മനുഷ്യരെ ബഹിരാകാശത്തേക്കയക്കുന്ന ആദ്യ സ്വകാര്യ സ്ഥാപനം
ഫ്ലോറിഡ: ബഹിരാകാശ ഗവേഷണ രംഗത്ത് ചരിത്രം കുറിച്ച് ആദ്യമായി സ്വകാര്യ സ്ഥാപനത്തിെൻറ റോക്കറ്റ് കുതിച്ചുയർന്നു. യു.എസ് സ്വകാര്യ ബഹിരാകാശ ഗവേഷണ സ്ഥാപനമായ സ്പേസ് എക്സിെൻറ ഫാൽക്കൺ-ഒമ്പത് റോക്കറ്റാണ് രണ്ടു ബഹിരാകാശ യാത്രികരുമായി പറന്നുയർന്നത്. ശനിയാഴ്ച പ്രാദേശിക സമയം വൈകീട്ട് 3.22നായിരുന്നു വിക്ഷേപണം. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെൻററിൽ നീൽ ആംസ്ട്രോങ് ചന്ദ്രനിലേക്ക് പറന്നുയർന്ന വിക്ഷേപണത്തറയായ 39 ‘എ’യിൽനിന്നാണ് റോക്കറ്റ് പൊങ്ങിയത്.
വ്യാഴാഴ്ച നടക്കേണ്ടിയിരുന്ന വിക്ഷേപണം മോശം കാലാവസ്ഥയെത്തുടർന്ന് ശനിയാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. പ്രമുഖ വ്യവസായി ഇലോൺ മസ്കിെൻറ ഉടമസ്ഥതയിലുള്ള കമ്പനിയാണ് സ്പേസ് എക്സ്. നാസയുമായി കൈകോർത്ത് സ്വകാര്യപേടകത്തിൽ സഞ്ചാരികളെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിച്ച് (ഐ.എസ്.എസ്) പുതുചരിത്രം രചിക്കാനുള്ള കുതിപ്പിലാണ് റോക്കറ്റ്. ഒമ്പതുവര്‍ഷങ്ങൾക്കുശേഷമാണ് അമേരിക്കന്‍ മണ്ണില്‍നിന്നും നാസയുടെ സഞ്ചാരികൾ ബഹിരാകാശത്തേക്ക് പറക്കുന്നത്.
സ്പേസ് എക്സ് വികസിപ്പിച്ചെടുത്ത ഡ്രാഗണ്‍ ക്രൂ പേടകത്തിൽ ബോബ് ബെങ്കൻ, ഡഗ്ലസ് ഹര്‍ലി എന്നീ ബഹിരാകാശ ഗവേഷകരാണുള്ളത്. ഇരുവരും സ്വകാര്യ ബഹിരാകാശ പേടകത്തില്‍ സഞ്ചരിക്കുന്ന ആദ്യ ബഹിരാകാശ സഞ്ചാരികളായി മാറി. 19 മണിക്കൂർ കൊണ്ടാണ് ഇവർ ബഹിരാകാശ നിലയിത്തിലെത്തുക. യു.എസ് ബഹിരാകാശ ഗവേഷകൻ ക്രിസ് കാസിഡി, റഷ്യൻ ഗവേഷകരായ അനറ്റോലി ഇവാനിഷിൻ, ഇവാൻ വാഗ്നർ എന്നിവരാണ് നിലവിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ളത്. യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് വിക്ഷേപണം കാണാൻ ഫ്ലോറിഡയിലെത്തിയിരുന്നു