Saturday, January 11, 2025
Google search engine
HomeIndia'മോശം കാലാവസ്ഥ അറിയിച്ചു; ലാന്‍ഡിങ് വേണോയെന്ന തീരുമാനം പൈലറ്റിന്റേത്'

‘മോശം കാലാവസ്ഥ അറിയിച്ചു; ലാന്‍ഡിങ് വേണോയെന്ന തീരുമാനം പൈലറ്റിന്റേത്’

ന്യൂഡല്‍ഹി∙ കരിപ്പൂരില്‍ വിമാനം അപകടത്തില്‍പെടുന്നതിനു മുമ്പ് മേഖലയിലെ മോശം കാലാവസ്ഥയെക്കുറിച്ച് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (എടിസി) വിഭാഗം പൈലറ്റുമാര്‍ക്കു മുന്നറിയിപ്പു നല്‍കിയിരുന്നതായി സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറല്‍ അരുണ്‍ കുമാര്‍ വ്യക്തമാക്കി. എടിസി കൃത്യമായി വിവരങ്ങള്‍ പൈലറ്റുമാരെ അറിയിച്ചിരുന്നു. കാറ്റ് നിശ്ചിതപരിധിയിലായിരുന്നു. ലാന്‍ഡ് ചെയ്യണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് പ്രധാന പൈലറ്റ് ആണെന്നും ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അരുണ്‍കുമാര്‍ പറഞ്ഞു.

കരിപ്പൂരിലെ ടേബിള്‍ടോപ്പ് റണ്‍വേയില്‍ ലാന്‍ഡ് ചെയ്ത വിമാനം തെന്നിനീങ്ങി താഴേക്ക് പതിച്ചാണ് അപകടമുണ്ടായത്. മോശം കാലാവസ്ഥയാണോ അപകടകാരണമെന്ന പരിശോധന നടക്കുന്നുണ്ട്. എടിസി നിര്‍ദേശമനുസരിച്ച് പ്രൈമറി റണ്‍വേയില്‍ ആദ്യലാന്‍ഡിങ്ങിനു ശ്രമിച്ചശേഷം ദൂരക്കാഴ്ചയുടെ പ്രശ്‌നത്തെ തുടര്‍ന്ന് പറന്നുയര്‍ന്ന വിമാനം റണ്‍വേ 10ല്‍ ഇറക്കാന്‍ വീണ്ടും പൈലറ്റ് തീരുമാനിക്കുകയായിരുന്നു. കാറ്റിന്റെ (ടെയില്‍ വിന്‍ഡ്) വേഗം മണിക്കൂറില്‍ 10 നോട്ടിക്കല്‍ മൈലിനു മുകളിലാണെന്ന് മുന്നറിയിപ്പു നല്‍കിയിരുന്നു.

ഏറെ ദൂരം പിന്നിട്ടശേഷമാണ് വിമാനം റണ്‍വേ തൊട്ടതെന്ന വിവരം പൈലറ്റിനെ അറിയിച്ചോ എന്ന ചോദ്യത്തിന് അപ്പോള്‍ തന്നെ രക്ഷാപ്രവര്‍ത്തരെ അറിയിച്ചുവെന്നും അലാറം മുഴക്കിയെന്നും അരുണ്‍കുമാര്‍ പറഞ്ഞു. പത്തു മിനിട്ടിനുള്ളില്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

വിമാനം താഴ്ചയിലേക്കു പതിക്കുമ്പോള്‍ എയര്‍ ട്രാഫിക് വിഭാഗവുമായി ബന്ധമുണ്ടായിരുന്നോ എന്ന കാര്യം കൂടുതല്‍ അന്വേഷണത്തിലെ അറിയാന്‍ കഴിയുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ഫ്‌ളൈറ്റ് ഡേറ്റ റിക്കോര്‍ഡറും കോക്ക്പിറ്റ് വോയിസ് റെക്കോര്‍ഡറും എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ പക്കലാണെന്ന് അരുണ്‍കുമാര്‍ പറഞ്ഞു.

ഇത്തരം അപകടങ്ങളെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്ന ഏജന്‍സിയാണിത്. അമേരിക്കയിലെ നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡുമായും ബോയിങ്ങിന്റെ സംഘവുമായും സഹകരിച്ചാണ് അന്വേഷണം നടത്തുന്നത്. ഇതിനു ശേഷം അന്തിമതീരുമാനം അറിയിക്കും. ആഴ്ചകള്‍ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണു പ്രതീക്ഷ. കരിപ്പൂരിലെ ടേബിള്‍ ടോപ്പ് റണ്‍വേയില്‍ കൃത്യമായി ഓഡിറ്റ് നടത്തിയിരുന്നുവെന്നും പൂര്‍ണ പ്രവര്‍ത്തനസജ്ജമാണെന്നും അരുണ്‍കുമാര്‍ പറഞ്ഞു. വലിയ വിമാനങ്ങള്‍ക്കായി ക്രാഷ് ബാരിയര്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതും റണ്‍വേ വിപുലീകരിക്കുന്നതും പരിഗണനയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com