വാഷിങ്ടൻ ∙ ചൈനയുടെ ഹൂസ്റ്റണ്‍ കോണ്‍സുലേറ്റ് അടയ്ക്കാന്‍ ഉത്തരവിട്ടതിനു പിന്നാലെ, ആ രാജ്യത്തിനെതിരെ പുതിയ ആരോപണവുമായി യുഎസ്. വീസ തട്ടിപ്പ് ആരോപിക്കപ്പെടുന്ന ചൈനീസ് ശാസ്ത്രജ്ഞ ടാങ് ജുവാന്‍ സാന്‍ഫ്രാന്‍സിസ്‌കോയിലെ ചൈനയുടെ കോണ്‍സുലേറ്റില്‍ ഒളിച്ചിരിക്കുന്നതായി ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാരെ ഉദ്ധരിച്ച് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജീവശാസ്ത്രത്തില്‍ ഗവേഷണം നടത്തുന്ന ജുവാനെതിരെ ജൂണ്‍ 26 നാണ് വീസ തട്ടിപ്പ് ചുമത്തിയത്. യുഎസിലേക്ക് പ്രവേശിക്കുന്നതിന് ചൈനീസ് സൈന്യവുമായുള്ള ബന്ധത്തെക്കുറിച്ച് ജുവാന്‍ കള്ളം പറഞ്ഞുവെന്നാണ് ആരോപണം.
വീസ അപേക്ഷയില്‍ സൈന്യവുമായുള്ള ബന്ധത്തെക്കുറിച്ചുള്ള കാര്യങ്ങള്‍ ജുവാന്‍ മറച്ചുവച്ചുവെന്നു പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. പിന്നീട് അവര്‍ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ സിവിലിയന്‍ കേഡറിലെ യൂണിഫോം അണിഞ്ഞുനില്‍ക്കുന്ന ചിത്രം അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു ലഭിച്ചു. ഫോര്‍ത്ത് മിലിട്ടറി മെഡിക്കല്‍ സര്‍വകലാശാലയില്‍ ഗവേഷകയായിരുന്നുവെന്ന വിവരവും പുറത്തുവന്നു. എന്നാല്‍ തനിക്കു സൈന്യവുമായി ബന്ധമില്ലെന്നും യൂണിഫോമിലെ ചിഹ്നം എന്താണെന്ന് അറിയില്ലായിരുന്നുവെന്നും ജുവാന്‍ ജൂണ്‍ 20ന് എഫ്ബിഐ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. ജുവാന്റെ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ചുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ചോദ്യം ചെയ്യലിനു ശേഷം സാന്‍ഫ്രാന്‍സിസ്‌കോയിലേക്കു കടന്ന ജുവാന്‍ ചൈനീസ് കോണ്‍സുലേറ്റില്‍ ഒളിച്ചിരിക്കുകയാണെന്നാണ് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ (എഫ്ബിഐ) നിഗമനം. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ പദ്ധതിയുടെ ഭാഗമായി ഇത്തരത്തില്‍ നിരവധി ഗവേഷകര്‍ അമേരിക്കയില്‍ കടന്നുകൂടിയിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നു. ശരിയായ വിവരങ്ങള്‍ മറച്ചുവച്ച് ആളുകളെ യുഎസ് സ്ഥാപനങ്ങളിലെത്തിച്ചു രഹസ്യങ്ങള്‍ ചോര്‍ത്താനുള്ള നീക്കമാണു ചൈന നടത്തുന്നതെന്നു പ്രോസിക്യൂട്ടര്‍മാര്‍ ചൂണ്ടിക്കാട്ടി. അമേരിക്കക്കാരുടെ സ്വകാര്യ വിവരങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി ഹൂസ്റ്റണിലെ കോണ്‍സുലേറ്റ് അടയ്ക്കാന്‍ ചൈനയ്ക്ക് യുഎസ് 72 മണിക്കൂര്‍ സമയം നല്‍കിയതിനു പിന്നാലെയാണു പുതിയ ആരോപണം.