Monday, November 18, 2024
Google search engine
HomeIndiaപ്രണബ് മുഖർജി; വിടവാങ്ങിയത് അഞ്ച് പതിറ്റാണ്ടിന്‍റെ രാഷ്ട്രീയ ജീവിതം

പ്രണബ് മുഖർജി; വിടവാങ്ങിയത് അഞ്ച് പതിറ്റാണ്ടിന്‍റെ രാഷ്ട്രീയ ജീവിതം

അഞ്ച് പതിറ്റാണ്ടോളം രാജ്യത്തെ മുഖ്യധാരാ രാഷ്ട്രീയത്തിൽ തിളങ്ങിനിന്ന ചരിത്രമാണ് പ്രണബ് കുമാർ മുഖർജിക്കുള്ളത്. എതിരാളികൾ പോലും ബഹുമാനിക്കുന്ന വ്യക്തിത്വമായി പ്രണബിനെ വളർത്തിയെടുത്തത് രാഷ്ട്രീയക്കളരിയിലെ ഈ പരിചയസമ്പന്നത തന്നെ. ഇന്ത്യയുടെ പ്രഥമ പൗരൻ സ്ഥാനത്തേക്കും ഏറ്റവും ഉയർന്ന സിവിലിയൻ പുരസ്കാരമായ ഭാരത രത്ന അംഗീകാരത്തിനും പ്രണബിനെ യോഗ്യനാക്കിയത് അനിഷേധ്യമായ ഈ സ്വീകാര്യതയാണ്. ബംഗാളിലെ ഒരു സാധാരണ ഗ്രാമത്തിൽ നിന്ന് ഇന്ത്യൻ ഭരണകേന്ദ്രങ്ങളുടെ മട്ടുപ്പാവിലേക്ക് നടന്നുകയറുകയായിരുന്നു അദ്ദേഹം

ശക്തനായ പ്രഭാഷകനും ചിന്തകനും രാഷ്ട്രീയതന്ത്രജ്ഞനുമായ പ്രണബ് ഇന്ത്യയുടെ 13ാമത് രാഷ്ട്രപതിയായ തെരഞ്ഞെടുക്കപ്പെടുന്നത് വരെ കോൺഗ്രസ് പാർട്ടിയുടെ മുന്നണിപ്പോരാളിയായിരുന്നു. മാറിമാറി വന്ന കോൺഗ്രസ്, യു.പി.എ ഭരണകാലങ്ങളിൽ പ്രതിരോധം, ധനകാര്യം, വിദേശകാര്യം, വാണിജ്യം, ഷിപ്പിംഗ്, വ്യവസായം എന്നീ വകുപ്പുകളുടെ മന്ത്രി പദവികൾ വഹിച്ചിരുന്നു. 1984ൽ യൂറോ മണി മാസിക നടത്തിയ സർവേയിൽ ലോകത്തിലെ ഏറ്റവും മികച്ച ധനമന്ത്രിയായിരുന്നു അദ്ദേഹം.

1935 ഡിസംബർ 11ന് കിർണാഹർ ടൗണിനടുത്ത് മിറാത്തി ഗ്രാമത്തിലാണ് പ്രണബിന്‍റെ ജനനം. അച്ഛൻ സ്വാതന്ത്ര്യസമരസേനാനിയും എ.ഐ.സി.സി. അംഗവുമായിരുന്ന കമദ കിങ്കർ മുഖർജി. അമ്മ രാജലക്ഷ്മി. കൊൽക്കത്ത സർവകലാശാലയിൽനിന്ന് ചരിത്രം, രാഷ്ട്രമീമാംസ, നിയമം എന്നീ വിഷയങ്ങളിൽ ബിരുദങ്ങൾ കരസ്ഥമാക്കി.

ബംഗ്ലാ കോൺഗ്രസ്സിലൂടെയായിരുന്നു പ്രണബിന്‍റെ രാഷ്ട്രീയ ഗോദയിലേക്കുള്ള ചുവടുവെപ്പ്. പ്രണബിന്‍റെ ചടുതലയും ഇച്ഛാശക്തിയും തിരിച്ചറിഞ്ഞ ഇന്ദിരാഗാന്ധിയാണ് ദേശീയ രാഷ്ട്രീയമെന്ന വിശാലമായ ലോകത്തേക്ക് ഇദ്ദേഹത്തെ നയിച്ചത്. 1969ൽ തന്‍റെ 35ാം വയസ്സിൽ കോൺഗ്രസിന്‍റെ രാജ്യസഭാംഗമായി. 1973ൽ കേന്ദ്ര വ്യവസായ സഹമന്ത്രിയായി. പിന്നീട് ഇന്ദിര മന്ത്രിസഭയിൽ ധനമന്ത്രിയായ അദ്ദേഹം കേന്ദ്ര സർക്കാറിൽ മാത്രമല്ല, കോൺഗ്രസ്സിന്‍റെ രാഷ്ട്രീയ നയരൂപവത്കരണത്തിന്‍റെയും മുഖ്യസൂത്രധാരനായി മാറുകയായിരുന്നു. 1975, 1981, 1993, 1999 വർഷങ്ങളിൽ രാജ്യസഭയിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.

