ന്യൂഡൽഹി∙ പുതിയ കാറും ഇരുചക്ര വാഹനവും വാങ്ങുമ്പോൾ എടുക്കേണ്ട ദീർഘകാല ഇൻഷുറൻസ് പോളിസി പാക്കേജുകൾ ഓഗസ്റ്റ് 1 മുതൽ നിർത്തലാക്കുമെന്ന് ഇൻഷുറൻസ് റഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎ). കാർ, ഇരുചക്രവാഹനം എന്നിവ വാങ്ങുമ്പോൾ യഥാക്രമം 3 വർഷത്തേക്കും 5 വർഷത്തേക്കും എടുക്കേണ്ട തേഡ് പാർട്ടി(ടിപി), ഓൺ ഡാമേജ്(ഒഡി) എന്നിവയടങ്ങിയ പാക്കേജ് പോളിസികളാണ് നിർത്തലാക്കുന്നത്. പാക്കേജ് പോളിസികൾ, പുതിയ വാഹനം വാങ്ങുന്നവർക്ക് അധിക ബാധ്യത വരുത്തുന്നത് കണക്കിലെടുത്താണ് തീരുമാനം. ഉപഭോക്താവിന് താൽപര്യമില്ലെങ്കിലും ദീർഘകാലം ഒരേ ഇൻഷുറൻസ് ദാതാവിൽ തന്നെ തളച്ചിടപ്പെടുന്ന സ്ഥിതിയുമുണ്ടായിരുന്നു. ഇതു പ്രകാരം ഓൺ ഡാമേജ് പോളിസി ഇനിമുതൽ ഒരു വർഷത്തേക്കു മാത്രം എടുക്കാനേ സാധിക്കൂ. തേഡ് പാർട്ടി ഇൻഷുറൻസ് നിലവിലുള്ളതുപോലെ കാറുകൾക്ക് 3 വർഷത്തേക്കും ഇരുചക്രവാഹനങ്ങൾക്ക് 5 വർഷത്തേക്കും നിർബന്ധമാണ്. ഒരു വർഷത്തേക്കുള്ള ഒഡിയും ദീർഘകാല ടിപിയും ചേർന്ന പാക്കേജ് ആയോ, ഒഡി മാത്രമായോ ഇനി ഉപഭോക്താവിന് വാങ്ങാം. സുപ്രീം കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ 2018 സെപ്റ്റംബർ മുതൽ ടിപിയും ഒഡിയും ചേർത്ത് ഒറ്റ പാക്കേജ് ആയാണ് പോളിസികൾ നൽകിയിരുന്നത്. ഇത് പുതിയ വാഹനങ്ങൾ വാങ്ങുന്നവർക്ക് അധിക ബാധ്യത വരുത്തിവച്ചു. തുടർന്ന് പാക്കേജിന്റെ ഭാഗമായി ഒഡി ഒരു വർഷത്തേക്കു മാത്രം വാങ്ങുന്നതിനും ഐആർഡിഐ അവസരം നൽകി. എങ്കിലും, വായ്പയെടുത്ത് വാഹനം വാങ്ങുന്നവർ രണ്ടും ചേർന്ന ദീർഘകാല പാക്കേജ് എടുക്കാൻ നിർബന്ധിക്കപ്പെടുന്നെന്ന പരാതിയും ഉയർന്നിരുന്നു. ഓൺ ഡാമേജ്(ഒഡി) മോഷണം, അപകടം, പ്രകൃതി ദുരന്തം എന്നിവ മൂലം നിങ്ങളുടെ വാഹനത്തിനുണ്ടാകുന്ന നാശനഷ്ടത്തിന് ഇൻഷുറൻസ് പരിരക്ഷ. തേഡ് പാർട്ടി(ടിപി) നിങ്ങളുടെ വാഹനം മൂലം കാൽനടക്കാരനോ മറ്റൊരു വാഹനത്തിൽ സഞ്ചരിക്കുന്നവർക്കോ ഉണ്ടാകുന്ന അപകടങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ. ഇതു നിർബന്ധമാണ്