തിരുവനന്തപുരം: കോൺഗ്രസിൽ നിന്നൊരു സർ സംഘ്ചാലകിന്‍റെ ആവശ്യം തങ്ങൾക്ക് ഇല്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി നടത്തുന്ന ഉപവാസ സമരത്തില്‍ വിഡിയോ കോൺഫറൻസ് വഴി സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍. കോൺഗ്രസിനുള്ളിലെ ആർ.എസ്.എസ് സർസംഘ്ചാലകായി ചെന്നിത്തല മാറിയെന്ന് ഇന്നലെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നു.
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നയെ കസ്റ്റഡിയിൽ വാങ്ങിക്കാനുള്ള പൊലീസ് നീക്കം കേസ് അട്ടിമറിക്കാനാണെന്ന് സുരേന്ദ്രൻ ആരോപിച്ചു. കേസിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് കോടിയേരി ബാലകൃഷ്ണന്‍റെ ശ്രമം. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയെ ന്യായീകരിക്കാന്‍ കോടിയേരിക്ക് യാതൊരു ധാര്‍മിക അവകാശവുമില്ല. കോടിയേരിയുടെ മകനുമായി ബന്ധപ്പെട്ട രണ്ട് വിവാദ വിഷയങ്ങളില്‍ പണം കൊടുത്ത് ഒത്തുതീര്‍പ്പാക്കിയത് എങ്ങനെയാണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
സ്വര്‍ണക്കടത്തിന്‍റെയും അതുമായി ബന്ധപ്പെട്ട അഴിമതികളുടെയും പ്രഭവ കേന്ദ്രം സി.പി.എം നേതാക്കളാണ്. ഇതില്‍ നിന്നൊക്കെ ശ്രദ്ധ തിരിച്ചുവിടാനാണ് കോടിയേരിയുടെ ശ്രമം. ഞങ്ങള്‍ക്ക് പുതിയ സര്‍സംഘചാലകിന്‍റെ ആവശ്യമൊന്നുമില്ലെന്ന് കോടിയേരിയോട് വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. രമേശ് ചെന്നിത്തലയുടെയോ എസ്. രാമചന്ദ്രന്‍ പിള്ളയുടേയോ പൂര്‍വകാലവും ഞങ്ങള്‍ക്ക് ബാധകമല്ല.
രമശ് ചെന്നിത്തലയെ രക്ഷിക്കുന്നത് സി.പി.എമ്മാണ്. ചെന്നിത്തലയുടെ പേരിലുള്ള വിജിലന്‍സ് കേസുകള്‍ അട്ടിമറിച്ചത് സി.പി.എം നേതാക്കളാണ്. കുഞ്ഞാലിക്കുട്ടിയെയും രക്ഷിച്ചത് സി.പി.എമ്മാണ്. മാറാട് കേസ് ഒത്തുതീര്‍പ്പാക്കിയത് എൽ.ഡി.എഫും യു.ഡി.എഫും ചേര്‍ന്നാണ്. അതുകൊണ്ട് കാര്യങ്ങള്‍ വളച്ചൊടിച്ച് ശ്രദ്ധ തിരിച്ചുവിടാനുള്ള നീക്കം വിലപ്പോവില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
ബി.ജെ.പി സമരത്തിന്‍റെ ഭാഗമായി ഒ. രാജഗോപാല്‍ എം.എൽ.എ ആണ് ആദ്യം ഉപവാസ സമരം നടത്തിയത്.