മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച ഒരുകൂട്ടം താരങ്ങളുമായി ഇന്ത്യൻ ക്രിക്കറ്റിന്റെ തലവര മാറ്റിയ ക്യാപ്റ്റനാണ് ഇപ്പോൾ ബിസിസിഐ പ്രസിഡന്റ് കൂടിയായ സൗരവ് ഗാംഗുലി. കടലാസിലെ പുലികളായി ഒതുങ്ങിപ്പോയിരുന്ന ടീമിനെ കളത്തിലും പുലികളാക്കിയ ക്യാപ്റ്റൻ. സച്ചിൻ തെൻഡുൽക്കർ, രാഹുൽ ദ്രാവിഡ്, വി.വി.എസ്. ലക്ഷ്മൺ, വീരേന്ദർ സേവാഗ്, ജവഗൽ ശ്രീനാഥ്, ഹർഭജൻ സിങ്, അനിൽ കുംബ്ലെ, സഹീർ ഖാൻ തുടങ്ങിയ താരനിരയായിരുന്നു ഗാംഗുലിയുടെ ടീമിന്റെ കരുത്ത്. ഗാംഗുലി തുടങ്ങിവച്ച മാറ്റത്തിന്റെ കാറ്റ് കരുത്താക്കിയാണ് മഹേന്ദ്രസിങ് ധോണിയുടെ നേതൃത്വത്തിൽ ഇന്ത്യ ട്വന്റി20, ഏകദിന ലോകകപ്പുകൾ നേടിയത്.
ധോണി യുഗ’ത്തിനുശേഷം വിരാട് കോലിയുടെ നേതൃത്വത്തിൽ സ്ഥിരതയാർന്ന പ്രകടനങ്ങളിലൂടെ ലോക ഒന്നാം നമ്പർ ടീമായി ഇരിപ്പുറപ്പിച്ചിരിക്കുകയാണ് ടീം ഇന്ത്യ. എന്തിനും പോന്ന ഒരുകൂട്ടം താരങ്ങളാണ് കോലിയുടെയും കരുത്ത്. ഇപ്പോഴത്തെ ഇന്ത്യൻ ടെസ്റ്റ് ടീമിൽനിന്ന് തന്റെ ടീമിലേക്ക് താരങ്ങളെ തിരഞ്ഞെടുക്കാൻ ഒരു അവസരം ലഭിച്ചാൽ സൗരവ് ഗാംഗുലി ആരെയൊക്കെയാകും തിരഞ്ഞെടുക്കുക? വെറും സാങ്കൽപ്പികമാണെങ്കിലും ഈ ചോദ്യം കഴിഞ്ഞ ദിവസം ഗാംഗുലിക്കു മുന്നിലും ഉയർന്നു. ഗാംഗുലിയുമായുള്ള ലൈവ് ചാറ്റിനിടെ ഇന്ത്യൻ താരം മായങ്ക് അഗർവാളാണ് ഈ ചോദ്യം ഉയർത്തിയത്. ഗാംഗുലിയുടെ പ്രതികരണം ഇങ്ങനെ:
ഓരോ തലമുറയിലെയും താരങ്ങൾ വ്യത്യസ്തരായതിനാൽ ഈ ചോദ്യത്തിന് ഉത്തരം നൽകുക ശ്രമകരമാണ്. ഇപ്പോഴത്തെ ഇന്ത്യൻ ടീമിൽനിന്ന് വിരാട് കോലി, രോഹിത് ശർമ എന്നിവരെ തീർച്ചയായും ഞാൻ തിരഞ്ഞെടുക്കും. എനിക്ക് വീരേന്ദർ സേവാഗുള്ളതിനാൽ താങ്കളെ (മായങ്കിനെ) വേണ്ട. സഹീർ ഖാന് കൂട്ടായി ജസ്പ്രീത് ബുമ്രയെ തിരഞ്ഞെടുക്കും. ജവഗൽ ശ്രീനാഥ് വിരമിച്ചശേഷം മുഹമ്മദ് ഷമിയെയും ടീമിലെടുക്കും. ഹർഭജനും കുംബ്ലെയും ഉള്ളതിനാൽ മൂന്നാം സ്പിന്നറായി അശ്വിനെ ഉൾപ്പെടുത്താം. ഇവർക്കു പുറമെ തീർച്ചയായും രവീന്ദ്ര ജഡേജയും എന്റെ ടീമിലുണ്ടാകും’ – ഗാംഗുലി പ്രതികരിച്ചു. ഇന്ത്യൻ ടെസ്റ്റ് ടീം സ്പെഷലിസ്റ്റുകളായ ചേതേശ്വർ പൂജാര, അജിൻക്യ രഹാനെ, പേസ് ബോളർ ഇഷാന്ത് ശർമ എന്നിവരാണ് ‘ഗാംഗുലിയുടെ ടീ’മിൽനിന്ന് ‘പുറത്തായ’ കോലിയുടെ ടീമിലെ പ്രമുഖർ.