കൊച്ചി ∙ എങ്ങനെ കേന്ദ്ര പദ്ധതികളിൽനിന്നു കേരളത്തിനു കൂടുതൽ തുക നേടിയെടുക്കാം? ബജറ്റ് പ്രഭാഷണത്തിനു ശേഷമുള്ള ചോദ്യോത്തര വേളയിലാണു ഡോ. സുദീപ്തോ മണ്ഡലിനെത്തേടി കൗതുകകരമായ ചോദ്യമെത്തിയത്. സംസ്ഥാന ധനമന്ത്രിമാരുടെ മിടുക്കു പോലിരിക്കും അതെന്നായിരുന്നു ചിരിയോടെ അദ്ദേഹത്തിന്റെ മറുപടി. ‘കേരള ധനമന്ത്രി തോമസ് ഐസക്കും കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലിയും സുഹൃത്തുക്കളാണ്. കൂടുതൽ വിഹിതം നേടിയെടുക്കേണ്ടത് തോമസ് ഐസക്കാണ്.’ നോട്ടു പിൻവലിക്കൽ മുതൽ മൊത്ത ആഭ്യന്തര വളർച്ചാ നിരക്കിനെപ്പറ്റി വരെയുള്ള ചോദ്യങ്ങളാണു ബജറ്റ് പ്രഭാഷണത്തിനു ശേഷം ഡോ. സുദീപ്തോ മണ്ഡലിനു മുന്നിൽ സദസ് ഉയർത്തിയത്. അടിസ്ഥാന സൗകര്യ വികസനത്തിന്റെ വേഗം കുറയ്ക്കുന്നതു പണച്ചുരുക്കമല്ല, മറ്റു തടസ്സങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങൾ വികസിക്കണം. എന്നാൽ, അക്കാര്യത്തിൽ പല സംസ്ഥാനങ്ങളും ഒരുപോലെയല്ല. ഗുജറാത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഏറെയുണ്ട്. കേരളത്തിൽ അതു കുറവാണെന്നും അദ്ദേഹം പറഞ്ഞു. കയറ്റുമതി പ്രോൽസാഹിപ്പിക്കാൻ ബജറ്റിൽ നടപടികളില്ലെന്നു ചൂണ്ടിക്കാട്ടിയപ്പോൾ അദ്ദേഹം പറഞ്ഞതു മറുവശമാണ്. കൂടുതൽ മൽസരക്ഷമത കൈവരിക്കുകയാണു കയറ്റുമതി വ്യവസായികൾ ചെയ്യേണ്ടതെന്നായിരുന്നു അദ്ദേഹം വിലയിരുത്തിയത്. ഷെയ്ൽ ഗ്യാസ് സുലഭമായതു മൂലം പെട്രോളിയം വില കുറഞ്ഞുകൊണ്ടിരുന്ന കാലം മാറുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പെട്രോളിയം ഉൽപാദനം കുറയ്ക്കാൻ ഒപെക് രാജ്യങ്ങളും മറ്റ് എണ്ണ ഉൽപാദകരും ധാരണയിലെത്തിയതോടെ വില ഇനി വർധിക്കും. വിലക്കുറവിന്റെ അനുകൂല സാഹചര്യം ഇനി ഇന്ത്യ പോലുള്ള ഇറക്കുമതി രാജ്യങ്ങൾക്കു ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിനു സഹായം നേടേണ്ടത് ധനമന്ത്രി
RELATED ARTICLES