കൊച്ചി∙ പബ്ജി കളിക്കുന്നവർക്കറിയാം, വെടി കൊണ്ടു വീണു കിടക്കുമ്പോൾ സഹകളിക്കാർ വന്നു ‘റിവൈവ്’ ചെയ്തു ജീവൻ തിരിച്ചു പിടിക്കുന്നതിന്റെ ആഹ്ലാദം. എന്നാൽ, പബ്ജി കളിച്ചു യഥാർഥത്തിൽ ഒരാളെ ജീവിതത്തിലേക്കു മടക്കിക്കൊണ്ടു വരാനായാലോ? അപൂർവമായ അത്തരമൊരു കഥ ഓൺലൈൻ ഗെയിമേഴ്സിന്റെ കൂട്ടായ്മയായ ഓൾ കേരള ഇ–സ്പോർട്സ് ഫെഡറേഷൻ (എകെഇഎഫ്) പറയും. രണ്ടു വൃക്കകളും തകരാറിലായ മാടവന ചേപ്പനം കോനാട്ട് അമൽ സുകുമാരന്റെ ചികിത്സാർഥം ഫെഡറേഷൻ അംഗങ്ങൾ ഗെയിം കളിച്ചു സമ്പാദിച്ചത് 2.75 ലക്ഷം രൂപ
അമലിന്റെ അമ്മ വൃക്ക നൽകാൻ തയാറായെങ്കിലും അവയവം മാറ്റിവയ്ക്കാൻ വേണ്ട എട്ടര ലക്ഷത്തോളം രൂപ കണ്ടെത്താൻ കുടുംബത്തിനു കഴിയില്ലെന്നു മനസ്സിലാക്കിയാണ് എകെഇഎഫ് സഹായഹസ്തം നീട്ടിയത്. സംഘടനയിലെ അംഗങ്ങളായ 45 യൂട്യൂബ് സ്ട്രീമർമാർ 24 മണിക്കൂർ തുടർച്ചയായി ലൈവ് സ്ട്രീമിങ് നടത്തിയാണു തുക സമാഹരിച്ചത്. ഓൺലൈൻ ഗെയിം ടൂർണമെന്റുകൾ സംഘടിപ്പിച്ചും വിവിധ ഓൺലൈൻ ഗെയിമുകളിൽ പരീക്ഷിക്കാനുള്ളപൊടിക്കൈകളും തമാശകളും ഉപദേശങ്ങളുമെല്ലാം തങ്ങളുടെ ചാനലിലൂടെ പുറത്തുവിട്ടുമായിരുന്നു ലൈവ് സ്ട്രീമിങ്
പലരും തത്സമയ കളികളും ചാനലിലൂടെ തുടർച്ചയായി നൽകി. പ്രഫഷനൽ പബ്ജി കളിക്കാരാണു പ്രധാനമായും ദൗത്യത്തിൽ പങ്കാളികളായത്. 24 മണിക്കൂർ ലൈവ് സ്ട്രീമിങ് കണ്ട ഒരു ലക്ഷത്തിലേറെ വരിക്കാരിൽ രണ്ടായിരത്തോളം പേരിൽനിന്നാണു തുക സ്വരൂപിച്ചത്. പണം എകെഇഎഫ് പ്രസിഡന്റ് അമൽ അർജുൻ ചികിത്സാ ധനസമാഹരണ സമിതിക്ക് അക്കൗണ്ട് ട്രാൻസ്ഫർ മുഖേന കൈമാറി.