ഹാമാരിയുടെ ലോക്‌ഡൗണിൽ നിന്നു പ്രതീക്ഷകളുടെ അൺലോക്കിൽ ജനം നിരത്തുകളിലേക്കെത്തുമ്പോഴും സേവനരംഗത്തു ജാഗരൂകരാണ് രാജ്യത്തെ ആരോഗ്യപ്രവർത്തകർ. വൈറസിനെ പിടിച്ചുകെട്ടാനുള്ള പോരാട്ടത്തിൽ ജീവൻ പോലും തുലാസിൽ വച്ചാണ് അവർ രംഗത്തുള്ളത്. ഈ പശ്ചാത്തലത്തിൽ ഡൽഹിയിലെ നഴ്‌സിങ് സമൂഹത്തെ അഭിസംബോധന ചെയ്തെഴുതിയ ഒരു ലേഖനമാണിത്, ഡൽഹിക്കൊപ്പം ലോകമെമ്പാടുമുള്ള ആരോഗ്യപ്രവർത്തകർക്ക്, ഒപ്പം ആർക്കും ഈ മഹാമാരികാലത്തെ ഒരു സുരക്ഷാസൂചകമാണിത്.
ലോകചരിത്രത്തെ തന്നെ കൊറോണക്കു മുൻപും കൊറോണക്കു ശേഷവും എന്ന് ഒരുപക്ഷെ രേഖപ്പെടുത്താവുന്ന തരത്തിലേക്കാണു കാര്യങ്ങളുടെ പോക്ക്. ഇതിന്റെയൊക്കെ അവസാനം ഉണ്ടായേക്കാവുന്ന സാമ്പത്തിക, സാമൂഹിക മാറ്റങ്ങൾ ഊഹിക്കാനാവുന്നതിലും അപ്പുറമായേക്കാം. ഓരോ രാജ്യങ്ങളിലും ഓരോ രീതിയിൽ ഈ പ്രതിസന്ധിയെ മറികടക്കാൻ ശ്രമിക്കുന്നു എങ്കിലും പൂർണവിജയമായി ഒരു ദേശത്തിനും ഇതിനെ നേരിടാനായിട്ടില്ല. ചില വൻശക്തികളൊക്കെ കൊറോണയെ നേരിടുന്നതിൽ പൂർണപരാജയത്തിലേക്ക് കൂപ്പുകുത്തുന്നതും നമ്മളെ അമ്പരപ്പിക്കുന്നു.
സമ്പൂർണ ലോക്‌ഡൗണിനു ശേഷവും കുത്തനെ ഉയരുന്ന ഗ്രാഫ് നമ്മുടെ ആത്മവിശ്വാസത്തെ ചെറുതായൊന്നുമല്ല ഉലയ്ക്കുന്നത്. ഈ യുദ്ധത്തിൽ മുന്നണിപ്പോരാളികളോ, ബഹുഭൂരിപക്ഷം വരുന്ന മലയാളി നഴ്‌സുമാരും. ആധുനിക ആതുരസേവനത്തിനു നാന്ദി കുറിച്ച ഫ്ലോറൻസ് നൈറ്റിങ്ഗേലിന്റെ ഇരുന്നൂറാം ജന്മവർഷമായതിനാൽ, 2020 ഇയർ ഓഫ് നഴ്‌സസ് ആയി ലോകം മുഴുവൻ ആഘോഷിക്കുകയും ലോകത്തെമ്പാടും നഴ്‌സിങ് സംവിധാനങ്ങളിൽ കാതലായ മാറ്റങ്ങൾ നടത്തുവാനും ആരോഗ്യപരിപാലനരംഗത്തെ നമ്മുടെ വിലമതിക്കാനാവാത്ത സംഭാവനകളെ ആദരിക്കുവാനും ലോകാരോഗ്യ സംഘടന ലോകരാജ്യങ്ങളോട് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ കൊറോണയുടെ ആക്രമണത്തിൽ 2020 ശരിക്കും ലോകം മുഴുവൻ ‘നഴ്‌സസ് ഇയർ’ തന്നെയായി. അനിതരസാധാരണമായ പ്രതിസന്ധിയിൽ വൻശക്തികൾ പോലും ഇരുട്ടിൽ തപ്പുമ്പോൾ ലോകമെമ്പാടും പ്രതീക്ഷയുടെ വിളക്കേന്തി നിൽക്കുന്ന ഫ്ലോറൻസ് നൈറ്റിങ്ഗേലിന്റെ പിന്മുറക്കാർ തന്നെയാണ് ഈ മഹാമാരിയുടെ കാലത്തും മുന്നണിപ്പോരാളികൾ. നമ്മുടെ പ്രധാനമന്ത്രി, യൂണിഫോമണിയാത്ത സൈനികരായാണ് ആരോഗ്യപ്രവർത്തകരെ വിശേഷിപ്പിച്ചത്. സൈനികനു തന്റെ മാത്രം ജീവൻ നോക്കിയാൽ മതിയെങ്കിൽ, ഈ യുദ്ധത്തിൽ നമ്മളാകട്ടെ നമ്മുടെ പ്രിയപ്പെട്ടവരുടെ കൂടി ജീവൻ അപകടത്തിലാക്കിയാണു പോരാടുന്നത്. ഇതുവരെ ഡൽഹിയിലെ കൊറോണയുടെ സഞ്ചാരപഥം ഒരു പരിധിവരെ സാവധാനമായിരുന്നു എങ്കിലും ഇനിയങ്ങോട്ട് ഒരു കുതിച്ചുചാട്ടമുണ്ടാകാമെന്നാണ് പൊതുജനാരോഗ്യ പ്രവർത്തകരുടെ കണക്കുകൂട്ടൽ.
ശാസ്ത്രീയ അടിത്തറ ഒന്നുമില്ലെങ്കിലും ജൂലൈ അവസാനത്തോടെ കേസുകൾ അഞ്ചര ലക്ഷം കടന്നേക്കുമെന്നാണ് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ കഴിഞ്ഞ ദിവസം പറഞ്ഞത്. ഇതൊക്കെ കണക്കിലെ കളികൾ മാത്രം. കണക്കിനുപിന്നിലെ ഡേറ്റയുടെ കൃത്യത അനുസരിച്ച് ഇതൊക്കെ മാറിമറിയും. ഡേറ്റ കൃത്യമായാലും കൊറോണയ്ക്കു കണക്ക് അറിയാത്തത് കൊണ്ടും ഈ പറയുന്ന കണക്കുകളൊക്കെ നോക്കിനിൽക്കുമ്പോൾ ജലരേഖകളായി മാറി മറിയും. വിമാനത്തിൽ കറങ്ങിനടന്നവരും അവരുമായി സമ്പർക്കത്തിലായവരും ആണ് ആദ്യകാല രോഗികളായതെങ്കിൽ, പച്ചക്കറിക്കാരനും പാലുകാരനും സമൂഹത്തിന്റെ താഴേതട്ടിലുള്ളവരും രോഗവാഹകരാകുന്നതോടുകൂടി സമ്പർക്കത്തിലേർപ്പെടുന്നവരുടെ എണ്ണവും ക്രമാതീതമായി ഉയരും. കേന്ദ്രസംസ്ഥാന സർക്കാരുകൾ സ്ഥിതിഗതികൾ അതീവഗൗരവമായാണ് കാണുന്നത്. അതനുസരിച്ചാണ് നമ്മുടെ സർക്കാർ സംവിധാനങ്ങളും പ്രവർത്തിക്കുന്നതും.
