തിരുവനന്തപുരം: പ്രവാസികള്‍ കൂടുതലായി എത്തിത്തുടങ്ങിയതോടെ ക്വാറൻറീന് വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കുന്നതിനുള്ള വ്യവസ്ഥകളും മാര്‍ഗനിര്‍ദേശങ്ങളും പുതുക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. കേന്ദ്ര മാനദണ്ഡങ്ങള്‍ക്കനുസരിച്ചും നേരത്തേ സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച നിർദേശങ്ങളുടെ തുടര്‍ച്ചയായുമാണ് ദുരന്ത നിവാരണ വകുപ്പ് പുതിയ ഉത്തരവിറക്കിയത്.
•പണം കൊടുത്തുള്ള ക്വാറൻറീനിലും സര്‍ക്കാറിെൻറ ഇന്സ്റ്റിറ്റ്യൂഷനിലുമുള്ളവര്ക്ക് എല്ലാ സൗകര്യങ്ങളും ഉറപ്പാക്കേണ്ടത് റവന്യൂ, പൊലീസ്, തദ്ദേശഭരണ വിഭാഗങ്ങളാണ്. ഹോം ക്വാറൻറീനില്‍ പോകുന്നവര്‍ വീട്ടിലും തങ്ങുന്ന മുറിയിലും പാലിക്കേണ്ട വ്യവസ്ഥകളും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
വിദേശത്തു നിന്നുള്ള പ്രവാസികൾക്കും ഒാൺലൈൻ രജിസ്ട്രേഷൻ നിർബന്ധം
തിരുവനന്തപുരം: വിദേശത്തുനിന്ന് മടങ്ങുന്ന പ്രവാസികൾക്കും സംസ്ഥാന സർക്കാറിെൻറ കോവിഡ് ജാഗ്രത പോർട്ടൽ വഴിയുള്ള രജിസ്ട്രേഷൻ നിർബന്ധമാക്കി സർക്കാർ ഉത്തരവ്. നിലവിൽ ഇതര സംസ്ഥാനങ്ങളിൽനിന്ന് മടങ്ങുന്നവർക്ക് മാത്രമാണ് കോവിഡ് ജാഗ്രത പോർട്ടൽ വഴിയുള്ള രജിസ്ട്രേഷൻ. പ്രവാസികൾ മടക്ക ടിക്കറ്റ് ലഭിച്ചാലുടൻ https://covid19jagratha.nic.in എന്ന പോർട്ടൽ വഴി സ്വയം രജിസ്റ്റർ ചെയ്യണം. covid19jagrathaportalൽ public services എന്ന ലിങ്കിൽ International Returnees എന്ന മെനു തെരഞ്ഞെടുത്ത് വിവരങ്ങൾ രേഖപ്പെടുത്തി സബ്മിറ്റ് ചെയ്യണം. പ്രവാസികൾക്ക് ഇന്ത്യയിലുള്ള സുഹൃത്തുക്കൾ/ ബന്ധുക്കൾ വഴിയും രജിസ്ട്രേഷൻ നടത്തി യാത്രക്കുള്ള പെർമിറ്റ് നമ്പർ നേടാം. ചാർട്ടർ ചെയ്ത വിമാനങ്ങളിൽ യാത്ര ചെയ്യുന്നവരാണെങ്കിൽ വിമാനം ഒരുക്കുന്നവർക്കായിരിക്കും രജിസ്ട്രേഷെൻറ ഉത്തരവാദിത്തം. പോർട്ടൽ വഴിയുള്ള രജിസ്ട്രേഷനിലൂടെ ലഭിക്കുന്ന വിവരങ്ങൾ ഉപയോഗിച്ച് തദ്ദേശ സ്ഥാപനങ്ങൾ പ്രവാസികളുടെ ഹോം ക്വാറൻറീൻ സൗകര്യം മുൻകൂട്ടി ഉറപ്പാക്കണം. തദ്ദേശ സ്ഥാപനങ്ങളുടെ റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തി ഏതുതരം ക്വാറൻറീൻ വേണമെന്ന് ജില്ല കലക്ടർക്ക് തീരുമാനിക്കാം.
ഇടപെടേെണ്ടന്ന് സി.പി.എം
തിരുവനന്തപുരം: വിദേശരാജ്യങ്ങളിൽനിന്ന് മടങ്ങിവരുന്നവർക്ക് കോവിഡ് ടെസ്റ്റ് നിർബന്ധമാക്കിയ സർക്കാർ നടപടിയിൽ ഇടപെടേണ്ടതില്ലെന്ന് സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ്. വൈകാരിക വിഷയമാക്കി അവതരിപ്പിച്ച് രാഷ്ട്രീയനേട്ടം കൊയ്യാനുള്ള യു.ഡി.എഫിെൻറയും രാഷ്ട്രീയ എതിരാളികളുടെയും ശ്രമത്തിെനതിരെ ജാഗ്രത പുലർത്തണമെന്നും യോഗം വിലയിരുത്തി. സർക്കാർതലത്തിൽ തീരുമാനം എടുക്കുമെന്ന് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചു. വിഷയത്തിൽ പാർട്ടി ഇടപെട്ട് അഭിപ്രായം പറയേണ്ടതില്ലെന്ന വിലയിരുത്തലാണ് യോഗത്തിൽ ഉണ്ടായത്. സർക്കാർ ഇതുവരെ സ്വീകരിച്ചത് മികച്ച നടപടികളാണ്. അത്തരത്തിൽ ഇതും കൈകാര്യം ചെയ്യാൻ സർക്കാറിനെ അനുവദിക്കുകയെന്ന വികാരമാണ് അംഗങ്ങൾ പ്രകടിപ്പിച്ചത്. സർക്കാറിെൻറ നടപടികളെ വിവാദത്തിലാക്കുന്നതോ പിന്നോട്ടടിക്കുന്നതോ ആയ പ്രസ്താവനകൾ സ്വീകരിക്കേണ്ടന്നും ധാരണയായി.