പെട്ടിമുടി (മൂന്നാർ) ∙ രാജമല പെട്ടിമുടി ഉരുൾപൊട്ടലിൽ ആറു പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. നയ്മക്കാട് എസ്റ്റേറ്റിൽ തൊഴിലാളികളുടെ ലയത്തിനു സമീപമുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം ഇതോടെ 49 ആയി. പെട്ടിമുടി പുഴയിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. എസ്റ്റേറ്റ് ഉടമകളായ കണ്ണൻദേവൻ കമ്പനിയുടെ കണക്കനുസരിച്ച് 22 പേരെ ഇനി കണ്ടെത്താനുണ്ട്. വ്യാഴാഴ്ച രാത്രിയുണ്ടായ ഉരുൾപൊട്ടലിൽ ഉൾപ്പെട്ട ലയങ്ങളിൽനിന്നു 12 പേർ മാത്രമാണു രക്ഷപ്പെട്ടത്.
തിരച്ചിലിന്റെ മൂന്നാം ദിനമായ ഞായറാഴ്ച 8 മൃതദേഹങ്ങൾ പുഴയിൽ നിന്നും 9 മൃതദേഹങ്ങൾ ചെളിയിൽ നിന്നും കണ്ടെടുത്തിരുന്നു. പോസ്റ്റ്‌മോർട്ടത്തിനു ശേഷം എല്ലാവരുടെയും സംസ്കാരം നടത്തി. ഞായറാഴ്ച കനത്ത മഴയും മൂടൽ മഞ്ഞും മൂലം തിരച്ചിൽ വൈകിട്ട് 5.30ന് നിർത്തിവച്ചു. തുടർന്ന് തിങ്കളാഴ്ച തിരച്ചിൽ പുനരാരംഭിക്കുകയായിരുന്നു. പൊലീസ് നായകളെ ഉപയോഗിച്ചുള്ള തിരച്ചിലും ഞായറാഴ്ച തുടങ്ങി.
മൂന്നു തലമുറകളായി മൂന്നാറിൽ കഴിയുന്ന തൊഴിലാളികളും കുടുംബാംഗങ്ങളുമാണു ദുരന്തത്തിൽപെട്ടത്. ഇവർക്കെല്ലാം തലമുറകളായി വോട്ടവകാശവും റേഷൻകാർഡുകളും ഇവിടെയുണ്ട്.