കൊച്ചി ∙ തിരുവനന്തപുരം സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ ‘മെൻസ്റിയ’ കണ്ടെത്താൻ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഒരുക്കിയതു ശാസ്ത്രീയ ചോദ്യം ചെയ്യലിന്റെ ചക്രവ്യൂഹം. എന്നാൽ കേസിൽ പ്രതിയല്ലാത്ത ശിവശങ്കറിന്റെ ചോദ്യം ചെയ്യൽ എൻഐഎ സമീപകാലത്ത് ഏറ്റെടുക്കേണ്ടി വന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്.
ദേശവിരുദ്ധ സ്വഭാവമുള്ള (യുഎപിഎ) കേസുകളിൽ പ്രതികളെ ചോദ്യം ചെയ്യുന്ന പൊതുരീതി ശിവശങ്കറിനെതിരെ പ്രയോഗിക്കാൻ കഴിയില്ല. കേന്ദ്ര സിവിൽ സർവീസ് നിയമത്തിന്റെ സംരക്ഷണമുള്ള ഐഎഎസ് ഉദ്യോഗസ്ഥനെതിരെ ലഭ്യമായ തെളിവുകൾ മുൻനിർത്തിയാണ് എൻഐഎയുടെ ‘നാലുനിര’ ചോദ്യം ചെയ്യൽ തന്ത്രം മുന്നേറിയത്. ചോദ്യം വന്ന വഴികൾ ഒന്നാം നിര അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്പി: സി.രാധാകൃഷ്ണ പിള്ളയും എൻഐഎ കൊച്ചി യൂണിറ്റിലെ മുതിർന്ന 3 ഉദ്യോഗസ്ഥരും. രണ്ടാം നിര ഇവരുടെ ചോദ്യങ്ങൾക്കുള്ള ശിവശങ്കറിന്റെ ഉത്തരങ്ങൾ ലൈവ് വെബ്കാസ്റ്റിലൂടെ പരിശോധിച്ച് അനുബന്ധ ചോദ്യം ചെയ്യലിനു നേതൃത്വം നൽകിയതു സാമ്പത്തിക കുറ്റകൃത്യങ്ങളിൽ അന്വേഷണ വൈദഗ്ധ്യം തെളിയിച്ച എൻഐഎ ഉദ്യോഗസ്ഥ കെ.ബി.വന്ദന.
മൂന്നാം നിര ശിവശങ്കറിന്റെ മൊഴികളുടെ നിയമസാധുത അപ്പപ്പോൾ പരിശോധിച്ച് നിയമോപദേശം നൽകിയ എൻഐഎ പ്രോസിക്യൂട്ടർമാരായ അർജുൻ അമ്പലപ്പറ്റ, സിന്ധു പ്രഭാകർ എന്നിവരായിരുന്നു മൂന്നാം നിര. നാലാം നിര മുഖ്യപ്രതികളായ സ്വപ്ന സുരേഷ്, പി.എസ്.സരിത്ത്, സന്ദീപ് നായർ എന്നിവരുമായുള്ള അടുപ്പം, ഇടപാടുകൾ എന്നിവയെ സംബന്ധിച്ചു ശിവശങ്കറുടെ മൊഴിയിലെ നിജസ്ഥിതി പരിശോധിക്കാൻ 10 ഐബി ഉദ്യോഗസ്ഥർ ലൈവായി തിരുവനന്തപുരത്ത്. കുറ്റമനസ്സ് അഥവാ മെൻസ്‌റിയ കുറ്റകൃത്യത്തിലൂടെ തനിക്കുണ്ടാകുന്ന ലാഭനഷ്ടങ്ങൾ കണക്കുകൂട്ടി നീങ്ങുന്ന പ്രതിയുടെ ‘കുറ്റമനസ്സ്’ എന്നാണ് മെൻസ്‌റിയ എന്ന ലാറ്റിൻ വാക്കിന്റെ അർഥം. കുറ്റകൃത്യത്തിൽ പ്രതിയുടെ പങ്കാളിത്തം ബോധിപ്പിക്കാൻ വിചാരണ വേളയിൽ കോടതി മുൻപാകെ അന്വേഷണ ഏജൻസിയും പ്രോസിക്യൂഷനും നടത്തുന്ന പ്രയോഗമാണിത്. പ്രതി തന്നെയാണു കുറ്റവാളിയെന്നു സ്ഥാപിക്കാൻ ഇതു നിർണായകമാണ്.