ചാലിശ്ശേരി (കുന്നംകുളം): യാക്കോബായ-ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിൽ തർക്കം നിലനിന്നിരുന്ന ചാലിശേരി പള്ളി കോടതി വിധിയെ തുടർന്ന് ഓർത്തഡോക്സ് വിഭാഗത്തിന് ലഭിച്ചു. നൂറ്റാണ്ടുകളായി യാക്കോബായ സഭയുടെ ഭാഗമായി ആരാധന നടത്തിയിരുന്ന പാലക്കാട് ജില്ലയിലെ ചാലിശേരി സെൻറ് പീറ്റേഴ്സ് ആൻറ് സെൻറ് പോൾസ് യാക്കോബായ സുറിയാനി പള്ളിയാണ് പൊലീസ് സംരക്ഷണത്തിൽ ആർ.ഡി.ഒക്ക് വേണ്ടി പട്ടാമ്പി തഹസിൽദാർ ശ്രീജിത്ത് ഏറ്റെടുത്തത്. തുടർന്ന് തഹസിൽദാർ പള്ളിയുടെ താക്കോൽ ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറി.
യാക്കോബായ വിഭാഗക്കാർ രാത്രിയിൽതന്നെ പള്ളിയിൽ കുത്തിയിരിപ്പ് നടത്തുമെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു പൊലീസ് എത്തിയത്. തുടർന്ന് പൊലീസുമായി പുലർച്ചെ ഭരണ സമിതിയംഗങ്ങൾ മുൻപറഞ്ഞ കാര്യങ്ങൾ വിശദീകരിച്ചു.
രാവിലെ നിലവിലെ പള്ളി വികാരി ഫാ. ജെയിംസ് ഡേവീഡിെൻറ നേതൃത്വത്തിൽ കുർബ്ബാന അർപ്പിച്ചു. ശേഷം റവന്യൂ -പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ റവന്യൂ സംഘം പള്ളിക്കുള്ളിലെ സാധനങ്ങളുടെ കണക്കെടുപ്പ് പൂർത്തിയാക്കി. താക്കോൽ പട്ടാമ്പി തഹസിൽദാർ ശ്രീജിത്തിന് കൈമാറി.
ഷൊർണൂർ ഡിവൈ.എസ്.പി മുരളീധരെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം പള്ളിയുടെ നിയന്ത്രണം രാവിലെതന്നെ ഏറ്റെടുത്തു. പിന്നീട് തഹസിൽദാർ പള്ളി അടച്ച് പൊലീസ് കാവൽ ഏർപ്പെടുത്തി. വൈകീട്ട് ഓർത്തഡോക്സ് വിഭാഗത്തിലെ വൈദികൻ ഫാദർ മാത്യൂ ജെക്കബിന് ആർ.ഡി.ഒ താക്കോൽ കൈമാറി.
ചാലിശ്ശേരിയിൽ അന്ത്യോഖ്യാ സിംഹാസന പ്രതിനിധി യൂയാക്കീം മാർ കൂറിലോസ് ബാവയാണ് എ.ഡി 1865 ൽ പള്ളി സ്ഥാപിച്ചത്. 1995 സുപ്രീം കോടതി വിധിയെ തുടർന്ന് യാക്കോബായ സഭയുടെ തൃശൂർ ഭദ്രാസനാധിപൻ മറുവിഭാഗത്തേക്ക് കൂറ് മാറിയതിനെ തുടർന്നാണ് ഈ പള്ളിയിൽ ഇരു വിഭാഗങ്ങൾ തമ്മിൽ തർക്കം തുടങ്ങിയത്.