ന്യൂഡൽഹി ∙ കോവിഡിനെതിരായ സാധ്യതാ വാക്സിനുകളിലൊന്നിന് മനുഷ്യരിൽ പ്രായോഗിക പരീക്ഷണം നടത്താൻ ഇന്ത്യയിൽ അനുമതി. ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക്, തദ്ദേശീയമായി വികസിപ്പിച്ച ‘കോവാക്സിന്’ ആദ്യ ഗവേഷണ ഫലങ്ങൾ വിജയകരമായതിന്റെ അടിസ്ഥാനത്തിലാണ് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ അനുമതി.
ജൂലൈ മുതൽ ഇന്ത്യയുടെ പല ഭാഗങ്ങളിലായി ഇതു പരീക്ഷിക്കുമെന്നു കമ്പനി വ്യക്തമാക്കി. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎംആർ), നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എൻഐവി) എന്നിവയുമായി സഹകരിച്ചാണ് ഭാരത് ബയോടെക് ഇതു വികസിപ്പിച്ചത്. വാക്സിൻ പരീക്ഷണത്തിനാവശ്യമായ കൊറോണ വൈറസ് (സ്ട്രെയിൻ) എൻഐവി വേർതിരിച്ചെടുത്ത ശേഷം ഭാരത് ബയോടെക്കിനു കൈമാറുകയായിരുന്നു. ഹൈദരാബാദ് ജീനോം വാലിയിൽ, ഭാരത് ബയോടെക്കിന്റെ പ്രത്യേക സംവിധാനത്തിലായിരുന്നു ഗവേഷണം.
വാക്സിൻ ഗവേഷണത്തിലെ ആദ്യ കടമ്പകൾ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് അംഗീകാരം ലഭിച്ചതെന്നു ഭാരത് ബയോ ടെക് മേധാവി ഡോ. കൃഷ്ണ എല്ല പറഞ്ഞു. ഔദ്യോഗിക പ്രതികരണം നടത്താൻ ആരോഗ്യമന്ത്രാലയവും ഐസിഎംആറും തയാറായില്ല. ഇന്ത്യയിൽ നിന്നടക്കം നൂറോളം കമ്പനികളും ഗവേഷണ സ്ഥാപനങ്ങളും ലോകത്താകെ കോവിഡിനെതിരായ വാക്സിനു വേണ്ടിയുള്ള ശ്രമത്തിലാണ്. മനുഷ്യരിലെ പരീക്ഷണം മറ്റു പലയിടത്തും നടന്നെങ്കിലും ഇന്ത്യയിൽ ആദ്യം.
ഇനി നിർണായക ഘട്ടം പ്രായോഗിക ഘട്ടത്തിലേക്കു കടക്കും മുൻപുള്ള പ്രീ ക്ലിനിക്കൽ ട്രയൽ ആണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്. വാക്സിനുകൾ പൊതുവേ പരാജയപ്പെടാൻ സാധ്യതയേറെയുള്ള നിർണായകമായ പ്രായോഗിക പരീക്ഷണ ഘട്ടമാണ് ഇനി. 3 വ്യത്യസ്ത പരീക്ഷണ കടമ്പകൾ ഇതിനു പൂർത്തിയാക്കണം. ആദ്യം, വാക്സിന് എന്തെങ്കിലും വിപരീത ഫലം ഉണ്ടോയെന്നറിയാനുള്ള ഒന്നാം ഘട്ടം. 40–50 പേരിൽ പരീക്ഷിക്കും. പിന്നീട് ഇതിന്റെ ഫലപ്രാപ്തിയെക്കുറിച്ചുള്ള വിപുലമായ പരീക്ഷണം അടങ്ങുന്ന രണ്ടാം ഘട്ടം. ഫലപ്രാപ്തി, സുരക്ഷിതത്വം, കാര്യക്ഷമത, കാലാവധി തുടങ്ങിയ കാര്യങ്ങളിലും പരീക്ഷണം നടത്തിയ ശേഷമേ അംഗീകാരത്തിന്റെ ഘട്ടത്തിലേക്കു കടക്കൂ.