Monday, December 30, 2024
Google search engine
HomeIndiaബിസിസിഐയെ‌ ‘രക്ഷിക്കാൻ’ ബാബാ രാംദേവ്? വിവോയ്ക്കു പകരം പതഞ്ജലി?

ബിസിസിഐയെ‌ ‘രക്ഷിക്കാൻ’ ബാബാ രാംദേവ്? വിവോയ്ക്കു പകരം പതഞ്ജലി?

ന്യൂഡൽഹി∙ രാഷ്ട്രീയ കാരണങ്ങളാൽ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) ടൈറ്റിൽ സ്പോൺസർഷിപ്പിൽനിന്ന് ചൈനീസ് കമ്പനിയായ വിവോ പിൻമാറിയതോടെ പ്രതിസന്ധിയിലായ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനെ (ബിസിസിഐ) രക്ഷിക്കാൻ വിവാദ യോഗാ ഗുരു ബാബാ രാംദേവ് അവതരിക്കുമോ? വിവിധ ദേശീയ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട റിപ്പോർട്ടുകൾ വിശ്വസിച്ചാൽ ഈ വർഷത്തെ ഐപിഎല്ലിന്റെ ടൈറ്റിൽ സ്പോൺസർഷിപ്പിനായി ബാബാ രാംദേവിന്റെ പതഞ്ജലിയും രംഗത്ത്! വിവോയുടെ അവസാന നിമിഷത്തെ പിൻമാറ്റത്തെ തുടർന്ന് പുതിയ ടൈറ്റിൽ സ്പോൺസറെ കണ്ടെത്താൻ ബിസിസിഐ തീവ്രശ്രമം തുടരുന്നതിനിടെയാണ് പതഞ്ജലിയുടെ രംഗപ്രവേശം.

‘ഈ വർഷത്തെ ഐപിഎൽ ടൈറ്റിൽ സ്പോൺസർഷിപ്പ് ഏറ്റെടുക്കുന്ന കാര്യം ഞങ്ങൾ ഗൗരവമായി പരിഗണിക്കുന്നുണ്ട്. അതുവഴി ആഗോള വിപണിയിൽ പതഞ്ജലിക്ക് മുന്നേറ്റമുണ്ടാക്കാനാകുമെന്നാണ് പ്രതീക്ഷ’ – പതഞ്ജലി വക്താവ് വ്യക്തമാക്കി. ഇക്കാര്യത്തിൽ ബിസിസിഐയ്ക്കു മുന്നിൽ പ്രപ്പോസൽ അവതരിപ്പിക്കുന്ന കാര്യവും പരിഗണനയിലാണെന്ന് അദ്ദേഹം അറിയിച്ചു. പ്രതിവർഷം 440 കോടി രൂപയാണ് ടൈറ്റിൽ സ്പോൺസറെന്ന നിലയിൽ വിവോ ബിസിസിഐയ്ക്ക് നൽകിയിരുന്നത്. പതഞ്ജലി സ്പോൺസർഷിപ്പ് ഏറ്റെടുത്താലും ഇതേ തുക നൽകാൻ അവർക്കാകുമോ എന്ന് കണ്ടറിയണം.

ഇന്ത്യ–ചൈന അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ദേശീയതാ വാദമുയർന്നതോടെയാണ് ഐപിഎൽ ടൈറ്റിൽ സ്പോൺസർഷിപ്പിൽനിന്ന് ചൈനീസ് കമ്പനിയായ വിവോ പിൻമാറിയത്. തൽസ്ഥാനത്ത് ഇന്ത്യൻ ദേശീയത ഉയർത്തിപ്പിടിക്കുന്നുവെന്ന് അവകാശപ്പെടുന്ന പതഞ്ജലിയുടെ വരവ് ഐപിഎല്ലിനേക്കാൾ അവർക്കു തന്നെയാണ് പ്രയോജനപ്പെടുകയെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ചൈനീസ് കമ്പനിയായ വിവോ പിൻമാറിയതോടെ ഐപിഎൽ സ്പോൺസറെത്തേടിയുള്ള ബിസിസിഐയുടെ അന്വേഷണം ഊർജിതമായി തുടരുകയാണ്. മുംൈബ ഇന്ത്യൻസ് ടീം മാനേജ്മെന്റ് വഴി റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡിനെ ബിസിസിഐ ബന്ധപ്പെട്ടെങ്കിലും ഇപ്പോൾ താൽപര്യമില്ലെന്ന മറുപടിയാണു ലഭിച്ചതെന്നു ചില ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ആമസോൺ, ബൈജൂസ് ആപ്, ഡ്രീം11 എന്നിവയ്ക്കു പുറമേ പേയ് ടിഎം, ടാറ്റാ മോട്ടോഴ്സ് എന്നിവയെയും സ്പോൺസർഷിപ് പ്രതീക്ഷയുമായി ബിസിസിഐ സമീപിച്ചതായി സൂചനകളുണ്ട്. എന്നാൽ, ഇതുവരെയും അനുകൂല പ്രതികരണം ഒരുഭാഗത്തുനിന്നും ഉണ്ടായിട്ടില്ലത്രേ.

∙ പരസ്യത്തുക കുറയുംപുതിയ സ്പോൺസറെ കിട്ടിയാലും കരാർ തുക കാര്യമായി കുറയുമെന്ന ആശങ്കയും ബിസിസിഐക്കുണ്ട്. ഓരോ വർഷവും 440 കോടി രൂപ വീതം നൽകുന്ന രീതിയിൽ 5 വർഷത്തേക്കായിരുന്നു വിവോയുമായി കരാർ. തുടക്കത്തിൽ ഐപിഎല്ലിന്റെ ടൈറ്റിൽ സ്പോൺസറായിരുന്ന ഡിഎൽഎഫ് വർഷം 40 കോടി രൂപയ്ക്കാണു കരാർ ഏറ്റെടുത്തിരുന്നത് (5 വർഷത്തേക്ക് ആകെ 200 കോടിയുടെ കരാർ). പിന്നീടു പെപ്സി വന്നപ്പോൾ തുക ഇരട്ടിയായി.

ഓരോ വർഷവും 80 കോടി വീതം ബിസിസിഐക്ക് (5 വർഷത്തേക്കു 400 കോടി രൂപയുടെ കരാർ). പിന്നീടാണു 440 കോടി ഓരോ വർഷവും നൽകി വിവോ വന്നത്. എന്നാൽ വിവോ പോയതോടെ, 200 കോടിയെങ്കിലും ഈ സീസണിൽ നൽകാൻ പറ്റുന്നവരെയാണു ബിസിസിഐ തേടുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com