അതനനുസരിച്ച് നമ്മുടെ ജീവിതവും ഓരോ ദിവസവും മാറി മറിയുന്നു. ഡൽഹിയിലുണ്ടായേക്കാവുന്ന കേസുകളുടെ മുന്നൊരുക്കമായി 500 ട്രെയിൻ ബോഗികളിലും ഹോട്ടലുകളിലും ഗസ്റ്റ് ഹൗസുകളിലുമായി 20,000 കിടക്കകൾ കൂടി ഒരുങ്ങുന്നു. വരുംദിവസങ്ങളിൽ ഇവിടെയൊക്കെ നഴ്‌സിങ് സമൂഹത്തിന്റെ സേവനങ്ങൾ ആവശ്യമായി വന്നേക്കാം. സമ്പൂർണ ലോക്‌ഡൗണിന്റെ കാലത്ത് വിവിധ സർക്കാർ സംവിധാനങ്ങൾ വരാൻപോകുന്ന ദിനങ്ങളെ നേരിടാനുള്ള മുന്നൊരുക്കങ്ങളും തയ്യാറെടുപ്പുകളും നടത്തുകയായിരുന്നു. ഈ സമയത്ത് നമ്മൾ എന്തൊക്കെ മുന്നൊരുക്കങ്ങളും തയ്യാറെടുപ്പുകളും നമ്മുടെ വ്യക്തിജീവിതത്തെക്കുറിച്ചും മറ്റു ക്രമീകരണങ്ങളെക്കുറിച്ചും നടത്തി എന്നൊന്ന് ആലോചിച്ചുനോക്കുക. വരുംദിനങ്ങളെ നേരിടാൻ നാം തയ്യാറെടുത്തു കഴിഞ്ഞോ? അതോ ഒഴുകുന്ന വെള്ളത്തിനു മേൽ വെറുതെയങ്ങ് ഒഴുകുകയാണോ? നാം ഒരുങ്ങുന്നത് വെറും നൂറുമീറ്റർ ഓട്ടത്തിനല്ല, തയ്യാറെടുത്തേ മതിയാവൂ, ശാരീരികവും മാനസികവുമായി.
ഇപ്പം ശരിയാക്കിത്തരാം എന്ന് പലരും പറയുന്നുണ്ടെങ്കിലും കൊറോണ കുറച്ചുനാൾ നമ്മോടൊപ്പം തന്നെ കാണും. വിവിധ വാക്സിൻ/മരുന്ന് പരീക്ഷണങ്ങൾ വിവിധ ഘട്ടങ്ങളിൽ ഇന്ത്യയിൽ ഉൾപ്പെടെ ലോകത്തിന്റെ വിവിധ കോണുകളിൽ ദ്രുതഗതിയിൽ നടക്കുന്നുണ്ടെങ്കിലും അതിന്റെയൊക്കെ ഫലപ്രാപ്തി ഉറപ്പിച്ച് അവശ്യ ഡോസുകൾ നിർണയിച്ച് സാർവത്രിക പ്രചാരത്തിലെത്താൻ ഇനിയും കാലങ്ങൾ എടുക്കും. അനിതരസാധാരണമായ ഈ പ്രതിസന്ധിഘട്ടത്തിൽ നമ്മളിൽ പലരും അടിപതറി നിൽക്കുകയാണ്. ജോലിഭാരം, രോഗം പിടിപെടുമോ എന്ന ഭയം, നിലവിലെ രോഗങ്ങൾ, സാമ്പത്തിക പ്രതിസന്ധികൾ, പരിമിതമായ യാത്രാസൗകര്യങ്ങൾ, ഒറ്റപ്പെടലുകൾ, വിഷാദം, കുട്ടികളുടെ സുരക്ഷ, പഠനം, കുട്ടികളെ നോക്കാനോ വീട്ടുവേലയ്ക്കോ ആളെകിട്ടാത്തത്, സ്വകാര്യ ആശുപത്രികളിൽ വരുമാനം കുറഞ്ഞതോടെ സേവന വേതന വ്യവസ്ഥകളിലെ ഏകപക്ഷീയമായ ചാഞ്ചാട്ടങ്ങൾ, ജോലിഭദ്രതക്കു തന്നെ ഭീഷണി, വ്യക്തി സുരക്ഷാ ഉപകരണങ്ങളുടെയും രോഗസംക്രമണ പ്രതിരോധ/നിയന്ത്രണ മാർഗങ്ങളുടെയും അഭാവം, നിർദയരായ അധികാരികൾ എന്നിങ്ങനെ ഓരോരുത്തർക്കും പല പല പ്രശ്നങ്ങൾ. യാഥാർഥ്യബോധത്തോടുകൂടി ഈ പ്രതിസന്ധിയെ നമുക്കു നേരിട്ടേ മതിയാവൂ. പരമാവധി പിരിമുറുക്കങ്ങൾ ഒഴിവാക്കാനും മനസ്സമാധാനം ഉറപ്പിക്കാനും വരാൻ പോകുന്ന ദിനങ്ങളെ നേരിടാൻ വേണ്ട മുന്നൊരുക്കങ്ങൾ നമ്മുടെ കുടുംബ/വ്യക്തി ജീവിതത്തിലും നടത്തിയേ മതിയാവൂ. നമുക്ക് എന്തെങ്കിലുമൊക്കെ രോഗങ്ങളും പ്രശ്നങ്ങളും പ്രതിസന്ധികളും ഉണ്ടായിരിക്കാം, എന്നിരുന്നാലും കൊറോണയെ തോല്പിക്കാൻ ഉന്മേഷമുള്ള മനസ്സും ഓജസുള്ള ശരീരവുമായേ ഈ യുദ്ധത്തിലെ മുന്നണിപ്പോരാളികളാകാനാവൂ. • ഭയം: There are always two pandemics. The first and most obvious is the worldwide spread of a pathogen – virus, bacteria, etc. The second causes just as much damage but is not always recognized or named. It’s fear. You must always address the fear first Anne McDonough, Public Health Emergency Officer, USA നിതാന്തമായ ഭയമാണ് നമ്മളിൽ പലരെയും ഇപ്പോൾ ഭരിക്കുന്നത്. വൈറസ് പിടിപെടാനുള്ള സാധ്യതയാണ് നമ്മേ ഭയപ്പെടുത്തുന്നത്. സുരക്ഷാ മുൻകരുതലുകൾ പൂർണമായും പാലിച്ചിട്ടും രോഗബാധിതരായവരെ കാണുമ്പോൾ നമ്മുടെ ഭയം ഇരട്ടിക്കുന്നു. ഈ ഭയം തന്നെ ഒരുപക്ഷെ നമ്മെ രോഗികളാക്കിയേക്കാം എന്നത്കൊണ്ട് സധൈര്യരായിരിക്കേണ്ടത് അത്യാവശ്യമാണ്. ഡൽഹിയിലെ കണക്കുകൾ നമ്മെ പേടിപ്പെടുത്തുന്നുണ്ടെങ്കിൽ നമ്മൾ ഒരു കാര്യം മനസ്സിലാക്കണം, മൂന്ന് കോടി ജനത്തിനിടയിലാണ് ഈ 50,000 കേസുകൾ.
അതായത് ഏകദേശം 600 ൽ ഒരാൾ. പരിശോധന വ്യാപകമാക്കിയാൽ കേസുകളുടെ എണ്ണം പെരുകും. അതായത് പലരും പ്രകടമായ ലക്ഷണങ്ങളില്ലാതെ തന്നെ രോഗവാഹകരാണെന്ന്. അങ്ങനെതന്നെ പലരും അവർപോലും അറിയാതെ സൗഖ്യപ്പെട്ടിട്ടും ഉണ്ടാവണം. കണ്ടെയ്‌ൻമെൻറ് സോണുകളിൽ 30 ശതമാനത്തോളം ആളുകളിൽ ആന്റിബോഡി രൂപപ്പെട്ടിട്ടുണ്ട്. ടെസ്റ്റ് നടത്തിയാൽ നമ്മളിൽ പലരും ചിലപ്പോൾ ഈ വൈറസിനെ മറികടന്നിട്ടുണ്ടാവാം, പ്രകടമായ ലക്ഷണങ്ങളില്ലാതെയോ രുചിയോ മണമോ നഷ്ടപെട്ടപ്പോഴോ, ചെറിയ ജലദോഷമോ പനിയോ ചുമയോ വന്നപ്പോഴോ.
