ബംഗളൂരു: മയക്കുമരുന്നുകേസിൽ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി)യുടെയും ബംഗളൂരു പൊലീസിലെ സെൻട്രൽ ക്രൈംബ്രാഞ്ചിെൻറ (സി.സി.ബി)യും സമാന്തര അന്വേഷണം രാഷ്ട്രീയതലത്തിലേക്ക് നീളുന്നു. മുംബൈയിൽ എൻ.സി.ബി രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസിൽ കോൺഗ്രസ് നേതാവിെൻറ മകനെ ചോദ്യംചെയ്യും. ബംഗളൂരു കോർപറേഷനിലെ കോൺഗ്രസ് കൗൺസിലർ കേശവമൂർത്തിയുടെ മകൻ യശസ്സിന് തിങ്കളാഴ്ച രാവിലെ 11ന് മുംബൈ എൻ.സി.ബി ഒാഫിസിൽ ഹാജരാവാൻ നോട്ടീസ് നൽകി.
ഞായറാഴ്ച മുംബൈയിലെയും ബംഗളൂരുവിലെയും എൻ.സി.ബി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കേശവമൂർത്തിയുടെ ബംഗളൂരു മഹാലക്ഷ്മിപുരത്തെ വീട്ടിൽ റെയ്ഡ് നടന്നു. ഇൗ സമയം യശസ്സ് വീട്ടിലുണ്ടായിരുന്നില്ല. മകൻ മുംൈബയിലാണെന്ന് പിതാവ് അന്വേഷണ സംഘത്തെ അറിയിച്ചു.
അതേസമയം, സി.സി.ബി അന്വേഷിക്കുന്ന ബംഗളൂരു മയക്കുമരുന്ന് കേസ് കർണാടകയിലെ ബി.ജെ.പി സർക്കാറിനെയും പ്രതിരോധത്തിലാക്കി. അറസ്റ്റിലായ നടി രാഗിണി ദ്വിവേദി ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പെങ്കടുക്കുന്നതിെൻറ ചിത്രങ്ങൾ പുറത്തുവന്നു. നടിയും ബി.ജെ.പി നേതാക്കളും തമ്മിലെ ബന്ധവും അന്വേഷണവിധേയമാക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
അന്തരിച്ച ജനതാദൾ നേതാവും മുൻ കർണാടക മന്ത്രിയുമായ ജീവരാജ് ആൽവയുടെ മകൻ ആദിത്യ ആൽവ (31) പ്രതിപ്പട്ടികയിലുൾപ്പെട്ടതാണ് മറ്റൊരു വിവാദം. ബോളിവുഡ് നടൻ വിവേക് ഒബ്റോയിയുടെ ഭാര്യാസഹോദരൻ കൂടിയാണ് ആദിത്യ ആൽവ. പ്രിയങ്ക ആൽവയാണ് ഒബ്റോയിയുടെ ഭാര്യ. ആദിത്യയുടെ മാതാവ് നന്ദിനി ആൽവ ജെ.ഡി.എസ് സ്ഥാനാർഥിയായി 2014ൽ ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു.
മയക്കുമരുന്ന് കേസിൽ സംസ്ഥാനത്തെ ഉന്നത രാഷ്ട്രീയ കുടുംബത്തിലെ അംഗത്തിന് ബന്ധമുണ്ടെന്ന് ആദിത്യയുടെ പേരുസൂചിപ്പിക്കാതെ കന്നട ഫിലിം വിതരണക്കാരനായ പ്രശാന്ത് സംപറഗി വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ആഗസ്റ്റിൽ കർണാടകയിലെ ഒരു രാഷ്ട്രീയ നേതാവിെൻറ അസോസിയേറ്റിനായി ആന്ധ്രയിൽനിന്ന് 204 കിലോ കഞ്ചാവ് കടത്തുന്നത് സംബന്ധിച്ച് സി.സി.ബിക്ക് രഹസ്യവിവരം ലഭിച്ചതിനെ തുടർന്നുള്ള അന്വേഷണമാണ് ബംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന വൻ മയക്കുമരുന്ന് ഇടപാടുകളെ കുറിച്ച വിവരങ്ങൾ പുറത്തുവരാൻ സഹായിച്ചത്.