കോഴിക്കോട്∙ ‘കോവിഡാണ്, മിണ്ടരുത്’ എന്ന ഭയപ്പെടുത്തലൊന്നും ഇങ്ങോട്ടുവേണ്ടെന്ന് കെ.എം.ഷാജി എംഎൽഎ. കോവിഡിന്റെ മറവിൽ ഏകപക്ഷീയമായ ഭരണകൂട ഭീകരതയാണ് ഇപ്പോൾ നടപ്പിലാക്കുന്നതെന്നും ഷാജി പറഞ്ഞു. ആരോഗ്യമന്ത്രി യുഎൻ വെബ് സെമിനാറിൽ പോയിരുന്നതിനെ എന്തോ വലിയ അവാർഡ് കിട്ടിയതുപോലെയാണ് പറയുന്നത്.
കോവിഡിനെ തോൽപ്പിച്ച ന്യൂസിലാൻഡിന്റെയോ സ്വീഡന്റെയോ ഓസ്ട്രേലിയയുടെയോ പ്രതിനിധി ആ സെമിനാറിൽ പങ്കെടുത്തോ എന്ന് ‘ടീച്ചർ’ പറയണം. ചൈനയുമായുള്ള ബന്ധം കാരണം അവിടുത്തെ കണക്ക് പൂഴ്ത്തിവയ്ക്കുകയാണെന്ന് ആരോപിച്ചാണ് യുഎസ് ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം വിച്ഛേദിച്ചതായി പറഞ്ഞത്.
ചൈനയുമായി അടുത്ത ബന്ധമുള്ളതിനാലാണോ വെബ്സെമിനാറിൽ പങ്കെടുക്കാൻ ‘ടീച്ചർ’ ക്ഷണിക്കപ്പെട്ടത് എന്നു ചോദിക്കുന്നത് രാഷ്ട്രീയവിരുദ്ധതയായി കാണരുത്. ‘ടീച്ചറെ’ന്നു വിളിച്ചത് സ്ത്രീവിരുദ്ധമാണെന്നു ആരോപിക്കരുത്. ഗംഭീരമന്ത്രിയാണ് ‘ടീച്ചറെ’ങ്കിൽ പിന്നെ അറിയാത്ത കാര്യം പറയാൻ മുഖ്യമന്ത്രി വരുന്നതെന്തിനാണെന്നും ഷാജി ചോദിച്ചു. കോവിഡിന്റെ കാലത്ത് ഇനിയും ഷുക്കൂർമാരെയുണ്ടാക്കുമെന്നൊക്കെ ഡിവൈഎഫ്ഐക്കാർക്ക് വിളിച്ചു പറയാം. കുഞ്ഞനന്തനു കൊടുത്ത മരണാനന്തര ബഹുമതിയാണ് മലപ്പുറത്തു ഡിവൈഎഫ്ഐക്കാരുടെ ആ മുദ്രാവാക്യം.
ഇതൊക്കെ പറയുമ്പോൾ പിണറായി പറയുന്നത് രാഷ്ട്രീയം പറയരുതെന്നാണ്. എന്നാൽ ഇടതുപക്ഷം മുല്ലപ്പള്ളിക്കെതിരെ കുരച്ചുചാടുന്നത് രാഷ്ട്രീയമല്ലായിരിക്കും. മാസ്ക് മുറുക്കിക്കെട്ടി തങ്ങളുടെ വായടപ്പിക്കാമെന്നു പിണറായി കരുതരുത്. ‘വാക്കുകൾക്ക് മറുവാക്കില്ലാത്ത’ ചൈനയല്ല ഇന്ത്യയെന്ന് അതിർത്തിയിൽനിന്ന് കമ്യൂണിസ്റ്റുകൾ മനസിലാക്കിയില്ലെങ്കിലും കേരളത്തിൽനിന്ന് മനസിലാക്കണമെന്നും കെ.എം.ഷാജി എംഎൽഎ പറഞ്ഞു. മുസ്‌ലിം യൂത്ത് ലീഗ് സത്യാഗ്രഹസമര വേദിയിൽ പ്രസംഗിക്കുകയായിരുന്നു ഷാജി.