തിരുവനന്തപുരം: ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിനെ ഉപയോഗിച്ച് സർക്കാർ മാധ്യമങ്ങൾക്കുമേൽ ‘വ്യാജ വാർത്ത’ ചാപ്പകുത്തുന്നു. വാർത്തകളുടെയും സന്ദേശങ്ങളുടെയും വസ്തുത പരിശോധിക്കാൻ രൂപവത്കരിച്ച പി.ആർ.ഡി ഫാക്ട് ചെക്ക് ഡിവിഷനാണ് വിവിധ വകുപ്പുകളിലെ ക്രമക്കേടുകൾ, നടപടിക്രമങ്ങളിലെ വീഴ്ച എന്നിവ സംബന്ധിച്ച മാധ്യമ വാർത്തകളെ വ്യാജവാർത്തയായി ചിത്രീകരിച്ച് ഒൗദ്യോഗിക ഫേസ്ബുക്ക് പേജിൽ പ്രദർശിപ്പിക്കുന്നത്. അന്തിമ ഉത്തരവ് ഇറങ്ങുംമുമ്പ് ഭരണ, വകുപ്പ് തലങ്ങളിലെ ഫയൽ നീക്കം ഉൾപ്പെടെ കാര്യങ്ങൾ മാധ്യമങ്ങൾ പുറത്തുകൊണ്ടുവരാറുണ്ട്. ഇതിന് കൂച്ചുവിലങ്ങിടാനാണ് അന്തിമ ഉത്തരവിറങ്ങിയില്ലെന്ന ന്യായം പറഞ്ഞ് വാർത്തകളെ വ്യാജമെന്ന് ചിത്രീകരിക്കുന്നത്. വ്യാജ വാർത്തകൾ തുറന്നുകാട്ടുന്നതിൽ മുഖ്യധാര മാധ്യമങ്ങൾ എതിരുനിൽക്കുന്നിെല്ലന്നിരിക്കെയാണ് ഇൗ നീക്കം.
ആഗസ്റ്റ് 12ന് ‘മാധ്യമം’ പ്രസിദ്ധീകരിച്ച ‘സർക്കാർ െസൻട്രൽ പ്രസിൽനിന്ന് രഹസ്യ ഫയലുകൾ നഷ്ടപ്പെട്ടു’ എന്ന വാർത്തയാണ് ഒടുവിൽ സർക്കാറിെൻറ ഒൗദ്യോഗിക പ്രചാരണ വകുപ്പ് വ്യാജ വാർത്തയായി മുദ്രയടിച്ചത്. വകുപ്പ് അധികാരികളുടെ വിയോജനക്കുറിപ്പിെൻറ മറവിൽ യഥാർഥ വസ്തുതകൾ പരിശോധിക്കാതെയാണ് ‘ഫേക്ക് ന്യൂസ്’ എന്ന് മുദ്രകുത്തി മുഖ്യമന്ത്രിക്ക് കീഴിലെ വിവര പൊതുജന സമ്പർക്ക വകുപ്പ് സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിച്ചത്. ഒ.എം.ആർ ഷീറ്റുകളുടെ അച്ചടിയുമായി ബന്ധപ്പെട്ട് അതീവ രഹസ്യസ്വഭാവമുള്ള ഫയലുകൾ തിരുവനന്തപുരത്തെ സർക്കാർ സെൻട്രൽ പ്രസിൽനിന്ന് നഷ്ടമായെന്നായിരുന്നു വാർത്ത.
സെക്ഷൻ മേധാവികളുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ ഒരു ജീവനക്കാരനെ അച്ചടി വകുപ്പ് ഡയറക്ടർ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്ത ഉത്തരവും ഉദ്ധരിച്ചു. എന്നാൽ, അച്ചടിവകുപ്പ് ഡയറക്ടറുടെ വിയോജന കുറിപ്പിൽ, ഒ.എം.ആർ ഷീറ്റുമായി ബന്ധപ്പെട്ട് പി.എസ്.സിയുമായി കരാറില്ലെന്ന് പറഞ്ഞു.