ഇന്ദിരാഗാന്ധിയുടെ വിശ്വസ്തനായി മാറിയ പ്രണബ് 1975ലെ അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരയുടെ കൂടെ അടിയുറച്ചു നിന്നു. 1979ൽ രാജ്യസഭയിലെ കോൺഗ്രസ് ഡെപ്യൂട്ടി നേതാവായി. 1984ൽ ഇന്ദിരയുടെ മരണശേഷം കോൺഗ്രസിൽ അധികാര വടംവലികൾ രൂക്ഷമായതോടെ പ്രണബ് പിന്തള്ളപ്പെട്ടു. ഇടയ്ക്കുവെച്ച് പാർട്ടിയോട് പിണങ്ങി രാഷ്ട്രീയ സമാജ് വാദി കോൺഗ്രസ് രൂപീകരിച്ചു. പിണങ്ങിനിന്ന പ്രണബിനെ പിന്നീട് നരസിംഹറാവു ആസൂത്രണക്കമ്മീഷൻ വൈസ്‌ചെയർമാനായി തിരിച്ചെത്തിക്കുകയായിരുന്നു. തന്‍റെ മന്ത്രിസഭയിൽ വിദേശകാര്യമന്ത്രി സ്ഥാനവും നൽകി.

രാജീവ് ഗാന്ധി വധത്തിന് ശേഷമാണ് പ്രണബ് കോൺഗ്രസിൽ വീണ്ടും സജീവമാകുന്നത്. സോണിയ ഗാന്ധി മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമ്പോൾ അടിയുറച്ച അനുയായിയും മാർഗദർശകനുമായി പ്രണബ് ഉണ്ടായിരുന്നു. 1998-99ൽ സോണിയ ഗാന്ധി കോൺഗ്രസ് അധ്യക്ഷയായി സ്ഥാനമേൽക്കുമ്പോൾ പ്രണബ് എ.ഐ.സി.സി ജനറൽ സെക്രട്ടറിയായി.

2004ൽ പശ്ചിമബംഗാളിലെ ജങ്കിർപ്പുർ മണ്ഡലത്തിൽനിന്നാണ് ആദ്യമായി ലോക്‌സഭയിലെത്തിയത്.

ഒന്നാം യു.പി.എ സർക്കാർ അധികാരത്തിലേറുമ്പോൾ പ്രണബ് മുഖർജി പ്രധാനമന്ത്രിയായേക്കുമെന്നായിരുന്നു അഭ്യൂഹങ്ങൾ. എന്നാൽ, മൻമോഹൻസിങ്ങാണ് പ്രധാനമന്ത്രി പദത്തിലേറിയത്. പ്രണബ് ഭരണപക്ഷത്തെ പ്രധാനിയായി. മൻമോഹൻ സിങ്ങിന്‍റെ അഭാവത്തിൽ മന്ത്രിസഭാ യോഗങ്ങൾക്ക് നേതൃത്വം നൽകിയത് പ്രണബായിരുന്നു. യു.പി.എ സർക്കാറിൽ പ്രതിരോധം, ധനകാര്യം, വിദേശകാര്യം വകുപ്പുകൾ കൈകാര്യം ചെയ്തു. വിവാദമായ ഇന്ത്യ-അമേരിക്ക ആണവക്കരാർ യാഥാർഥ്യമാകുന്നതിലും ന്യൂക്ലിയർ സപ്ലേഴ്സ് ഗ്രൂപ്പിൽനിന്ന് ഇന്ത്യക്ക് ഇളവ് ലഭിക്കുന്നതിലും പ്രണബ് നിർണായക ഇടപെടൽ നടത്തിയിരുന്നു. അമേരിക്കയുമായി ഒരു നല്ല ബന്ധം തുടർന്നുപോരുന്നതിനൊപ്പം തന്നെ റഷ്യയുമായി ആയുധവ്യാപാരങ്ങൾ ഇന്ത്യ പ്രണബിന്‍റെ നേതൃത്വത്തിൽ ചെയ്തിരുന്നു.

