കൊച്ചി ∙ ‘ഉണ്ണീ…’ എന്നു ഡോ. മേരി അനിത വിളിക്കുമ്പോൾ അവൻ മോണകാട്ടി ചിരിച്ചു മറിയും! അമ്മയോളം നിർവൃതിയോടെ അനിതയും അതു കണ്ടു ചിരിക്കും. അപ്പോൾ, ഒരുപാടകലെ കുഞ്ഞിന്റെ അച്ഛനും കൊച്ചിയിലെ ഒരാശുപത്രിയിൽ അമ്മയും നിറകൺചിരിയോടെ ആശ്വസിക്കും! കോവിഡ് പോസിറ്റീവായ മാതാപിതാക്കളുടെ 6 മാസം മാത്രം പ്രായമുള്ള കുരുന്നിന്റെ സംരക്ഷണം ഏറ്റെടുത്ത് അവനൊപ്പം ക്വാറന്റീനിൽ പ്രവേശിച്ചതാണ് ഡോ. മേരി അനിത. ഹരിയാനയിലെ ആശുപത്രിയിൽ നഴ്സിങ് ജോലിയിലായിരുന്നു പെരുമ്പാവൂർ സ്വദേശികളായ ദമ്പതികൾ. കോവിഡ് കാലത്തെ ആശുപത്രി സേവനത്തിനിടയിൽ ആദ്യം ഉണ്ണിയുടെ പിതാവിനു രോഗം പിടിപെട്ടു. അദ്ദേഹം ആശുപത്രിയിലായതോടെ ഭാര്യയും ജന്മനാ വൃക്കരോഗമുള്ള കുഞ്ഞും നാട്ടിലേക്കു തിരിച്ചു. നാട്ടിൽ ക്വാറന്റീനിൽ കഴിയവേ, അമ്മയും കോവിഡ് പോസിറ്റീവായി. അപ്പോൾതന്നെ കുഞ്ഞിനെയും പരിശോധിച്ചു; ഫലം നെഗറ്റീവ്.
അവിടെ തുടങ്ങി പ്രതിസന്ധി. കോവിഡ് പോസിറ്റീവായ ആളുകളുടെ വാർഡിൽ എങ്ങനെ കുഞ്ഞിനെ താമസിപ്പിക്കും? മുലപ്പാൽ മാത്രം കുടിക്കുന്ന കുഞ്ഞിനെ ആരെ ഏൽപിക്കും? പെരുമ്പാവൂരിലെ വീട്ടിലുള്ളതു പിതാവിന്റെ മുത്തശ്ശിയും രോഗിയായ മുത്തച്ഛനും മാത്രം. മെഡിക്കൽ കോളജിലെ ഡോക്ടർമാരും അധികൃതരും കുഴങ്ങി. ശിശുക്ഷേമ സമിതി മുൻപാകെ പ്രശ്നമെത്തി. ഒടുവിൽ, അന്വേഷണം ഭിന്നശേഷിക്കാരായ കുട്ടികൾക്കുവേണ്ടി 12 വർഷമായി സെന്റർ ഫോർ എംപവർമെന്റ് ആൻഡ് എൻറിച്ച്മെന്റ് എന്ന സ്ഥാപനം നടത്തുന്ന ഡോ. അനിതയിലെത്തി.
ഇത്തരം കുട്ടികൾക്കായി എറണാകുളം ജില്ലാ ഭരണകൂടം നടത്തുന്ന ‘ജ്യോതി’ എന്ന പദ്ധതിയുടെ നോഡൽ ഓഫിസർ കൂടിയായ അനിത ആ ദൗത്യം ഏറ്റെടുത്തു. അഭിഭാഷകനായ ഭർത്താവും 3 മക്കളും പിന്തുണച്ചു. അങ്ങനെ ഉണ്ണിക്കൊപ്പം അനിത കഴിഞ്ഞ 15നു ക്വാറന്റീനിൽ പ്രവേശിച്ചു. 19നു കുഞ്ഞിന്റെ രണ്ടാം ടെസ്റ്റിലും ഫലം നെഗറ്റീവ്. കുഞ്ഞിന്റെ പിതാവിനു ഹരിയാനയിൽ നടത്തിയ പരിശോധനാഫലം നെഗറ്റീവായിട്ടുണ്ട്. പക്ഷേ, 2 ടെസ്റ്റുകൾകൂടി നെഗറ്റീവായാലേ ആശുപത്രി വിടാനാകൂ. ആശുപത്രിവിട്ടു നാട്ടിലെത്തിയാൽ പിന്നെയും 14 ദിവസം ക്വാറന്റീനിൽ കഴിയണം. അതു കഴിഞ്ഞേ ഉണ്ണിയെ ഏറ്റെടുക്കാനാകൂ.
അമ്മയുടെ പരിശോധനാഫലങ്ങളും നെഗറ്റീവാകണം. അതുവരെ കുഞ്ഞിനെ സംരക്ഷിക്കാൻ താനുണ്ടെന്ന ഉറപ്പു പറയുന്നു അനിത. കുഞ്ഞിന്റെ മാതാപിതാക്കളുമായി അനിത വിഡിയോ കോളിൽ സംസാരിക്കും. കുഞ്ഞിനെ കാണിച്ചുകൊടുക്കും. അവർക്ക് അനിത മാലാഖയാണ്. പ്രതിസന്ധിയിൽ കരുണയുടെ കരങ്ങൾ നീട്ടിത്തന്ന കാരുണ്യസ്പർശം. അനിത പറയും, ‘മൂന്നു കുട്ടികളുടെ അമ്മയാണു ഞാൻ. എന്നിലെ അമ്മയാണിതു ചെയ്യുന്നത്.’