ആഗസ്റ്റ് ഏഴിലെ ഡയറക്ടറുടെ സസ്പെൻഷൻ ഉത്തരവിൽ, ഉദ്യോഗസ്ഥൻ ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടർ, ലാപ്ടോപ് എന്നിവയിലെ ഒ.എം.ആർ ഷീറ്റ് അച്ചടിയുമായി ബന്ധപ്പെട്ട ഫയലുകൾ തിരിച്ചെടുക്കാൻ കഴിയാത്തവിധം നശിപ്പിക്കപ്പെട്ടതായി റിപ്പോർട്ട് ചെയ്തെന്ന് സമ്മതിച്ചിരുന്നു. ഇതടക്കം ലേഖകെൻറ വിശദീകരണം ‘മാധ്യമം’ ആഗസ്റ്റ് 13ന് പ്രസിദ്ധീകരിച്ചു. ഇൗ യഥാർഥ്യം മറച്ചാണ് ചൊവ്വാഴ്ച പി.ആർ.ഡി ഫാക്ട് ചെക്ക് ഡിവിഷൻ ‘മാധ്യമം’ വാർത്ത വ്യാജമെന്ന് മുദ്രകുത്തി ഒൗദ്യോഗിക ഫേസ്ബുക്ക് പേജിൽ പ്രസിദ്ധീകരിച്ചത്. ഇതുസംബന്ധിച്ച് ഫാക്ട് ചെക്ക് ഡിവിഷനിൽ അന്വേഷിച്ചപ്പോൾ ‘അച്ചടി വകുപ്പ് ഡയറക്ടറുടെ വിശദീകരണത്തിെൻറ അടിസ്ഥാനത്തിലാണെ’ന്നായിരുന്നു ചുമതല വഹിക്കുന്ന ഇൻഫർമേഷൻ ഒാഫിസർ എസ്. ജയകുമാറിെൻറ മറുപടി. ലേഖകനോട് ചോദിക്കേണ്ടതില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
മാധ്യമം ലേഖകൻ തെൻറ കൈവശമുള്ള ഉത്തരവ് അടക്കം ചൂണ്ടിക്കാട്ടിയതോടെ മണിക്കൂറുകൾക്കുശേഷം പി.ആർ.ഡി ചമച്ച ‘വ്യാജ വാർത്ത’ ഫാക്ട് ചെക്ക് ഡിവിഷൻ ഫേസ്ബുക്കിൽ നിന്ന് പിൻവലിച്ചു. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഒാഫിസ് അടക്കം ആരോപണത്തിെൻറ നിഴലിലായശേഷം സർക്കാറുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ സംബന്ധിച്ച വാർത്തകളോട് അസഹിഷ്ണുതയോടെയാണ് സർക്കാറും സി.പി.എം അനുകൂല അണികളും പ്രതികരിക്കുന്നത്.
അച്ചടിവകുപ്പ് ഡയറക്ടറുടെ പരാതിയിൽ പൊലീസ് കേസെടുത്തു
സർക്കാർ സെൻട്രൽ പ്രസിൽനിന്ന് ഒ.എം.ആർ ഷീറ്റുമായി ബന്ധപ്പെട്ട രഹസ്യഫയലുകൾ നഷ്ടപ്പെട്ടത് സംബന്ധിച്ച് ഒന്നാം ഗ്രേഡ് ബൈൻഡർ വി.എൽ. സജിക്കെതിരെ പൊലീസ് കേസെടുത്തു. അതിരഹസ്യസ്വഭാവമുള്ള രേഖകൾ നശിപ്പിച്ചതിനും വിശ്വാസവഞ്ചനക്കുമാണ് കേൻറാൺമെൻറ് പൊലീസ് കേസെടുത്തത്.
‘മാധ്യമം’ വാർത്ത വസ്തുതവിരുദ്ധമാണെന്നാരോപിച്ച് പത്രക്കുറിപ്പിറക്കിയ അച്ചടിവകുപ്പ് ഡയറക്ടർ എസ്. ജയിംസ് രാജ് തന്നെയാണ് ഈ മാസം 13ന് പരാതിയുമായി കേൻറാൺമെൻറ് സ്റ്റേഷനിലെത്തിയത്. പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ വകുപ്പിൽ നടന്ന ഗുരുതര വീഴ്ച മറയ്ക്കാൻ പി.ആർ.ഡിയുടെ ഫാക്റ്റ് ചെക്കിങ് വിഭാഗം സമൂഹമാധ്യമങ്ങളിലടക്കം വ്യാജ പ്രചാരണം ശക്തമാക്കുന്നതിനിടെയാണ് അച്ചടിവകുപ്പ് ഡയറക്ടറുടെ പരാതി പുറത്തുവന്നത്.
തിരുവനന്തപുരം സർക്കാർ പ്രസിൽ അതിരഹസ്യസ്വഭാവമുള്ള ഒ.എം.ആർ ഷീറ്റിെൻറ അച്ചടിയുമായി ബന്ധപ്പെട്ട പ്രവൃത്തികൾ ഏൽപിച്ചിരുന്ന സജി ഔദ്യോഗികാവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടർ, ലാപ്ടോപ് എന്നിവയിലെ വിവരങ്ങൾ വ്യക്തിപരമായ ആവശ്യങ്ങൾക്ക് ദുരുപയോഗം ചെയ്യുകയും അതിരഹസ്യസ്വഭാവമുള്ള പ്രവൃത്തികൾ ക്രമീകരിച്ചിരുന്ന ലാപ്ടോപ്പിലെയും കമ്പ്യൂട്ടറിലെയും വിവരങ്ങൾ നശിപ്പിച്ചതായും ജയിംസ് രാജ് നൽകിയ പരാതിയിൽ പറയുന്നു. കൂടാതെ, മുഖ്യമന്ത്രിക്കും കേരള പബ്ലിക് സർവിസ് കമീഷനുമെതിരായ അപകീർത്തികരമായ വാർത്തകൾ അച്ചടി -ദൃശ്യമാധ്യമങ്ങൾക്ക് സജി നൽകിയതായും ആരോപിക്കുന്നുണ്ട്. പരാതിയിൽ സൈബർ സെല്ലിെൻറ സഹായം തേടിയതായി അന്വേഷണ ഉദ്യോഗസ്ഥനായ ബി.എം. ഷാഫി അറിയിച്ചു. റിപ്പോർട്ട് കിട്ടുന്ന മുറക്ക് സജിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. സംഭവത്തിൽ കൂടുതൽ പേരുണ്ടോയെന്ന സംശയവും പൊലീസിനുണ്ട്.