ബംഗ്ലാദേശിലും സ്വീകാര്യനായിരുന്നു പ്രണബ്. ഭാര്യ സർവ മുഖർജീയുടെ ജന്മസ്ഥലം ബംഗ്ലാദേശാണ്. 10ാം വയസിൽ ഇവർ കൊൽക്കത്തയിലേക്ക് കുടിയേറുകയായിരുന്നു. 1971 ലെ ബംഗ്ലാദേശ് വിമോചനയുദ്ധത്തിലെ ഇടപെടലുകൾ മുൻനിർത്തി 2013ൽ വിദേശ സുഹൃത്ത് ബഹുമതി നൽകി ബംഗ്ലാദേശ് പ്രണബിനെ ആദരിച്ചു. 2012ലെ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ 69.31 ശതമാനം വോട്ട് നേടിയാണ് പ്രണബ് ഇന്ത്യയുടെ പ്രഥമ പൗരനായത്. പി.എ.സാങ്മയെയാണ് പരാജയപ്പെടുത്തിയത്. രാഷ്ട്രപതിയായിരുന്ന അഞ്ച് വര്‍ഷത്തിനിടയില്‍ പല രാഷ്ട്രീയവിഷയങ്ങളും രാജ്യത്തിനകത്ത് ഉയര്‍ന്നു വന്നെങ്കിലും പ്രഥമപൗരന്‍ എന്ന പദവിയുടെ അന്തസ്സ് കാത്തുസൂക്ഷിച്ച് ഔദ്യോഗികകാര്യങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാണ് പ്രണബ് മുഖര്‍ജി പ്രവര്‍ത്തിച്ചത്. 2019ൽ രാജ്യത്തിന്‍റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന നൽകി രാജ്യം പ്രണബിനെ ആദരിച്ചു. 2008ൽ പത്മവിഭൂഷണും ലഭിച്ചിരുന്നു

2018 ജൂണിൽ പ്രണബ് മുഖർജി നാഗ്പൂരിലെ ആർ.എസ്.എസ് ആസ്ഥാനം സന്ദർശിച്ച് ആര്‍.എസ്.എസ് സ്ഥാപകന്‍ കെ.ബി.ഹെഡ്ഗേവറിനെ പുകഴ്ത്തിയത് ഏറെ കോളിളക്കം സൃഷ്ടിച്ചു. ഹെഡ്ഗേവര്‍ ഇന്ത്യയുടെ മഹത് പുത്രനാണെന്നും അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിക്കാനാണ് ഞാന്‍ ഇവിടെ എത്തിയതെന്നും പ്രണബ് സന്ദർശക ഡയറിയിൽ കുറിച്ചിരുന്നു. ഇത് വലിയ വിമർശനത്തിന് വഴിവെക്കുകയും ചെയ്തു. 2010ല്‍ ബുരാരിയില്‍ നടന്ന കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ ആർ.എസ്.എസിനെതിരെ രാഷ്ട്രീയ പ്രമേയം കൊണ്ടുവന്ന വ്യക്തിയായ പ്രണബ് മുഖര്‍ജി എട്ട് വർഷത്തിനിപ്പുറം ആർ.എസ്.എസ് ക്ഷണം സ്വീകരിച്ചത് കോൺഗ്രസിന് ക്ഷീണമായി. ബിയോണ്ട് സർവൈവൽ, എമർജിങ് ഡൈമൻഷൻസ് ഓഫ് ഇന്ത്യൻ ഇക്കണോമി, ചാലഞ്ച് ബിഫോർ ദ് നാഷൻ/ സാഗ ഓഫ് സ്ട്രഗ്ൾ ആൻഡ് സാക്രിഫൈസ് തുടങ്ങി ഒട്ടേറെ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

പ്രണബ് രാഷ്ട്രപതി സ്ഥാനത്തുനിന്ന് പടിയിറങ്ങുമ്പോൾ കോൺഗ്രസ് പാർട്ടി അതുവരെ കാണാത്ത രാഷ്ട്രീയ പ്രതിസന്ധിയിൽ ഉഴലുകയായിരുന്നു. പ്രണബ് തിരികെ സജീവരാഷ്ട്രീയത്തിലേക്ക് വരണമെന്ന് ഓരോ കോൺഗ്രസുകാരും പ്രതീക്ഷിച്ചിട്ടുണ്ടാകും. പക്ഷേ, അതുണ്ടായില്ല. അഞ്ച് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതത്തിൽ കോൺഗ്രസ് പാർട്ടിയുടെ ഉയർച്ചതാഴ്ചകളെല്ലാം കൺമുന്നിൽ കണ്ടാണ് പ്രണബ് മുഖർജിയുടെ മടക്കം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com