Sunday, December 22, 2024
Google search engine
HomeUncategorizedദുബായ് ലാൻഡിൽ വരുന്നു, വമ്പൻ പാർക്ക്

ദുബായ് ലാൻഡിൽ വരുന്നു, വമ്പൻ പാർക്ക്

ദുബായ്∙ എമിറേറ്റിന്റെ സൗന്ദര്യവും ഹരിതാഭയും വർധിപ്പിക്കുന്ന ഏറ്റവും വലിയ പാർക്കിന്റെ നിർമാണം ദുബായ് ലാൻഡിൽ ഈ വർഷം അവസാനത്തോടെ ആരംഭിക്കും.  ഇതുസംബന്ധിച്ച ധാരണാപത്രം ദുബായ് ഹോൾഡിങ്ങും ദുബായ് മുനിസിപ്പാലിറ്റിയും ഒപ്പുവച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശപ്രകാരമാണു പദ്ധതി. ജനങ്ങൾക്ക് ആരോഗ്യകരവും പ്രവർത്തനനിരതവുമായ ‌ജീവിതശൈലി സമ്മാനിക്കാനാണ് 14,30,000 ചതുരശ്രമീറ്ററിൽ വമ്പൻപാർക്ക് ഒരുങ്ങുന്നത്. നഗരവാസികളുടെ ശാരീരികശേഷി വർധിപ്പിക്കാനും ലോകത്തിലെ ഏറ്റവും മികച്ച സന്തോഷനഗരങ്ങളിൽ ഒന്നാക്കാനുമാണു ദുബായ് ഹോൾഡിങ്ങും മുനിസിപ്പാലിറ്റിയും കൈകോർക്കുന്നതെന്ന് അധികൃതർ പറഞ്ഞു.  പൊതു–സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പദ്ധതി ദുബായിലേക്കു കൂടുതൽ നിക്ഷേപം കൊണ്ടുവരുമെന്നും പ്രതീക്ഷിക്കുന്നു. സമൂഹക്ഷേമത്തിനും ദുബായിയെ രാജ്യാന്തര സ്മാർട് സിറ്റിയാക്കി മാറ്റാനുമുള്ള ശ്രമത്തിനും ശക്തിപകരുന്നതാണു പുതിയ നടപടി. പാർക്ക് പൂർത്തിയാക്കുമ്പോൾ ദുബായിലെ പൊതു ഇടങ്ങൾ 17% ആയി വർധിക്കും. ഒരാൾക്ക് 12.5 ചതുരശ്രമീറ്റർ എന്ന നിലയിലേക്കു നഗരത്തിലെ ജനസാന്ദ്രതാനിരക്ക് എത്തിക്കാനാണു മുനിസിപ്പാലിറ്റിയുടെ ശ്രമം.  വർഷം മുഴുവൻ പ്രവർത്തിക്കുന്ന, സജീവ അന്തരീക്ഷമുള്ള രീതിയിലാണു പാർക്കിന്റെ രൂപകൽപന. എമിറേറ്റിലെ ഹരിതകേന്ദ്രങ്ങൾ വർധിപ്പിക്കാനുള്ള ഷെയ്ഖ് മുഹമ്മദിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണു പാർക്കിന്റെ നിർമാണമെന്നു ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ഹുസൈൻ ലൂത്ത പറഞ്ഞു. ദുബായിലെ ഏറ്റവും നീളംകൂടിയ പാർക്ക് എന്നതു മാത്രമല്ല, സന്ദർശകരിൽ പരിസ്ഥിതി അവബോധം സൃഷ്ടിക്കാനും പദ്ധതി ഉപകരിക്കും. പൊതു സ്ഥാപനങ്ങളും പ്രാദേശിക സംരംഭകരും തമ്മിലുള്ള നിരന്തരമായ സഹകരണത്തിന്റെയും ഉദാഹരണമാണിത്. ജീവിക്കാനും ജോലി ചെയ്യാനും സന്ദർശിക്കാനും ലോകത്തിലെ ഏറ്റവും മികച്ച സ്ഥലമെന്ന ദുബായിയുടെ പ്രശസ്തി വർധിപ്പിക്കുന്നതാണ് ഇത്തരം സംരംഭങ്ങൾ. മികച്ച ജീവിത രീതിയും പരിസ്ഥിതിയും സമ്മാനിച്ചു ദുബായിൽ കൂടുതൽ പാർക്കുകൾ നിർമിക്കുമെന്നും ഹുസൈൻ ലൂത്ത പറഞ്ഞു.  