Monday, December 23, 2024
Google search engine
HomeCovid-19പിതാവിന്റെ മരണം കാണേണ്ടി വരുന്ന ദൈന്യത; കോവിഡിന് തീ വേഗം, പകച്ച് പാക്കിസ്ഥാൻ

പിതാവിന്റെ മരണം കാണേണ്ടി വരുന്ന ദൈന്യത; കോവിഡിന് തീ വേഗം, പകച്ച് പാക്കിസ്ഥാൻ

ഇ‌സ്‌ലാമാബാദ് ∙ പെഷാവറിലെ ഏറ്റവും വലിയ സർക്കാർ ആശുപത്രിയായ ലേഡി റീഡിങ് ആശുപത്രിയുടെ വരാന്തയിലിരുന്നു പിതാവിന്റെ മരണം നേർക്കുനേർ കാണുകയാണ് മുപ്പതുകാരനായ അതിഖുല്ല. 60 കാരനായ പിതാവിനായി ഐസിയു, വെന്റിലേറ്റർ സൗകര്യം ലഭിക്കാൻ ആശുപത്രി വരാന്തയിൽ അതിഖുല്ല കാത്തിരുന്നത് മൂന്നു ദിവസത്തോളം. കൊറോണ വൈറസ് വ്യാപനം പാക്കിസ്ഥാനിൽ സ്ഫോടനാത്മകമായതോടെ ഡോക്ടർമാർ പരമാവധി ശ്രമിച്ചിട്ടും ഒരു മുറിപോലും തരപ്പെടുത്താനായില്ല. ഒടുവിൽ ഐസലേഷൻ വാർഡിൽ കിടക്ക ലഭിച്ചുവെങ്കിലും വെന്റിലേറ്റർ സൗകര്യമുണ്ടായിരുന്നില്ല

സ്വകാര്യ ആശുപത്രികളിലെ ഭീമമായ ബിൽ ചിന്തിച്ചാൽ താങ്ങാവുന്നതിലും അപ്പുറം. പിതാവിനെ സമാധാനമായി മരിക്കാൻ വിടുകയെന്നല്ലാതെ അതിഖുല്ലയ്ക്കു മുന്നിൽ മറ്റു വഴികൾ ഇല്ലായിരുന്നു. പാക്കിസ്ഥാനിൽ കൊറോണ വൈറസ് വ്യാപനത്തിന് തീവേഗമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. 1.32 ലക്ഷത്തിലേറെ പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചത്. 6,472 പുതിയ കേസുകൾ വെള്ളിയാഴ്ച മാത്രം റിപ്പോർട്ട് ചെയ്തു. 88 പേർകൂടി മരിച്ചതോടെ ആകെ മരിച്ചവരുടെ എണ്ണം 2,551 ആയിഉയർന്നുആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് കഴിഞ്ഞദിവസം 29,850 കോവിഡ് പരിശോധനകളാണു രാജ്യത്തു നടത്തിയത്. 8,39,019 പരിശോധന ഇതുവരെ നടത്തിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു

50,056 പേർ രോഗമുക്തരായതായാണ് ഔദ്യോഗിക കണക്കുകൾ. രാജ്യത്തെ 820 ആശുപത്രികളിലാണ് കോവിഡ് രോഗികളെ ചികിത്സിക്കുന്നത്. 8559 പേർ ഇതുവരെ ആശുപത്രികളിൽ കഴിയുന്നുണ്ട്. ബാക്കിയുള്ളവർക്ക് ഹോം ക്വാറന്റീൻ. ഇതെല്ലാം പാക്കിസ്ഥാൻ ആരോഗ്യ മന്ത്രാലയം നിരത്തുന്ന കണക്കുകൾ ആണെങ്കിലും യഥാർത്ഥ സ്ഥിതി ഇതിനപ്പുറമാണെന്നു പാക്കിസ്ഥാനിലെ ആരോഗ്യപ്രവർത്തകർ തന്നെ സാക്ഷ്യപ്പെടുത്തുന്നു. പിന്നിട്ട രണ്ടാഴ്ചകളിലാണ് പാക്കിസ്ഥാനിൽ രോഗവ്യാപന തോത് അതിവേഗം വർധിച്ചത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയും ആറായിരത്തോളം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. കണക്കുകൾ ഊതിപ്പെരുപ്പിക്കുന്നതാണെന്നും 25,000 ൽ താഴെ മാത്രം പരിശോധനകളാണ് ദിനംപ്രതി നടക്കുന്നതെന്നും ആരോഗ്യപ്രവർത്തകർ പറയുന്നു

