അറുതിയില്ലാതെ അഭ്യൂഹം തുടരുന്നു
കൊച്ചി: സ്വർണക്കടത്ത് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ മുൻ ഐ.ടി സെക്രട്ടറി ശിവശങ്കറിന് എൻ.െഎ.എ നൽകിയ നോട്ടീസ് അദ്ദേഹത്തെ സാക്ഷിയാക്കാനിടയുണ്ടെന്ന അഭ്യൂഹം പരത്തി. തിങ്കളാഴ്ച രാവിലെ കൊച്ചിയിലെ എൻ.ഐ.എ ഓഫിസിൽ ചോദ്യം ചെയ്യലിന് ഹാജരായപ്പോൾ മുതൽ ശിവശങ്കറിനെ സാക്ഷിയാക്കി എൻ.െഎ.എ കേസുമായി മുന്നോട്ടു പോകാനുള്ള സാധ്യതയാണ് നിയമ വിദഗ്ധരടക്കം ചൂണ്ടിക്കാട്ടിയത്. എന്നാൽ, ദിവസം മുഴുവൻ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ സാക്ഷിപ്പട്ടികയിലാണോ പ്രതിപ്പട്ടികയിലാണോ എന്ന് വ്യക്തമാക്കാതെ ശിവശങ്കറിനെ വിട്ടയച്ചതോടെ അറുതിയാവാതെ അഭ്യൂഹം തുടരുകയാണ്. ചൊവ്വാഴ്ച വീണ്ടും ഹാജരാകണമെന്ന നിർദേശത്തോടെയാണ് തിങ്കളാഴ്ച വിട്ടയച്ചത്. ക്രിമിനൽ നടപടിക്രമം 160 പ്രകാരമുള്ള നോട്ടീസ് നൽകി ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തിയതാണ് അഭ്യൂഹത്തിനിടയാക്കിയത്.
സാധാരണ 160 പ്രകാരമുള്ള നോട്ടീസ് നൽകുന്നത് സാക്ഷികളെ ചോദ്യം ചെയ്യാൻ വിളിച്ചു വരുത്താനാണ്. പ്രതികളെന്ന് സംശയിക്കുന്നവരെ ക്രിമിനൽ നടപടിക്രമം 41എ പ്രകാരമുള്ള നോട്ടീസ് നൽകിയാണ് ചോദ്യം ചെയ്യാൻ വിളിച്ചുവരുത്താറുള്ളത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഒട്ടേറെ ആരോപണങ്ങൾ ശിവശങ്കറിനെതിരെ ഉയരുന്നതിനിടെ സി.ആർ.പി.സി 160 പ്രകാരം നോട്ടീസ് നൽകിയതാണ് ആശയക്കുഴപ്പത്തിനിടയാക്കിയത്. എന്നാൽ, 160 പ്രകാരം വിളിച്ചു വരുത്തുന്നയാൾക്ക് കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തിയാൽ പ്രതിയാക്കാനും അറസ്റ്റ് െചയ്യാനും തടസ്സമില്ലെന്ന് നിയമ വിദഗ്ധർ പറയുന്നു.
സംസ്ഥാന സർക്കാറിെൻറ ഉന്നത സ്ഥാനത്തിരിക്കുന്ന ഐ.എ.എസ് തലത്തിലുള്ള ഉദ്യോഗസ്ഥനെന്ന പരിഗണന നൽകിയാണ് 160 പ്രകാരം നോട്ടീസ് നൽകി വിളിച്ചുവരുത്തിയത്. വിശദമായ ചോദ്യം ചെയ്യലുകളിലൂടെ പരമാവധി തെളിവുകൾ ശേഖരിക്കലാണ് ഇപ്പോൾ എൻ.െഎ.എയുടെ ലക്ഷ്യം. ആവശ്യമെങ്കിൽ ചോദ്യം ചെയ്യലിെൻറ ഏത് ഘട്ടത്തിൽ വേണമെങ്കിലും പ്രതിയാക്കാനും കഴിയും. കേസിന് ബലമേകുമെന്നും കൂറുമാറലടക്കം കേസിനെ ബാധിക്കുന്ന നടപടികൾ ശിവശങ്കറിൽനിന്നുണ്ടാകില്ലെന്നും ഉറപ്പു വരുത്താനായാൽ മാത്രമേ സാക്ഷിയാക്കുന്ന കാര്യം എൻ.ഐ.എ പരിഗണിക്കൂ.