മണ്ണുത്തി: പീച്ചി വന്യജീവി സങ്കേതത്തിനുള്ളിൽ ഇനി ഫലവൃക്ഷങ്ങളും വിളയും. വനമഹോത്സവത്തിെൻറ ഭാഗമായി പീച്ചി-വാഴാനി വന്യജീവി സങ്കേതത്തിൽ വാഴാനി സെക്ഷൻ പരിധിയിൽ കാക്കിനിക്കാട് ആദിവാസി ഇക്കോ ഡെവലപ്മെൻറ് കമ്മിറ്റി (ഇ.ഡി.സി) മുഖേനയാണ് ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുന്നത്. സീതപഴം, ചാമ്പ, നെല്ലി, പേര, പ്ലാവ് മുതലായ ആയിരം ഫലവൃക്ഷങ്ങളാണ് നട്ടുപിടിപ്പിക്കുന്നത്. പക്ഷി-മൃഗാദികൾക്ക് വന്യജീവി സങ്കേതത്തിനുള്ളിൽ തന്നെ മതിയാവോളം പഴങ്ങളും മറ്റും ലഭ്യമാക്കി ജനവാസ മേഖലകളിലേക്കും കൃഷിയിടങ്ങളിലേക്കും ഉള്ള വന്യജീവികളുടെ കടന്നുകയറ്റം ഇല്ലാതാക്കുന്നതിനൊപ്പം ഈ കൊറോണ കാലത്ത് തൊഴിലിൽ ഇല്ലാത്ത ആദിവാസികളായ ഇ.ഡി.സി അംഗങ്ങൾക്ക് തൊഴിൽ ദിനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. കാക്കിനിക്കാട് കോളനിയിൽ ഊരുമൂപ്പൻ അനിലിന് ആദ്യഫലവൃക്ഷം കൈമാറിയും നട്ടും പീച്ചി വന്യജീവി സങ്കേതം വൈൽഡ് ലൈഫ് വാർഡൻ എൻ. രാജേഷ് ഉദ്ഘാടനം ചെയ്തു. അസി. വൈൽഡ് ലൈഫ് വാർഡൻ എം.എ അനീഷ് അധ്യക്ഷത വഹിച്ചു
വാഴാനി സെക്ഷൻ ഫോറസ്റ്റ് ഓഫിസർ വി.ആർ. സുനിൽകുമാർ, ഇ.ഡി.സി ചെയർമാൻ, രാമകൃഷ്ണൻ, സെക്രട്ടറി സി.ടി. ബിനോയി, ഫോറസ്റ്റ് ഓഫിസർമാരായ സി.എൽ. സാജു, സി.വി. സതീഷ്, വാച്ചർമാരായ, എം.എ. മത്തായി, യു.വി. ഉലഹന്നാൻ എന്നിവർ നേതൃത്വം നൽകി