രണ്ടാഴ്ചകളിലായി നഗരത്തിലെ ആശുപത്രികളിൽ ഒരു ബെഡ് പോലും ഒഴിവില്ല. ഒരാളെ കൂടി അഡ്മിറ്റ് ചെയ്യണമെങ്കിൽ ഒന്നുകിൽ ചികിത്സയിലുള്ള രോഗി മരിക്കണം അല്ലെങ്കിൽ ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്കു പറഞ്ഞയ്ക്കണം. മറ്റു വഴികളില്ല– പെഷാവറിലെ ഹയദാബാദ് മെഡിക്കൽ കോംപ്ലെക്സിലെ ഡോ. നവീദ് അഹമ്മദ് ഖാൻ പറയുന്നു. വൻനഗരങ്ങളിൽ മാത്രമാണ് ഭേദപ്പെട്ട സൗകര്യങ്ങൾ. നൂറുക്കണക്കിനു കിലോമീറ്റർ സഞ്ചരിച്ച് വൻനഗരങ്ങളിൽ ചികിത്സയ്ക്കായി തടിച്ചുകൂടുകയാണ് ജനം. ‘ഞങ്ങളുടെ ആശുപത്രികളിൽ കൊള്ളാവുന്നതിലും ഇരട്ടി ആളുകളെ ഇപ്പോൾ തന്നെ പ്രവേശിപ്പിച്ചു കഴിഞ്ഞു. പെഷാവറിൽ ഇനി ഒരു കിടക്ക പോലും രോഗികൾക്കായി ശേഷിക്കുന്നില്ല. പാക്കിസ്ഥാനിലെ ആരോഗ്യരംഗത്തെ ദൈവത്തിനു മാത്രമേ രക്ഷിക്കാനാവൂ.’ – പറയുന്നത് ലേഡി റീഡിങ് ആശുപത്രിയിലെ ഡോ. മുഹമ്മദ് കാഷിഫ്

പാക്കിസ്ഥാനിലെ ചര്‍സാദ ജില്ലയിൽ കോവിഡ് പരിശോധനയ്ക്കു മതിയായ സൗകര്യങ്ങൾ ഇല്ലാത്തതാണു രോഗവ്യാപന തോത് അനുദിനം വർധിക്കുന്നതിൽ വെല്ലുവിളിയാകുന്നതെന്നു ജില്ലയിലെ സർക്കാർ ആശുപത്രിയിൽ സേവനം അനുഷ്ഠിക്കുന്ന ഡോ. അഹമ്മദ് സേബ് ഖാൻ പറയുന്നു. ഐസലേഷൻ, ഐസിയു, വെന്റിലേറ്റർ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നു രാജ്യത്തെ ആരോഗ്യപ്രവർത്തകർ സർക്കാരിനോട് പലതവണ അഭ്യർഥിച്ചുകഴിഞ്ഞു. ‘ലോക്ഡൗൺ കൃത്യമായി നടപ്പാക്കുകയാണെങ്കിൽ തന്നെ ഇത്തരത്തിലുള്ള തള്ളിക്കയറലിനും ശ്വാസംമുട്ടിനും അറുതിയുണ്ടായാനേ. വീണ്ടും ലോക്ഡൗൺ വേണമെന്നാണ് ഞങ്ങളുടെ ആവശ്യം. എന്നാൽ സർക്കാർ മുഖംതിരിഞ്ഞു നിൽക്കുകയാണ്. ആരോഗ്യപ്രവർത്തകർ ജീവൻ പണയം വച്ചാണ് പ്രവർത്തിക്കുന്നത്.’– ഡോ. അഹമ്മദ് സേബ് ഖാൻ പറയുന്നു

