വാഷിങ്ടൺ: ലോകത്തെ മുഴുവനായും ആക്രമിച്ച കോവിഡ്19 വൈറസിനെതിരെ ഈ വർഷം അവസാനത്തോടെ വാക്സിൻ നിർമിക്കുമെന്ന് യു.എസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്. മൂന്ന് വാക്സിനുകളുടെ പരീക്ഷണം അവസാനഘട്ടത്തിൽ എത്തിനിൽക്കുകയാണ്. ട്രയൽ ഘട്ടത്തിന് ശേഷം കൂടുതൽ ഡോസുകൾ ലഭ്യമാക്കും. സുരക്ഷിതവും ഫലപ്രദവുമായ വാക്സിൻ ഈ വർഷം തന്നെ പുറത്തിറക്കുമെന്നും ട്രംപ് വ്യക്തമാക്കി.
കോവിഡിനെ ശക്തിവാനായ അദൃശ്യ ശത്രു എന്ന് വിശേഷിപ്പിച്ച ട്രംപ് ധീരരായ അമേരിക്കക്കാർ ഈ വെല്ലുവിളിയെ നേരിട്ടുകൊണ്ടിരിക്കുകയാണെന്നും കൂട്ടിച്ചേർത്തു. വൈറ്റ് ഹൗസിൽ റിപ്പബ്ലിക്കൻ കൺവെൻഷനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജീവൻ രക്ഷിക്കുന്ന നൂതന ചികിത്സയാണ് നൽകികൊണ്ടിരിക്കുന്നത്. ഈ വർഷം അവസാനിക്കുന്നതിനുമുമ്പ് ഒരുപക്ഷേ ഉടൻ തന്നെ ഫലപ്രദമായ വാക്സിൻ കണ്ടെത്തും. അതിലൂടെ വൈറസ് ബാധയേയും മഹാമാരിയേയും കീഴ്പ്പെടുത്തും. രാജ്യം ശക്തിയാർജ്ജിച്ച് കൂടുതൽ ഉയർന്നുവരുമെന്നും ട്രംപ് പറഞ്ഞു.
യു.എസിൽ 5,866,214 കോവിഡ് കേസുകളും 180,814 മരണങ്ങളുമുണ്ടായതായി ജോൺസ് ഹോപ്കിൻസ് സർവകലാശാല റിപ്പോർട്ട് ചെയ്യുന്നു.
കോവിഡ് വ്യാപനത്തെ തുടർന്ന് ലോകമെമ്പാടും 24.3 ദശലക്ഷത്തിലധികം ആളുകൾക്കാണ് രോഗം ബാധിച്ചത്. 829,000 മരണങ്ങളും റിപ്പോർട്ട് ചെയ്തു.