സർക്കാറിനോടും കെ.എം.എം.എല്ലിനോട് വിശദീകരണം തേടി
കൊച്ചി: തോട്ടപ്പള്ളി പൊഴിമുഖത്തുനിന്ന് കരിമണൽ കൊണ്ടുപോകുന്നത് ഹൈകോടതി താൽക്കാലികമായി തടഞ്ഞു. പുറക്കാട് പഞ്ചായത്ത് സ്റ്റോപ് മെമ്മോ നൽകിയ സാഹചര്യത്തിൽ മണൽ നീക്കം നിർത്തണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ നിർദേശിച്ചു.
പൊഴിമുഖത്തെ മണൽ നീക്കം ചോദ്യംചെയ്ത് തോട്ടപ്പള്ളി സ്വദേശി എം.എച്ച്. വിജയൻ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. കേന്ദ്ര ആണവോർജ വകുപ്പിനെ കേസിൽ കക്ഷിചേർത്തു. സർക്കാറിനോടും കെ.എം.എം.എല്ലിനോട് കോടതി വിശദീകരണം തേടി
കനാൽ വീതി കൂട്ടുന്നതിന് എതിരല്ലെന്നും ആണവ ധാതുമണൽ ഗണത്തിൽപെടുന്ന കരിമണൽ കൊണ്ടുപോകാൻ പരിസ്ഥിതി അനുമതി ആവശ്യമാണെന്നുമായിരുന്നു ഹരജിക്കാരുെട വാദം. അനിയന്ത്രിത മണൽ ഖനനം കടപ്പുറത്തെയും പൊഴിമുഖത്തെയും സമീപപ്രദേശങ്ങളെയും ബാധിക്കും. പൊഴിമണൽ കടത്തിന് മൈൻസ് ആൻഡ് മിനറൽസ് (ഡെവലപ്മെൻറ് ആൻഡ് റെഗുലേഷൻ) നിയമവും അറ്റോമിക് മിനറൽ കൺെസഷൻ ചട്ടവും ബാധകമാണെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടി. കുട്ടനാട്ടിലെ വെള്ളപ്പൊക്കം ഒഴിവാക്കാൻ സ്വാമിനാഥൻ കമീഷൻ റിപ്പോർട്ട് പ്രകാരം ദുരന്ത നിവാരണ നടപടികളുടെ ഭാഗമായി ചെയ്യുന്നതാണെന്നും പഞ്ചായത്തിന് ഇടപെടാനാവില്ലെന്നുമാണ് സർക്കാറിെൻറ വാദം. ജൂൺ ഒന്നിലെ സ്റ്റോപ് മെമ്മോക്ക് മറുപടി നൽകിയിട്ടുണ്ടെന്ന് കെ.എം.എം.എൽ അറിയിച്ചു. ഹരജി ചൊവ്വാഴ്ചത്തേക്ക് മാറ്റി.