തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗത്തെ സ്വീകരിക്കുമെന്ന സൂചന നല്‍കി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യു.ഡി.എഫ് വിട്ട് പുറത്തുവരുന്ന കക്ഷികളുടെ രാഷ്ട്രീയ നിലപാട് നോക്കി എൽ.ഡി.എഫ് സ്വീകരിക്കുമെന്നാണ് ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ വ്യക്തമാക്കിയത്. ഇത് യു.ഡി.എഫിനെയും ബി.ജെ.പിയെയും ദുര്‍ബലമാക്കുകയെന്ന പൊതുലക്ഷ്യത്തെ ശക്തിപ്പെടുത്തുന്നതുമാകും. യു.ഡി.എഫിലെ ആഭ്യന്തര കലഹത്തിൽ പങ്കാളിയാകില്ലെന്നും കോടിയേരി വ്യക്തമാക്കി.
അയ്യന്‍കാളി സ്മരണയും സംസ്ഥാന രാഷ്ട്രീയവും എന്ന തലക്കെട്ടിലാണ് ലേഖനം. അയ്യന്‍കാളിയുടെ സാമൂഹ്യ പരിഷ്കരണങ്ങളെകുറിച്ച് പറഞ്ഞു തുടങ്ങിയ ലേഖനത്തില്‍ പിന്നീട് എങ്ങനെയാണ് അയ്യന്‍കാളിയുടെ സ്വപ്നത്തെ പിണറായി സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കിയത് എന്നും പറയുന്നുണ്ട്. ഇത്തരമൊരു സര്‍ക്കാരിനെതിരെയാണ്, മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഒരു അവിശ്വാസപ്രമേയവുമായി എത്തിയത്. അതോടെ രാഷ്ട്രീയമായും സംഘടനാപരമായും പ്രതിസന്ധിയിലായത് യു.ഡി.എഫ് തന്നെയാണെന്നും ലേഖനം പറയുന്നു.
ജോസ് കെ മാണിക്ക് നേരിട്ടല്ലെങ്കിലും സ്വാഗതമെന്ന് സൂചിപ്പിക്കുന്നതാണ് ദേശാഭിമാനിയിൽ സി.പി.എം സംസ്ഥാനസെക്രട്ടറി എഴുതിയ ലേഖനം. അയ്യങ്കാളി സ്മരണയുടെ അവസാനഭാഗത്തിലാണ് ഈ പരാമർശങ്ങളുള്ളത്.