തിരുവനന്തപുരം: സംസ്ഥാനത്തെ നാല് സർക്കാർ ലോ കോളജുകളിൽ ത്രിവത്സര/പഞ്ചവത്സര എൽഎൽ.ബി കോഴ്സുകൾക്ക് അധിക ബാച്ചിന് അനുമതി നൽകി ഉത്തരവ്. ത്രിവത്സര കോഴ്സിന് മൂന്നും പഞ്ചവത്സര കോഴ്സിന് രണ്ടും അധിക ബാച്ചാണ് ബാർ കൗൺസിൽ ഒാഫ് ഇന്ത്യ അംഗീകാരത്തിന് വിധേയമായി ആരംഭിക്കുന്നത്. നിലവിലെ ബാച്ചുകളിലെ സീറ്റ് ബാർ കൗൺസിൽ 60 ആക്കി വെട്ടിക്കുറച്ചതിനെ തുടർന്നാണ് അധിക ബാച്ചിന് സർക്കാർ തീരുമാനിച്ചത്.
തിരുവനന്തപുരം ഗവ. ലോ കോളജിൽ പഞ്ചവത്സര ബി.എ എൽഎൽ.ബി (ഇംഗ്ലീഷ് ലിറ്ററേചർ) കോഴ്സിനാണ് അധിക ബാച്ച്. എറണാകുളം, തൃശൂർ ഗവ. ലോ കോളജുകളിൽ ത്രിവത്സര കോഴ്സിലാണ് അധിക ബാച്ച്. കോഴിക്കോട് ഗവ. ലോ കോളജിൽ ത്രിവത്സര എൽഎൽ.ബിക്കും പഞ്ചവത്സര എൽഎൽ.ബിക്കും (ബി.ബി.എ) ഒാരോ ബാച്ച് വീതം അധികം അനുവദിച്ചു. അഞ്ചു ബാച്ചിലും 60 വീതം സീറ്റാണുള്ളത്.
ഇതോടെ ത്രിവത്സര കോഴ്സിൽ 180 സീറ്റും പഞ്ചവത്സര കോഴ്സിൽ 120 സീറ്റും വർധിക്കും. നേരത്തെ ത്രിവത്സര കോഴ്സിന് നാല് കോളജുകളിലും 100 വീതം സീറ്റും പഞ്ചവത്സര കോഴ്സിന് 80 വീതം സീറ്റുമാണ് ഉണ്ടായിരുന്നത്. സ്വാശ്രയ കോളജുകളിൽ സീറ്റ് വർധിച്ചപ്പോൾ സർക്കാർ കോളജുകളിൽ സീറ്റ് കുറഞ്ഞത് വിമർശന വിധേയമായിരുന്നു.