ന്യൂഡൽഹി∙ ലഡാക്കിൽ ഒന്നിലധികം പ്രദേശങ്ങളിൽ ചൈനയുടെ ഇടപെടൽ ഉണ്ടായെന്ന റിപ്പോർട്ടുകളെ തുടർന്ന് ഇവിടങ്ങളിൽ എയർ പട്രോൾ ശക്തമാക്കിയെന്ന് വ്യോമസേന. കഴിഞ്ഞ കുറച്ചു മാസങ്ങളായി ചൈനയുടെ യുദ്ധവിമാനങ്ങൾ ഒന്നും ഇന്ത്യയുടെ വ്യോമാതിർത്തിയിൽ എത്തിയിട്ടില്ലെന്ന് എയർ ചീഫ് മാർഷൽ ആർ.കെ.എസ്.ഭദൗരിയ വ്യക്തമാക്കി. നേരത്തെ ടിബറ്റിനു മുകളിലൂടെയുള്ള ചൈനയുടെ വ്യോമ പ്രവർത്തനങ്ങളെ ഇന്ത്യ നിരീക്ഷിച്ചിരുന്നു.
ഏതു സാഹചര്യത്തെയും നേരിടാൻ ഞങ്ങൾ തയാറാണ്, ഏത് അവസ്ഥയേയും പ്രതിരോധിക്കും. അതിൽ ആവശ്യാനുസരണമുള്ള എയർ പട്രോളിങ്ങും ഉൾപ്പെടും’– ഭദൗരിയ പറഞ്ഞു. ഹൈദരാബാദ് ദുൻഡുഗലിലെ വ്യോമയാന അക്കാദമിയുടെ ബിരുദദാന പരേഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗൽവാനിൽ രാജ്യത്തിനു വേണ്ടി സൈനികർ ചെയ്ത ജീവത്യാഗം വെറുതെയാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കശ്മീർ, ലഡാക് എന്നിവിടങ്ങളിൽ രണ്ടു ദിവസത്തെ പര്യടനത്തിനു ശേഷമാണ് അദ്ദേഹം ദുൻഡിഗലിൽ എത്തിയത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ചൈനയുടെ വ്യോമയാന പ്രവർത്തനങ്ങൾ ഇന്ത്യൻ വ്യോമസേന നിരീക്ഷിച്ചുവരികയാണ്. വേനലിൽ പരീശീലനത്തിനായി ചൈന അവരുടെ വിമാനങ്ങൾ വിന്യസിക്കാറുണ്ട്, എന്നാൽ ഈ വർഷം അതിന്റെ എണ്ണത്തിൽ വൻ വർധനവുണ്ടായെന്നും അദ്ദേഹം പറഞ്ഞു.
ലഡാക്കിലെ ലേയിൽ ഇന്ത്യൻ വ്യോമസേനയുടെ അപ്പാച്ചി യുദ്ധവിമാനവും മിഗ് 29 വിമാനത്തിന്റെയും സാന്നിധ്യം കണ്ടതിന്റെ ചിത്രങ്ങൾ പുറത്തുവന്നതിനു പിറ്റേദിവസമാണ് എയർ ചീഫിന്റെ പരാമർശം. ലോകത്തിലെ ഏറ്റവും നൂതനമായ ആക്രമണ ഹെലികോപ്റ്ററായാണ് അപ്പാച്ചി കണക്കാക്കപ്പെടുന്നത്. ലേയിലെ വ്യോമത്താവളത്തില്‍ ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ സജ്ജമായി കഴിഞ്ഞു. ആണവ മിസൈൽ വഹിക്കാൻ ശേഷിയുള്ള സുഖോയ്, മിറാഷ്, ജാഗ്വർ യുദ്ധവിമാനങ്ങളും ആക്രമണക്കരുത്തുള്ള അപ്പാച്ചി, സേനാംഗങ്ങളെ എത്തിക്കുന്നതിനുള്ള ചിനൂക് ഹെലികോപ്റ്ററുകളുമാണ് ചൈനയെ ലക്ഷ്യമിട്ട് ഇവിടെ നിലയുറപ്പിച്ചിട്ടുണ്ട്.