Sunday, December 22, 2024
Google search engine
HomeIndiaമുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി ഇതാദ്യമായി വിവാഹവേദിയായപ്പോൾ, ഒരുക്കങ്ങളിങ്ങനെ

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി ഇതാദ്യമായി വിവാഹവേദിയായപ്പോൾ, ഒരുക്കങ്ങളിങ്ങനെ

തിരുവനന്തപുരം∙ സംസ്ഥാന ഭരണത്തെത്തന്നെ നിയന്ത്രിക്കുന്ന വസതിയുടെ ഗാംഭീര്യമായിരുന്നില്ല ഇന്നലെ ക്ലിഫ് ഹൗസിന്. പകരം ഒരു വിവാഹവേദിയുടെ നിറപ്പകിട്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെയും കമലയുടെയും മകൾ വീണയും ഡിവൈഎഫ്ഐ ദേശീയ അധ്യക്ഷൻ‍ പി.എ.മുഹമ്മദ് റിയാസിന്റെയും വിവാഹത്തിനു ക്ലിഫ് ഹൗസ് വേദിയായതോടെ അതു ചരിത്രമുഹൂർത്തമായി. കേരള രൂപീകരണത്തിനു ശേഷം ഒരു മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി ഇതാദ്യമായി വിവാഹവേദിയായി

തിരു–കൊച്ചി മുഖ്യമന്ത്രിയായിരുന്ന പനമ്പിള്ളി ഗോവിന്ദ മേനോന്റെ മകൾ സുമതിയുടെ വിവാഹം 1955 ഡിസംബർ 13 ന് ഇതേ ക്ലിഫ് ഹൗസിൽ നടന്നിരുന്നു. തിരുവിതാംകൂറിന്റെ രണ്ടാമത്തെ പ്രധാനമന്ത്രിയും തിരു–കൊച്ചിയുടെ ആദ്യ മുഖ്യമന്ത്രിയുമായ പറവൂർ ടി.കെ.നാരായണപിള്ളയുടെ മകൾ ലീലയുടെ വിവാഹം നടന്നതും അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലാണ്. 1950 മാർച്ച് 24 ന് ആ വിവാഹംനടന്നതു പക്ഷേ, റോസ് ഹൗസിലാണ്. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ മകൾ മറിയയുടെ പുനർവിവാഹത്തിനു ശേഷമുള്ള സൽക്കാരത്തിനും ക്ലിഫ് ഹൗസ് വേദിയായി

സംസ്ഥാന രൂപീകരണത്തിനു ശേഷം ’57 ൽ നടന്ന തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയായ ഇഎംഎസ് ക്ലിഫ് ഹൗസ് തിരഞ്ഞെടുത്തതോടെയാണു മുഖ്യമന്ത്രിമാരുടെ ഔദ്യോഗിക വസതിയായി ഇതു മാറിയത്. ഇടക്കാലത്തു മൻമോഹൻ ബംഗ്ലാവും മുഖ്യമന്ത്രിമാർ തിരഞ്ഞെടുത്തിരുന്നുവെങ്കിലും 1980 മുതൽ ക്ലിഫ് ഹൗസ് എന്നാൽ മുഖ്യമന്ത്രിയുടെ വസതി എന്നായി. ക്ലിഫ് ഹൗസിന്റെ പൂമുഖം കടന്നുള്ള പ്രധാന ഹാളാണ് ഇന്നലെ വിവാഹമണ്ഡപമായി മാറിയത്. വിവാഹവേദിക്കു ചേരുന്ന ചെറിയ അലങ്കാരങ്ങൾ അവിടെയുണ്ടായി. പത്തു മണിയോടെ വരന്റെ സംഘമെത്തി. പ്രായാധിക്യം മൂലം അദ്ദേഹത്തിന്റെ മാതാപിതാക്കൾക്ക് എത്തിച്ചേരാൻ കഴിഞ്ഞില്ല. അടുത്ത ബന്ധുക്കളുണ്ടായിരുന്നു

പത്തരയോടെ വീണയ്ക്കു റിയാസ് മിന്നു ചാർത്തി. ചടങ്ങിന്റെ സമയത്തു മുപ്പതോളം പേർ മാത്രമാണ് ഉണ്ടായിരുന്നത്. വധൂവരന്മാരൊഴികെ എല്ലാവരും മാസ്ക് ധരിച്ചു. വിവാഹം നിയന്ത്രിക്കുന്ന കാരണവരുടെ റോളിലായിരുന്നു സിപിഎമ്മിന്റെ മുതിർന്ന നേതാവ് കോലിയക്കോട് കൃഷ്ണൻ നായർ. നേതാക്കളായ എം.വിജയകുമാർ, കെ.വരദരാജൻ, എ.എ.റഷീദ്, മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്.ബാബു, മുഖ്യമന്ത്രിയുടെ മാധ്യമ

ഉപദേഷ്ടാവ് ജോൺ ബ്രിട്ടാസ്, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീം തുടങ്ങിയവരും സംബന്ധിച്ചു. ഗവർണർ അടക്കമുള്ള വിശിഷ്ടാതിഥികൾ എത്തിച്ചേർന്നത് ഉച്ചയോടെ. സൽക്കാരത്തിനു ശേഷം വീണയും റിയാസും കഴക്കൂട്ടത്തുള്ള ഫ്ലാറ്റിലേക്കു തിരിച്ചു. മുഖ്യമന്ത്രി ഔദ്യോഗികത്തിരക്കിലേക്കും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com