രാജ്യത്ത് ഇതുവരെ 3635 ആരോഗ്യപ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. ഇതിൽ 35 പേർ മരിച്ചു. ‘മൂന്നുമാസത്തിലേറേയായി രാജ്യത്തെ ആരോഗ്യപ്രവർത്തകർ ഇടവേളകളില്ലാതെ ജോലി ചെയ്യുന്നു. ഞങ്ങൾ തളർന്നിരിക്കുന്നു.’–ഡോ. മുഹമ്മദ് കാഷിഫ് പറയുന്നു. പാക്ക് നഗരമായ ക്വറ്റയിൽ കോവിഡ് രോഗികൾക്കായി മാത്രം ഏർപ്പെടുത്തിയിരിക്കുന്ന രണ്ട് ആശുപത്രികളും രോഗികളെ കൊണ്ട് നിറഞ്ഞുകഴിഞ്ഞു. ‘വളരെ കുറച്ചു ആരോഗ്യപ്രവർത്തകരെ നമുക്കുള്ളു. കൂടുതൽ പേരുണ്ടെങ്കിലെ ഈ പോരാട്ടം വിജയിക്കൂ.’ – ഡോ. കാഷിഫ് വിവരിക്കുന്നു. ഗുരുതര സാഹചര്യം നേരിടാൻ ഒരുക്കിയ 6,664 ബെഡുകളിൽ 1,681 ബെഡുകൾ മാത്രമേ ഇപ്പോൾ ഉപയോഗത്തിൽ ഉള്ളൂവെന്നാണ് സർക്കാർ ഭാഷ്യം. കൊറോണ വൈറസിനെ കുറിച്ചുള്ള തെറ്റായ ധാരണകളും സ്ഥിതി വഷളാക്കുന്നു

‘ഞങ്ങൾ ഡബ്ല്യുഎച്ച്ഒയിൽ നിന്ന് പണം വാങ്ങുന്നതായി പ്രചാരണം ഉണ്ടായിരുന്നു. കോവിഡ് ബാധിച്ച് രോഗികൾ മരിച്ചതിനെ തുടർന്ന് രണ്ടുവട്ടമാണ് എന്റെ ആശുപത്രി ആക്രമിക്കപ്പെട്ടത്.’– കറാച്ചിയിലെ ഒരു ആശുപത്രിയിലെ ഡോ. സിമീൻ ജമാലി പറയുന്നു. മേയ് 22ന് സർക്കാർ ലോക്ഡൗൺ പൂർണമായി പിൻവലിച്ചതോടെ രാജ്യം പൂർണമായും കോവിഡിന്റെ പിടിയിലായി. ആദ്യത്തെ പതിനായിരം കേസുകളാകാൻ 50 ദിവസമായിരുന്നു ഇടവേളയെങ്കിൽ കഴിഞ്ഞ മൂന്നു ദിവസത്തിനിടെ 10,000 ൽ കൂടുതൽ കേസുകൾ ഞങ്ങൾ കണ്ടുകഴിഞ്ഞു. രാജ്യത്ത് എത്രയും വേഗം ലോക്ഡൗൺ വീണ്ടും നടപ്പാക്കിയില്ലെങ്കിൽ ജൂലൈ ആദ്യപാദത്തിൽ തന്നെ രോഗികളുടെ എണ്ണം 8 ലക്ഷം കവിയുമെന്നു ഡബ്ല്യുഎച്ച്ഒ ജൂൺ ഏഴിനു പാക്കിസ്ഥാനു മുന്നറിയിപ്പു നൽകിയിരുന്നു

ഇനിയൊരു ലോക്ഡൗണിനെ കുറിച്ച് ആലോചിക്കാൻ പറ്റില്ലെന്നാണു പ്രധാനമന്ത്രി ഇമ്രാൻഖാൻ പറഞ്ഞത്. ‘ഞങ്ങളുടെ അവസ്ഥ ചൈനയിൽ നിന്നും യുഎസിൽ നിന്നു വ്യത്യസ്തമാണ്. ജനസംഖ്യയിൽ 25 ശതമാനവും ദരിദ്രരാണ്. സാമൂഹിക അകലം മാത്രമാണ് പ്രതിവിധി’– ഇമ്രാൻ ഖാൻ പറയുന്നു. രാജ്യത്ത് ഇനിയും കോവിഡ് മരണങ്ങൾ അസാധാരണമായി വർധിക്കുമെന്നും ജനം ജാഗ്രത പാലിക്കണമെന്നും പാക്ക് പ്രധാനമന്ത്രി ഓർമിപ്പിച്ചു. മതിയായ സൗകര്യങ്ങൾ എർപ്പെടുത്തുകയും പരിശോധനകളുടെ എണ്ണം ഗണ്യമായി വർധിപ്പിക്കുകയും ചെയ്യാതെ രാജ്യത്തെ കോവിഡ് മരണങ്ങളുടെ എണ്ണം പിടിച്ചുകെട്ടാനാകില്ലെന്നു ആരോഗ്യവിദഗ്ധരും ചൂണ്ടിക്കാണിക്കുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com