ദുബൈ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടു മലയാളികൾ യു.എ.ഇയിലും സൗദിയിലുമായി മരിച്ചു. മലപ്പുറം തിരൂർ നിറമരുതൂർ മങ്ങാട് സ്വദേശി ഉമർബാവയാണ് (58) യു.എ.ഇയിലെ ഫുജൈറയിൽ മരിച്ചത്. ഇവിടെ സ്വകാര്യസ്ഥാപനത്തിൽ പി.ആർ.ഒ ആയിരുന്നു. കഴിഞ്ഞ ദിവസം കുഴഞ്ഞുവീണ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ച ശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഖബറടക്കം യു.എ.ഇയിൽതന്നെ നടക്കും. പിതാവ്: മുണ്ടേക്കാട്ട് വീട്ടിൽ മുഹമ്മദ് ബാവ ഹാജി. മാതാവ്: ആയിശക്കുട്ടി. ഭാര്യ: റംലത്ത്. മക്കൾ: നസറുദ്ദീൻ (സൗദി), അബൂസാമത്ത് (ഫുജൈറ), മഖ്ബൂൽ (ഷാർജ), മെഹ്റുന്നിസ. മരുമക്കൾ: ഷക്കീല ബാനു, അന്നത്ത്, ഫാരിഷ, ഉവൈസ്.
പയ്യന്നൂർ വെള്ളൂരിനടുത്ത് പുതിയവീട്ടിൽ ജയപ്രകാശ് (48) ആണ് റിയാദിൽ മരിച്ചത്. സുവൈദി അൽഹമ്മാദി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. റിയാദ് ‘തറവാട് കൂട്ടായ്മ’യുടെ സജീവ പ്രവർത്തകനാണ്. സ്വകാര്യ കമ്പനിയിൽ സീനിയർ ഡിസൈനറായിരുന്നു. പുതിയ വീട് നിർമാണത്തിനിടെയാണ് അന്ത്യം. പത്മനാഭൻ നമ്പ്യാർ-കാമാക്ഷിയമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: പ്രിയ (പുതിയതെരു). മക്കൾ: നവനീത്, നന്ദന. സഹോദരങ്ങൾ: അരവിന്ദാക്ഷൻ, സുമ (പെരിന്തൽമണ്ണ), പരേതനായ പത്മാക്ഷൻ.