ന്യൂഡൽഹി: ബി.ജെ.പി അധികാരത്തിലെത്തിയാൽ ബിഹാറിലെ ജനങ്ങൾക്കെല്ലാം സൗജന്യമായി കോവിഡ് വാക്സിൻ നൽകുമെന്ന ബി.ജെ.പിയുടെ പ്രകടനപ്രതികയിലെ വാഗ്ദാനത്തിനെതിരെ രൂക്ഷ വിമർശനവുമായി നേതാക്കൾ. ബി.ജെ.പി ഭരണമില്ലാത്ത സംസ്ഥാനങ്ങളുടെ അവസ്ഥ എന്താകുമെന്ന് ആം ആദ്മി പാർട്ടി ട്വിറ്ററിലൂടെ ആരാഞ്ഞു. ബി.ജെ.പിക്കെതിരെ വോട്ട് ചെയ്ത ഇന്ത്യക്കാർക്ക് സൗജന്യമായി കോവിഡ് വാക്സിൽ ലഭിക്കില്ലേ എന്നും എ.എ.പി ട്വീറ്റ് ചെയ്തു.
കോവിഡ് -19 വാക്സിൻ വൻതോതിൽ ഉൽപ്പാദിപ്പിക്കുന്നതിന് ലഭ്യമായാൽ, ബിഹാറിലെ ഓരോ വ്യക്തിക്കും സൗജന്യ വാക്സിനേഷൻ ലഭിക്കുമെന്ന് പ്രകടന പത്രിക പുറത്തിറക്കിക്കൊണ്ട് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞിരുന്നു. ഇന്ത്യയിൽ ഉൾപ്പെടെ വാക്സിൻ പരീക്ഷണം അവസാനഘട്ടത്തിൽ എത്തിനിൽക്കെ കേന്ദ്രമന്ത്രിയുടെ ഇത്തരം പരാമർശത്തിനെതിരെയാണ് സോഷ്യൽ മീഡയയിൽ രോഷം പുകയുന്നത്.
വിമർശനങ്ങൾ രൂക്ഷമായതോടെ മറുപടിയുമായി ബി.ജെ.പിയുടെ ഐ.ടി സെൽ അംഗം അമിത് മാൽവിയ രംഗത്തെത്തി. ബി.ജെ.പിയുടെ പ്രകടനപത്രികയിൽ കോവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന വാഗ്ദാനമുണ്ട്. എല്ലാ പദ്ധതികളെയും പോലെ കേന്ദ്രം മിതമായ നിരക്കിൽ സംസ്ഥാനങ്ങൾക്ക് വാക്സിനുകൾ നൽകും. അത് സൗജന്യമായി നൽകണോ വേണ്ടയോ എന്നത് സംസ്ഥാന സർക്കാരുകൾ തീരുമാനിക്കാവുന്നതാണ്. സംസ്ഥാനത്തെ ആരോഗ്യത്തിന് പ്രാധാന്യമെന്ന് കരുതുന്നതിനാൽ ബിഹാർ ബി.ജെ.പി അത് സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു- അമിത് വിശദീകരിച്ചു.
എന്നാൽ വാക്സിൻ വിതരണത്തെ കുറിച്ചോ വിലയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കോ കേന്ദ്ര സർക്കാർ ഇതുവരെ ഉത്തരം നൽകിയിട്ടില്ല. വാക്‌സിനുകൾ സംഭരിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള തയാറെടുപ്പുകൾ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ നിരവധി യോഗങ്ങൾ നടന്നിരുന്നു.