണ്ടായത്.ഇറ്റാവയിലുണ്ടായ മറ്റൊരു ഏറ്റുമുട്ടലിൽ ബവ്വാ ദുബെ (പവീൺ) എന്ന കൂട്ടാളിയും കൊല്ലപ്പെട്ടിരുന്നു. സംഘത്തിലെ 6 പേർ ഇതോടെ കൊല്ലപ്പെട്ടു. 10ലേറെപ്പേർ ഇതിനോടകം അറസ്റ്റിലായി. അക്രമിസംഘത്തിനു വിവരങ്ങൾ ചോർത്തി നൽകിയ ഛുബെയ്പുർ പൊലീസ് സ്റ്റേഷൻ ഓഫിസർ വിനയ് തിവാരി ഉൾപ്പെടെ 4 പേരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്..