മലപ്പുറം: സാധാരണ അജ്മൽ മാഷ് അനസ് എടത്തൊടികയെ അഭിനന്ദിക്കാറാണ്. ഇക്കുറി പതിവ് തെറ്റി. അനസിന്‍റെ ഊഴമായിരുന്നു. ഒന്നരപ്പതിറ്റാണ്ട് മുമ്പ് സ്കൂൾ ക്രിക്കറ്റ് ടീമിലെ വിക്കറ്റ് കീപ്പറായ തന്നെ ഫുട്ബാളിലേക്ക് വഴിതിരിച്ചുവിട്ട് അന്താരാഷ്ട്ര താരമായി വളർത്തിയെടുക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച സി.ടി. അജ്മൽ എന്ന അധ്യാപകൻ ഡോക്ടറേറ്റ് നേടിയപ്പോൾ അനസിന് അതിരില്ലാത്ത സന്തോഷം. വിളിച്ച് അഭിനന്ദിച്ച് ഇൻസ്റ്റഗ്രാമിൽ ചിത്രവും പങ്കുവെച്ചു.
കായിക പഠനത്തിലാണ് മാഷുടെ പിഎച്ച്.ഡി. ‘ഭൂമിശാസ്ത്രപരമായ സവിശേഷതകളും പ്രത്യേക പരിശീലന മുറകളും കൗമാര ഫുട്ബാൾ താരങ്ങളുടെ ശാരീരിക ക്ഷമതയിലും പ്രകടനത്തിലും ഉളവാക്കുന്ന ഫലം’ എന്ന വിഷയത്തിൽ അണ്ണാമലൈ സർവകലാശാലയിലെ ഡോ. എം. രാജശേഖരന് കീഴിലായിരുന്നു ഗവേഷണം.
കൊണ്ടോട്ടി ഇ.എം.ഇ.എ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായിരിക്കെയാണ് അജ്മൽ അനസ് എടത്തൊടികയെ ഫുട്ബാളിലേക്ക് കൊണ്ടുവന്നത്. ജസീർ മുഹമ്മദ്, അലി സഫ് വാൻ തുടങ്ങി ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട ഒരുപിടി കളിക്കാർക്കും പരിശീലനം നൽകി. മലപ്പുറം ജില്ല സീനിയർ ടീം അംഗവുമായിരുന്നു.
ചരിത്രത്തിലും കായിക പഠനത്തിലും ബിരുദാനന്തര ബിരുദധാരിയാണ് അജ്മൽ. കായിക പഠനത്തിൽ എം.ഫിൽ ബിരുദവും പൂർത്തിയാക്കിയായിരുന്നു ഗവേഷണം. സ്വദേശമായ അരിമ്പ്രയിലെ മിഷൻ സോക്കർ അക്കാദമിക്ക് കീഴിൽ നൂറു കണക്കിന് കുട്ടികൾക്ക് ഫുട്ബാൾ പരിശീലനം നൽകിയ അജ്മൽ നിലവിൽ കോഴിക്കോട് ഐ.എച്ച്.ആർ.ഡി കോളജിൽ ഗസ്റ്റ് അധ്യാപകനും അരിമ്പ്ര ഗവ. ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ പ്രസിഡൻറുമാണ്. അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ ഡി കോച്ചിങ് ലൈസൻസുണ്ട്. മാതാപിതാക്കൾ: സി.ടി. അവറാൻ കുട്ടി-കോടിത്തൊടിക ഫാത്തിമ. ഭാര്യ: പി.വി. ഫെമിദ. മക്കൾ: ആശിൽ, അശ്ബ, ഫാത്തിമ.