പുതിയൊരു വൈറസ് ആയതിനാൽ പഠനങ്ങൾ നടക്കുന്നതെയുള്ളുവെങ്കിലും ഏതെങ്കിലും തരക്കാരെ ബാധിക്കാതിരിക്കാനുള്ള സാധ്യതയും ഉണ്ടായിരിക്കാം. ഏറ്റവും പ്രധാനം 80 ശതമാനം ആളുകളും യാതൊരു ബുദ്ധിമുട്ടുകളുമില്ലാതെ തന്നെ രോഗമുക്തി നേടുന്നു എന്നതാണ്. പിന്നെ 15 ശതമാനത്തോളം ആളുകൾക്ക് ചെറിയ ഓക്സിജൻ തെറപ്പിയൊക്കെ മതിയല്ലോ. പണച്ചാക്കുകളുമായി ആളുകൾ ചികിത്സ കിട്ടാതെ അലയുമ്പോഴും ആശുപത്രികളിൽ ജോലി ചെയ്യുന്ന നമുക്കോ നമ്മുടെ കുടുംബാംഗങ്ങൾക്കോ അവശ്യ സമയത്ത് വേണ്ട സംരക്ഷണവും ചികിത്സയും കിട്ടാനുള്ള സാധ്യതയും മറ്റാരേയുംകാൾ കൂടുതൽ. പിന്നെ ഇന്റെൻസീവ് കെയറും വെന്റിലേറ്ററുമൊക്ക ആവശ്യമായി വരുന്നവർ മിക്കവാറും വളരെ പ്രായം ചെന്നവരോ മാരകമായ രോഗങ്ങളുള്ളവരോ അല്ലെങ്കിൽ രോഗം മൂർച്ഛിച്ചതിനു ശേഷം മാത്രം ചികിത്സ തേടുന്നവരോ ആണ്. എന്നാൽ നമ്മുടെ അറിവും ശ്രദ്ധയും കൃത്യസമയത്ത് ചികിത്സ തേടാൻ നമ്മെ സഹായിക്കും എന്നതും നമ്മുടെ അപായസാധ്യതയെ ഒഴിവാക്കുന്നു. പിന്നെയുള്ള അപൂർവ്വ സാധ്യത നമ്മുടെ സമയം ആണ്, അത് നാളെയെങ്കിൽ നാളെ. ഭയം അതിന് പരിഹാരവുമല്ല. പക്ഷേ പല പ്രസിദ്ധരുടേയും മൃത്യു പോലും വെറും കണക്കുകൾ മാത്രമായി ഒതുങ്ങുന്ന ഈ കാലത്ത് ഏതെങ്കിലും ആരോഗ്യപ്രവർത്തക/ൻ ഈ പോരാട്ടത്തിൽ മനുഷ്യകുലത്തിന് വേണ്ടി ആത്മസമർപ്പണം ചെയ്യേണ്ടിവന്നാൽ അതൊരു വീരചരമമല്ലേ.
യുദ്ധമുഖത്ത് പൊരുതി വീരചരമം പ്രാപിക്കുന്ന പടയാളിയെപ്പോലെ, നടനവേദിയിൽ തന്നെ അരങ്ങൊഴിയുന്ന കലാകാരനെപ്പോലെ. ആരെങ്കിലും കൊറോണയെ പേടിച്ച് ഒളിച്ചോടാൻ തയ്യാറെടുക്കുന്നുണ്ടെങ്കിൽ നിങ്ങൾ കപ്പടാ മീശയും വെച്ചുനടന്നിട്ട് യുദ്ധം വന്നപ്പോൾ കളം കാലിയാക്കിയ പട്ടാളക്കാരനെപ്പോലെയാണ്. പക്ഷേ ഗുരുതര രോഗങ്ങളുള്ളവർ മാറി നിൽക്കട്ടെ. അങ്ങനെയുള്ളവർ ഡ്യൂട്ടിയിൽ ഉണ്ടെങ്കിൽ ഗ്രീൻ സോണിലൊക്കെ ഡ്യൂട്ടിയിട്ടു സഹായിക്കൂ. പക്ഷെ ഇനി വരും ദിവസങ്ങളിൽ എല്ലായിടവും റെഡ് സോണുകളായി മാറിയേക്കാം. • മനഃസമാധാനം: മനഃസമാധാനം നമ്മുടെ തന്നെ ഒരു തിരഞ്ഞെടുപ്പാണ്, ആർക്കും അത് നമുക്ക് നൽകാൻ ആവില്ല. നമ്മുടെ നിയന്ത്രണപരിധിയിൽ ഉള്ള കാര്യങ്ങളിൽ മാത്രം നമുക്ക് ശ്രദ്ധ കേന്ദ്രികരിക്കാം. അതിന് പുറമെയുള്ള കാര്യങ്ങളെക്കുറിച്ചോർത്ത് ഉൽക്കണ്ഠപ്പെട്ടാൽ നമ്മുടെ മനഃസമാധാനം നഷ്ടപ്പെടുമെന്നല്ലാതെ യാതൊരു ഉപകാരവുമില്ല. കോവിഡ് ബാധിച്ചാൽ എന്ന് വിചാരിച്ച് വെറുതെ ആകുലപ്പെട്ടിരിക്കുന്നതിൽ ഒരു കാര്യവുമില്ല. പരമാവധി പ്രതിരോധിക്കുക, അതേസമയം തന്നെ തയ്യാറെടുപ്പുകളും നടത്തുക. ഇന്നത്തെ അവസ്ഥയിൽ വൈറസ് ബാധിക്കാൻ ആശുപത്രിയിലെ മുൻകരുതലുകളെടുത്തുള്ള ഡ്യൂട്ടിയിലേക്കാൾ സാധ്യതയാണ് മറ്റുസ്ഥലങ്ങളിൽ നിന്നും. അതുകൊണ്ട് തന്നെ വേണ്ടത്ര തയ്യാറെടുപ്പുകളോടെ തന്നെ ഇരിക്കുക. വൈറസ് ബാധിച്ചേക്കാവുന്നവർക്കും ഇതിനകം തന്നെ രോഗമുക്തിനേടിയവർക്കും ആശ്വാസമാണ് റീഇൻഫെക്‌ഷൻ സാധ്യത തീരെ ഇല്ല എന്നുള്ള പഠനങ്ങൾ. സൂക്ഷ്‌മപരീക്ഷണങ്ങളിൽ കൂടി ഇത് കൂടുതൽ ആധികാരികമായി തെളിയിക്കപ്പെടുന്നതോടുകൂടി കോവിഡുമായി പൊരുതി ആന്റിബോഡി ശരീരത്തിൽ രൂപപ്പെട്ടവരുടെ ശുക്രൻ ഉദിച്ചേക്കാം. പിന്നെ അവർക്കായേക്കാം പല അവസരങ്ങളിലും മുൻഗണന. .
നമുക്ക് നമ്മളോടുതന്നെ സത്യസന്ധരായിരിക്കാം. പരാതിയോ പരിഭവങ്ങളോ ഇല്ലാതെ, ചെയ്യുന്ന കാര്യങ്ങളിൽ പരമാവധി ആത്മാർഥത നമ്മുടെ മനഃശ്ശാന്തിക്ക് വേണ്ടി ഉപകരിക്കും. നമ്മുടെ ഡ്യൂട്ടി ഓരോ ദിവസവും തനിയാവർത്തനങ്ങൾ മാത്രമാകാതിരിക്കട്ടെ. ഓരോ ദിവസവും കാപ്പിയുണ്ടാക്കുന്നവൻ കൂടുതൽ രുചികരമായി അതെങ്ങനെ ഉണ്ടാക്കാം എന്നാലോചിക്കുമ്പോളാണ് അവന് സംതൃപ്‌തി ലഭിക്കുന്നത്. നമുക്കും നമ്മുടെ സേവനം ഓരോ ദിവസവും പുതുമയുള്ളതാക്കാൻ ശ്രമിക്കാം. ചുരുങ്ങിയ ദിവസത്തേക്ക് മാത്രമാണ് നമ്മുടെ കോവിഡ് ഡ്യൂട്ടി എന്ന് ചിന്തിക്കാതെ, നമുക്ക് നമ്മളാൽ പറ്റുന്ന പരിഷ്‌കാരങ്ങൾ നടത്താം, ഗുണപരമായ ആശയങ്ങൾ പങ്കുവയ്ക്കാം, പിഴവുകൾ ബന്ധപ്പെട്ടവരെ അറിയിക്കാം, നിർദേശങ്ങൾ സമർപ്പിക്കാം. നമുക്ക് മറ്റുള്ളവവർക്കു പ്രചോദനമാകാം, മാതൃകയാകാം.
