തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ശൈലജക്കെതിരായ പരാമർശത്തിൽ കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനെ ന്യായീകരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുല്ലപ്പള്ളിയെ ഒറ്റതിരിഞ്ഞ് അപമാനിക്കാനും ആക്ഷേപിക്കാനും കേരളത്തിലെ കോൺഗ്രസുകാർ അനുവദിക്കില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മോശം പ്രയോഗങ്ങൾ മുഖ്യമന്ത്രിയും നടത്തിയിട്ടുണ്ടെന്നും നികൃഷ്ടജീവി, പരനാറി പ്രയോഗങ്ങൾ ഓർപ്പിച്ച് അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്
സ്ത്രീ വിരുദ്ധ പരാമർശമോ ആരെയും അവഹേളിക്കുകയോ ചെയ്തിട്ടില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മുല്ലപ്പള്ളിയെ പോലൊരാൾ ഇതിന് മുമ്പും അത്തരത്തിൽ പറഞ്ഞിട്ടില്ല. മുല്ലപ്പള്ളിയുടെ വ്യക്തിത്വത്തെക്കുറിച്ച് ആർക്കും സംശയമില്ല. പ്രസംഗത്തിലെ ഒന്നോ രണ്ടോ വാക്കുകൾ സന്ദർഭോചിതമല്ലാത്ത രീതിയിൽ അടർത്തിയെടുത്തു. പരാമർശത്തിൽ മാപ്പു പറയാനാണെങ്കിൽ, മുഖ്യമന്ത്രി ഒരു ആയിരം മാപ്പു പറയേണ്ട സമയം കഴിഞ്ഞു. മുഖ്യമന്ത്രി നടത്തിയ പോലെ പദപ്രയോഗങ്ങൾ കേരളത്തിൽ വേറെ ആരെങ്കിലും നടത്തിയിട്ടുണ്ടോ? താമരശ്ശേരി ബിഷപ്പിനെ നികൃഷ്ട ജീവിയെന്ന് വിളിച്ചു. എൻ.കെ പ്രേമചന്ദ്രനെ പരനാറിയെന്ന് വിളിച്ചില്ലേ. ടി.പി ചന്ദ്രശേഖരനെ കുലംകുത്തി എന്ന് വിളിച്ചില്ലേ. മുഖ്യമന്ത്രിയുടെ മന്ത്രിസഭയിലെ മന്ത്രിമാർ സ്ത്രീകളെ പൂതനയെന്ന് വിളിച്ചപ്പോൾ നിങ്ങളുടെ മൗനം കേരളം കണ്ടതാണ്. സ്ത്രീകളെക്കുറിച്ചുള്ള നിങ്ങളുടെ മന്ത്രിമാരുടെ പദസമ്പത്തുകൾ കേരളം ധാരാളം കേട്ടിട്ടുള്ളതാണ്. അപ്പോഴൊന്നും മുഖ്യമന്ത്രി ഒരക്ഷരം മിണ്ടിയില്ല -ചെന്നിത്തല പറഞ്ഞു
സർക്കാർ പ്രവാസികളെ കബളിപ്പിക്കുന്നു. പ്രവാസികളെ തിരിച്ചുകൊണ്ടുവരാൻ ഒരു നടപടിയുമില്ല. നോർക്ക ഒരു നേരത്തെ ആഹാരം പോലും നൽകിയില്ല. ബംഗാളിലെ സി.പി.എ സ്വീകരിക്കുന്ന നിലപാടല്ല കേരളത്തിലെ പ്രതിപക്ഷത്തിന്‍റേത്. പക്ഷേ, കോവിഡ് കാലത്തെ യോജിച്ച അന്തരീക്ഷം നഷ്ടപ്പെടുത്തിയത് സർക്കാറും മുഖ്യമന്ത്രിയുമാണ്. എല്ലാ ഘട്ടങ്ങളിലും മുഖ്യമന്ത്രിയും സർക്കാറും രാഷ്ട്രീയം കളിച്ചു. വൈദ്യുതി ചാർജിന്‍റെ പേരിലെ കൊള്ളയടി കേരളത്തിലെ ജനം ഒറ്റക്കെട്ടായി എതിർത്തതാണ് -ചെന്നിത്തല കൂട്ടിച്ചേർത്തു