നേക്കഡ് സ്പോർട്സ് വിഭാഗത്തിൽ മത്സരത്തിന്റെ തീപ്പൊരി വിതറിയാണ് എക്സ്ട്രീമിന്റെ പുതിയ മോഡൽ 160 ആർ എത്തിയിരിക്കുന്നത്. പൾസർ എൻഎസ് 160, സുസുക്കി ജിക്സർ, ടിവിഎസ് അപ്പാച്ചെ 160 എന്നിവരടക്കമുള്ളവർക്ക് കനത്ത വെല്ലുവിളിയായിരിക്കും എക്സ്ട്രീം 160 ആർ ഉയർത്തുക. സ്പോർട്ടി ലുക്ക് യുവാക്കളെ ആകർഷിക്കുന്ന ചുള്ളൻ ലുക്കിലാണ് 160 ആറിന്റെ വരവ്. ഷാർപ്പായ വരകളും വക്കുകളോടും കൂടിയ ബോഡി പാനലുകളും ഒതുങ്ങിയ ശരീരഘടനയും നൽകുന്ന സ്പോർട്ടി ഫീൽ ആരെയുമൊന്നു പിടിച്ചു നിർത്തും. മസ്കുലർ സ്ട്രീറ്റ് ഫൈറ്റർ തീമിലാണ് രൂപകൽപന. ഹെഡ്‌ലാംപ്, ടെയിൽ ലാംപ്, ഇൻഡിക്കേറ്റർ എന്നിവയെല്ലാം എൽഇഡിയാണ്. സെഗ്‌മെന്റിൽ ആദ്യമാണിത്. ഡിസൈനിലെ പുതുമയും മികവും വെളിവാക്കുന്നതാണ് ഒാരോ പാർട്ടും. വെള്ളയും കറുപ്പും ഇടകലർന്ന നിറവിന്യാസം കാഴ്ചയിൽ നല്ല എടുപ്പു നൽകുന്നുണ്ട്. ഗ്രാഫിക്സുകൾ വളരെ കുറവാണ്. മസ്കുലർ ടാങ്കിന്റെ തുടർച്ചയായി സൈഡ് ബോഡി പാനൽ കൊടുത്തത് രസമുണ്ട് കാണാൻ. ടാങ്ക് സ്കൂപ്പ് വേർതിരിച്ച് നൽകിയിട്ടില്ലെങ്കിലും ടാങ്ക് പാനലിന്റെ ഡിസൈൻ ആ ഫീൽ നൽകുന്നുണ്ട്. സിംഗിൾ സീറ്റാണ്. റൈഡർ ഇരിക്കുന്ന ഭാഗം നന്നേ കുഴിഞ്ഞും പില്യൺ ഭാഗം നല്ല ഉയരത്തിലുമാണ്. ടെയിൽ പാനലിനുള്ളിലായി വരത്തക്കവിധമാണ് ഗ്രാബ് റെയിൽ രൂപകൽപന ചെയ്തിരിക്കുന്നത്. അതുകൊണ്ടു തന്നെ കാഴ്ചയിൽ കൂടുതൽ സ്പോർട്ടിയാണ് പിൻഭാഗം. നീളം കുറഞ്ഞ കോംപാക്ട് ടൈപ്പ് എക്സോസ്റ്റാണ്. ലൈറ്റ് വെയ്റ്റ് 138.5 കിലോഗ്രാം ഭാരമേയുള്ളൂ എക്സ്ട്രീം 160 ആറിന്. ഭാരം കുറഞ്ഞ അലോയിയും ബോഡി പാനലുകളുമൊക്കെയാണ് ഇതു സാധ്യമാക്കിയിരിക്കുന്നത്. ഡയമണ്ട് ട്യൂബുലാർ ഫ്രെയ്മിലാണ് നിർമാണം. ഫുള്ളി ഡിജിറ്റൽ ഇൻസ്ട്രമെന്റ് കൺസോളാണ്. സൈഡ് സ്റ്റാൻഡ് വാണിങ് ലൈറ്റ്, ഹസാർഡ് ലൈറ്റ് എന്നിവ നൽകിയിട്ടുണ്ട്. സൈഡ് സ്റ്റാൻഡ് നിവർന്നാൽ എൻജിൻ കട്ട് ഒാഫ് ആകുന്ന ഫീച്ചേഴ്സ് ഇതിലുണ്ട്. എൻജിൻ 163 സിസി എയർകൂൾഡ് സിംഗിൾ സിലിണ്ടർ എൻജിൻ 8500 ആർപിഎമ്മിൽ 15 ബിഎച്ച്പി കരുത്തു നൽകും. കൂടിയ ടോർക്ക് 6500 ആർപിഎമ്മിൽ 14 എൻഎം. ട്രാൻസ്മിഷൻ 5 സ്പീഡ്. 0–60 കിലോമീറ്റർ വേഗമെത്താൻ 4.7 സെക്കൻഡ് സമയം മതി. 14 സെൻസറോടുകൂടിയ പ്രോഗ്രാംഡ് ഫ്യൂവൽ ഇൻജക്‌ഷൻ സിസ്റ്റമാണ്. 37 എംഎം ടെലിസ്കോപ്പിക് ഫോർക്കുകളാണ് മുന്നിൽ. പിന്നിൽ 7 തരത്തിൽ ക്രമീകരിക്കാവുന്ന മോണോഷോക്കും. 276 എംഎം പെറ്റൽ ഡിസ്ക് ബ്രേക്കാണ് മുന്നിൽ. സിംഗിൾ ചാനൽ എബിഎസ് ആണ്. പിന്നിൽ 220 എംഎം ഡിസ്ക് 130 എംഎം ഡ്രം ബേക്ക് വകഭേദവുമുണ്ട്. നീളം, വീതി, ഉയരം എന്നിവ യഥാക്രമം 2029 എംഎം, 793 എംഎം, 1052 എംഎം. സീറ്റിന്റെ ഉയരം 790 എംഎം