ന്യൂഡൽഹി: വിവാദ കാർഷിക ബില്ലുകളിൽ രാഷ്ട്രപതി ഒപ്പുവെച്ചതിനു പിന്നാലെ, നിയമം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് ടി.എൻ. പ്രതാപൻ എം.പി സുപ്രീംകോടതിയിൽ. നിയമത്തിലെ വിവിധ വ്യവസ്ഥകളുടെ ഭരണഘടന സാധുതയാണ് ഹരജിയിൽ ചോദ്യംചെയ്യുന്നത്. തുല്യത, വിവേചന രാഹിത്യം, ജീവിക്കാനുള്ള സ്വാതന്ത്ര്യം എന്നിവ മുൻനിർത്തിയുള്ള 14,15, 21 ഭരണഘടന അനുേഛദങ്ങളുടെ ലംഘനമാണ് കേന്ദ്ര നിയമമെന്ന് ഹരജിയിൽ കുറ്റപ്പെടുത്തി.
കാർഷികോൽപന്ന വിപണന സമിതി (എ.പി.എം.സി) കർഷകർക്ക് സംരക്ഷണ കവചമായി നിന്നില്ലെങ്കിൽ, ബഹുരാഷ്ട്ര കമ്പനികളുടെ കോർപറേറ്റ് ആർത്തി വിപണി കീഴടക്കും. കൃഷി ജീവനോപാധിയാക്കിയ ദരിദ്രരുടെ ദുഃസ്ഥിതി കാര്യമാക്കാതെ ലാഭേഛയോടെ പ്രവർത്തിക്കുന്നവരാണ് കോർപറേറ്റുകൾ. കർഷകർക്ക് മിനിമം താങ്ങുവിലയെങ്കിലും ഉറപ്പുനൽകി ചൂഷണം കുറച്ചുനിർത്തുന്നത് എ.പി.എം.സിയുടെ സാന്നിധ്യമാണ്.
വേണ്ടത്ര ചർച്ചയില്ലാതെ തിരക്കിട്ടാണ് ബില്ലുകൾ പാസാക്കിയത്. നിലവിലെ രൂപത്തിൽ നിയമവ്യവസ്ഥകൾ നടപ്പാക്കിയാൽ കർഷക സമൂഹത്തിെൻറ നാശത്തിൽ ചെന്നെത്തും. അനിയന്ത്രിതമായ സമാന്തര വിപണികൾ ചൂഷണത്തിന് തുറക്കപ്പെടും. കോർപറേറ്റുകളും വട്ടിപ്പണക്കാരും വിപണി നിയന്ത്രിക്കുമെന്നും ഹരജിയിൽ പറഞ്ഞു.