നല്ലത് പ്രതീക്ഷിക്കാം, ഒപ്പം കുഴപ്പം നേരിടാനും:
പ്രവചനാതീതമായ ഈ കാലത്ത് നമ്മൾ ശുഭാപ്തിവിശ്വാസമുളളവരായിരിക്കുമ്പോൾ തന്നെ ഏതു സാഹചര്യത്തേയും നേരിടാൻ തയ്യാറായിരിക്കുകയും വേണം. ക്ഷണിക്കാത്ത അതിഥി ആയി നമ്മുടെ വീട്ടിലേക്ക് കൊറോണ ചേട്ടൻ വരികയും മല്പിടുത്തത്തിൽ ഏർപ്പെടുകയും ചെയ്‌താൽ നമ്മൾ സധൈര്യം നേരിടാൻ തയ്യാറായിരിക്കണം. വീട്ടിലുള്ളവരെല്ലാം കൂടി ഇതിനെക്കുറിച്ചുള്ള ആലോചനകളൊക്കെ നടത്തണം. പ്ലാൻ എ, അത് ചീറ്റിയാൽ പ്ലാൻ ബി, അതും ചീറ്റിയാൽ പ്ലാൻ സി ഒക്കെ റെഡി ആയിരിക്കണം. കൂടെ പ്രായമായവരോ, തീരെ ചെറിയ കുട്ടികളോ, പ്രതിരോധ ശേഷി തീരെ കുറഞ്ഞവരോ, ഗുരുതര രോഗികളോ, ഗർഭവതികളോ ഒക്കെ ഉണ്ടെങ്കിൽ അവരെ എങ്ങനെ സംരക്ഷിക്കും.
നമ്മളിൽ ചിലരൊക്കെയോ ഒരുപക്ഷെ എല്ലാവരുമോ രോഗബാധിതരോ ആശുപത്രിയിലോ, തീവ്രപരിചരണത്തിലോ, വെന്റിലേറ്ററിലോ, ബോഡി ബാഗിലോ (അത്യപൂർവമായ സാധ്യത ആണെങ്കിലും) ഒക്കെ ആയേക്കാവുന്ന സാധ്യത നമുക്ക് തള്ളിക്കളയാനാവില്ല. അങ്ങനെ ഒക്കെ സംഭവിച്ചാൽ എന്തൊക്കെ എങ്ങനെയൊക്കെ ചെയ്യണമെന്ന ഒരു മുൻധാരണ, രണ്ടാഴ്ചത്തേക്കെങ്കിലും വേണ്ട അടുക്കളസാധനങ്ങൾ, അത്യാവശ്യം പണം ക്യാഷ് ആയിത്തന്നെ, അത്യാവശ്യം മരുന്നുകൾ, തെർമോമീറ്റർ, ഓക്സിമീറ്റർ, വാഹനത്തിന്റെ കീ, ആശുപത്രി അടുത്ത സുഹൃത്തുക്കൾ ആംബുലൻസ് തുടങ്ങിയവയുടെ നമ്പർ, പ്രധാന രേഖകൾ, സമ്പാദ്യം, ആസ്തി ബാധ്യതകൾ, കുട്ടികളെ തനിയെ ആക്കേണ്ടിവന്നാൽ എടുക്കേണ്ട മുൻകരുതലുകൾ, അല്പം പാചകപരിശീലനം, എന്നിങ്ങനെ നമ്മൾ തയ്യാറായിരിക്കേണ്ട എല്ലാ കാര്യങ്ങളും വീട്ടിൽ എല്ലാവരും അറിഞ്ഞിരിക്കണം.