പ്രകൃതിദൃശ്യം ഒരുക്കുക, സന്ദർശകരെ ആകർഷിക്കുന്നതു കൂടാതെ, ന്യൂയോർക്ക്, ലണ്ടൻ, സിംഗപ്പൂർ തുടങ്ങി എല്ലാ പ്രമുഖ നഗരങ്ങൾക്കും സമൂഹത്തിന്റെ വ്യക്തിത്വവും സംസ്കാരവും പ്രതിഫലിപ്പിക്കുന്ന മികച്ച പാർക്കുണ്ടായിരിക്കുമെന്നു ദുബായ് ഹോൾഡിങ് മാനേജിങ് ഡയറക്ടറും വൈസ് ചെയർമാനുമായ അഹമ്മദ് ബിൻ ബിയാത് പറഞ്ഞു. പൊതു ഹരിത ഇടങ്ങൾ ദുബായിലെ ജീവിത നിലവാരം ഉയർത്തും. ഇഷ്ടകേന്ദ്രങ്ങൾ എന്ന നിലയിൽ ജനങ്ങളെ ഒന്നിപ്പിക്കാനും പാർക്ക് ഉപകരിക്കും.സാമ്പത്തിക വൈവിധ്യവൽകരണം, ഇന്നവേഷൻ, സുസ്ഥിര വികസനം തുടങ്ങിയവയോടുള്ള ദുബായ് ഹോൾഡിങ്ങിന്റെ പ്രതിബദ്ധതകൂടിയാണു പദ്ധതി കാണിക്കുന്നതെന്ന് അഹമ്മദ് ബിൻ ബിയാത് പറഞ്ഞു.  സമീപപ്രദേശത്തും ഗുണം പ്രകൃതിമനോഹരമായ ഒരു മേഖല സൃഷ്ടിക്കുന്നതു സമീപപ്രദേശങ്ങൾക്കുകൂടി ഗുണകരമാവുമെന്നാണു കണക്കുകൂട്ടൽ. ഉന്നതനിലവാരമുള്ള വായു, ജൈവവൈവിധ്യം സംരക്ഷിക്കാനുള്ള സംവിധാനം, നഗര ആവാസവ്യവസ്ഥ മികച്ചതാക്കാനുള്ള അവസരം തുടങ്ങിയവയും പാർക്കിന്റെ നിർമാണ ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നു.  ആദ്യഘട്ടം ഈ വർഷം അവസാനം  പാർക്കിന്റെ ഒന്നാം ഘട്ടത്തിന്റെ നിർമാണം ഈ വർഷം അവസാനം ആരംഭിക്കും. 318000 ചതുരശ്രമീറ്ററാണ് ആദ്യഘട്ടത്തിൽ നിർമിക്കുക. നാല് കിലോമീറ്റർ ജോഗിങ് ട്രാക്ക്, ഏഴ് കിലോമീറ്റർ നടപ്പാത, രണ്ടുകിലോമീറ്റർ സൈക്ലിങ് ട്രാക്ക് എന്നിവ ആദ്യഘട്ടത്തിലുണ്ടാകും. പൊതു ഉദ്യാനത്തിൽ 10 സ്പോർട്സ് ഗ്രൗണ്ടുകളും സമ്മേളനവേദികളും ആദ്യഘട്ടത്തിൽ നിർമിക്കും.  പാർക്ക് ഒറ്റനോട്ടത്തിൽ  ∙14,30,000 ചതുരശ്രമീറ്റർ വിസ്തൃതി ∙15,000 മരങ്ങൾ ∙30 കിലോമീറ്റർ നടപ്പാത ∙20 കിലോമീറ്റർ ജോഗിങ് ട്രാക്ക് ∙14 കിലോമീറ്ററിലേറെ സൈക്കിൾ ട്രാക്ക് ∙വൃക്ഷങ്ങളാൽ ചുറ്റപ്പെട്ട ഏഴ് കിലോമീറ്റർ വീഥി ∙45 സ്പോർട്സ് ഗ്രൗണ്ടുകൾ ∙സമ്മേളനങ്ങളും പരിപാടികളും സംഘടിപ്പിക്കാൻ അഞ്ച് വേദികൾ ∙റീട്ടെയ്ൽ കടകൾ, റസ്റ്ററന്റുകൾ, കോഫി ഷോപ്പുകൾ ∙പാർക്കിൽതന്നെ ഊർജ ഉൽപാദനം, മാലിന്യ സംസ്കരണം ∙ സ്മാർട് സംവിധാനം വഴി ടിക്കറ്റ് നൽകും ∙വൈഫൈ കണക്ടിവിറ്റി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com