മഡ്രിഡ്: മെസ്സിയുടെ ‘പോക്കുവരവ്’ ചർച്ചകളിൽ മുങ്ങിയ ഇടവേളക്കു ശേഷം ലാ ലിഗയിലും യൂറോപ്യൻ ലീഗിൽ വൻവീഴ്ചകൾക്കു ശേഷം പ്രിമിയർ ലീഗിലും വീണ്ടും ആവേശം പന്തുതട്ടാനൊരുങ്ങുന്നു. പ്രിമിയർ ലീഗിൽ ആദ്യ ദിനം ചാമ്പ്യൻമാരായ ലിവർപൂൾ ഇറങ്ങുമെങ്കിൽ ലാ ലിഗയിൽ വമ്പൻ പോരുകൾക്ക് കാത്തിരിക്കണം. ഇംഗ്ലണ്ടിൽ ശനിയാഴ്ച ലിവർപൂളിന് സ്വന്തം തട്ടകത്തിൽ ലീഡ്സാണ് എതിരാളി. ആഴ്സണൽ ഫുൾഹാമിനെയും സതാംപ്റ്റൺ ക്രിസ്റ്റൽ പാലസിനെയും നേരിടും. വലിയ മീനുകളുമായി ട്രാൻസ്ഫർ സീസണിൽ എതിരാളികൾ കരുത്തുകൂട്ടിയതിനാൽ ചെമ്പടക്ക് ഇത്തവണ കിരീടം നിലനിർത്താൻ കൂടുതൽ വിയർക്കേണ്ടിവരും.
അതേ സമയം, ലാ ലിഗയിൽ യൂറോപ ലീഗ് ചാമ്പ്യൻ വലൻസിയയാണ് ആദ്യമിറങ്ങുന്ന ടീമുകളിലൊന്ന്. അവരുടെ സ്വന്തം തട്ടകത്തിൽ ലെവാൻറിനെതിരെയാണ് മത്സരം. തുടക്കം ഉജ്ജ്വലമാക്കിയ വലൻസിയ കഴിഞ്ഞ സീസണിൽ രണ്ടാം പാതിയിൽ മുടന്തി പിറകോട്ടുപോകുകയായിരുന്നു. മുൻനിര താരങ്ങളായ റോഡ്രിഗോ, ഫെറാൻ ടോറസ്, ഡാനി പരിയോ എന്നിവർ േപായ ടീം കൂടുതൽ ദുർബലമാകുമെന്ന ആധിയുമുണ്ട്. അതേദിവസം രണ്ടാമത്തെ മത്സരം ഗ്രനഡയും അത്ലറ്റിക് ക്ലബും തമ്മിലാണ്.
ലയണൽ മെസി ‘തിരിച്ചെത്തിയ’ ബാഴ്സലോണയുടെ ആദ്യ രണ്ട് റൗണ്ട് മത്സരങ്ങൾ നീട്ടിയതിനാൽ മാസാവസാനമാകും ഇറങ്ങുക. ലൂയി സുവാരസ്, ഇവാൻ റാകിറ്റിച് ഉൾപെടെ താരങ്ങൾ ടീം വിട്ടത് ക്ഷീണമാകുമോ എന്ന് കാത്തിരുന്ന് കാണണം. അർതുറോ വിദാൽ, സാമുവൽ ഉംറ്റിറ്റി തുടങ്ങിയവരും ടീമിൽ തുടർന്നേക്കില്ല.
നിലവിലെ ചാമ്പ്യന്മാരായ റയൽ മഡ്രിഡ് രണ്ടാം റൗണ്ടിൽ ഇറങ്ങും. വെറ്ററൻ താരങ്ങളായ കരീം ബെൻസേമ, എഡൻ ഹസാർഡ്, ലൂക മോഡ്രിച്, ടോണി ക്രൂസ്, സെർജിയോ റാമോസ് തുടങ്ങിയവർ തന്നെയാണ് ഇത്തവണയും ടീമിെൻറ നെടുംതൂണുകൾ. മറ്റു പ്രമുഖ ടീമുകളായ അത്ലറ്റികോ മഡ്രിഡ്, സെവിയ്യ ക്ലബുകളുടെ പ്രകടനം കാണാൻ മൂന്നാം റൗണ്ടുവരെ കാത്തിരിക്കണം. എൽച്ചെ, കാഡിസ് ക്ലബുകളാണ് കയറ്റം ലഭിച്ച് ഇത്തവണ ലാ ലിഗയിലെത്തിയത്.