തവക്കൽനാ’ ആപ്പിലൂടെ ഹറം സന്ദർശാനുമതി പത്രം നൽകും
മക്ക: കർശനമായ ആരോഗ്യ മുൻകരുതൽ പാലിച്ച് ത്വവാഫിനും ഉംറക്കും മസ്ജിദുൽ ഹറാം തുറന്നു കൊടുക്കാൻ ആലോചന. ഇതിനാവശ്യമായ പഠനവും പദ്ധതികളും ഇരുഹറം കാര്യാലയത്തിനു കീഴിലെ സുരക്ഷ, തിരക്കുകൾ കൈകാര്യം ചെയ്യുക വകുപ്പിനു കീഴിൽ നടന്നുവരുന്നതായി ഉഖാദ് പത്രം റിപ്പോർട്ട് ചെയ്തത്. മാസ്ക് ധരിക്കുക, സമൂഹ അകലം പാലിക്കുക തുടങ്ങി കർശന ആരോഗ്യ സുരക്ഷ മുൻകരുതൽ പാലിച്ചു കൊണ്ടായിരിക്കും ഹറമിലേക്ക് പ്രവേശനം നൽകുക.
തുടക്കത്തിൽ 40 ശതമാനമാളുകൾക്ക് മാത്രം പ്രവേശനാനുമതി നൽകാനാണ് ആലോചന. മുൻകൂട്ടി രജിസ്ട്രേഷൻ നടത്തിയായിരിക്കും പ്രവേശനാനുമതി നൽകുക. ‘തവക്കൽനാ’ ആപ്പിലാണ് ഇതിനുള്ള സൗകര്യം ഏർപ്പെടുത്തുക. ഹറം സന്ദർശാനുമതി പത്രം ഇതിലൂടെയാണ് ലഭിക്കുക. ഹറമിൽ പ്രവേശിക്കുേമ്പാൾ സ്വന്തം മൊബൈൽ നമ്പർ കവാടങ്ങളിൽ നൽകണം. ഹറമിനകത്തേക്കും പുറത്തേക്കും പ്രത്യേക കവാടങ്ങൾ നിശ്ചയിക്കും. പ്രവേശന കവാടങ്ങളിൽ താപനില അളക്കാൻ തെർമൽ കാമറകൾ സ്ഥാപിക്കും. ശരീരോഷ്മാവ് കൂടിയവരെ തടയും
. അങ്ങനെയുള്ളവരെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ അരികിലെത്തിച്ചു കൂടുതൽ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കുകയും പരിചരണം നൽകുകയും ചെയ്യും. കവാടങ്ങളിൽ ബോധവത്കരണത്തിന് വേണ്ട സാമഗ്രികൾ ഒരുക്കും. കൈകഴുകലും സ്റ്റെറിലൈസറുകളുടെ ഉപയോഗവും നിർബന്ധമാക്കും. ഹസ്തദാനത്തിന് നിരോധനമുണ്ടാവും. തുമ്മുേമ്പാൾ മര്യാദ പാലിക്കാൻ ആവശ്യപ്പെടും. ആളുകൾ തമ്മിൽ സുരക്ഷിത അകലം പാലിക്കണം, തിരക്ക് കൂട്ടരുത് തുടങ്ങിയ കർശന നിർദേശങ്ങളും നൽകും. ഇതെല്ലാം വിശദീകരിക്കുന്ന മാർഗനിർദേശങ്ങൾ രേഖപ്പെടുത്തിയ ബോർഡുകൾ സ്ഥാപിക്കും
. രോഗലക്ഷണമുള്ളവരോ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണമുള്ള ആളുകളുമായി സമ്പർക്കം പുലർത്തിയവരോ ഹറമിലേക്ക് വരരുതെന്ന് അറിയിച്ചുള്ള സന്ദേശങ്ങൾ പ്രചരിപ്പിക്കും. ഹറമിലേക്ക് വരുന്നതിനു മുമ്പ് നിർബന്ധമായും മാസ്ക് ധരിക്കാൻ ആവശ്യപ്പെടും. ഇൗ പറഞ്ഞ മുഴുവൻ കർശന വ്യവസ്ഥകളും പാലിച്ചാണ് പ്രവേശനം അനുവദിക്കുക. മത്വാഫ് ത്വവാഫിന് മാത്രമാക്കും. ഏറ്റവും മുകളിലെ നിലയാണ് ത്വവാഫുകാർക്ക് മാത്രമാക്കുക. ഒന്നാംനില പ്രായംകൂടിയവർക്കും ഭിന്ന ശേഷിക്കാർക്കും മാറ്റിവെക്കും
. ത്വവാഫിന് വരുന്നവർക്ക് പ്രവേശനത്തിന് കിങ് അബ്ദുൽ അസീസ് ഗേറ്റും ത്വവാഫ് കഴിഞ്ഞാൽ പുറത്തേക്ക് പോകാൻ ജുസ്ർനബി, സഫാ എന്നീ കവാടങ്ങളാണ് നിശ്ചയിക്കുന്നത്. ഇഹ്റാമില്ലാത്തവർക്ക് പ്രവേശിക്കാനും പുറത്തുപോകാനും 94, 89 എന്നീ നമ്പറിലുള്ള കവാടങ്ങൾ നിശ്ചയിക്കും. ത്വവാഫിനിടയിൽ സമൂഹ അകലം പാലിക്കാൻ പ്ലാസ്റ്റിക് ബാരിക്കേഡുകൾ വെക്കുക. ത്വവാഫിന് ആളെ കടത്തിവിടുന്നതിന് പ്രത്യേക സോർട്ടിങ് പോയിൻറുകൾ ഒരുക്കും.
നമസ്കരിക്കാനെത്തുന്നവർക്ക് കിങ് അബ്ദുല്ല കെട്ടിടത്തിെൻറ ഭാഗം തുറന്നുകൊടുക്കും. വെള്ളിയാഴ്ച ഹറമിനടുത്തും ഹറമിലേക്ക് എത്തുന്ന റോഡുകളിലും കർശന നിയന്ത്രണമേർപ്പെടുത്തും. ഹോട്ടലുകളിൽ കഴിയുന്നവരോട് ഹറമിലേക്ക് വരരുതെന്നും റൂമുകളിൽ നമസ്കരിക്കുന്നതിനും ആവശ്യം. ഹറമിനടുത്തുള്ള സ്ഥലങ്ങളിൽ ആരോഗ്യ പരിശോധന കേന്ദ്രങ്ങൾ ഒരുക്കും.