കാസർകോട്: ഒരിടവേളക്ക് ശേഷം കാസർകോട് ജില്ല വീണ്ടും കോവിഡ് ഭീതിയിലേക്ക്. ഇന്ന് ഏറ്റവും കൂടുതൽ സമ്പർക്കരോഗികൾ റിപ്പോർട്ട് ചെയ്തത് കാസർകോട്ടാണ്. 41 പേർക്കാണ് ജില്ലയിൽ ഇന്ന് സമ്പർക്കത്തിലൂടെ മാത്രം കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളത്തും 41 പേർക്ക് സമ്പർക്കമുണ്ടായി.
ജില്ലയിൽ ഇതാദ്യമായാണ് ഒരു ദിവസം അൻപതിലധികം ആളുകളിൽ കോവിഡ് സ്ഥിരീകരിച്ചത്. ആകെ 56 പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ മേയ് 27 മുതൽ 35 ദിവസം ഒരു സമ്പർക്ക രോഗി പോലും കാസർകോട്ട് റിപ്പോർട്ട് ചെയ്തിരുന്നില്ല.
റിപ്പോർട്ട് ചെയ്യപ്പെട്ട സമ്പർക്ക രോഗികളിൽ കൂടുതൽ പേരും വ്യാപാര സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണെന്നത് ആശങ്ക വർധിപ്പിക്കുകയാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ എട്ടുപേരുടെ രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല. ജില്ലയിൽ 189 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 6513 പേർ നിരീക്ഷണത്തിലുമുണ്ട്.
കോവിഡ് ഒന്നാംഘട്ടത്തിൽ കേരളത്തിൽ വ്യാപകമായി രോഗബാധയുണ്ടായത് കാസർകോട്ടാണ്. തുടർന്ന്, പല പ്രദേശങ്ങളിലും ട്രിപ്പിൾ ലോക്ഡൗൺ ഉൾപ്പടെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടിവന്നിരുന്നു. ജനങ്ങളുടെയും അധികൃതരുടെയും യോജിച്ച പ്രവർത്തന ഫലമായി മേയ് 10ഓടെ അവസാന കോവിഡ് ബാധിതനും രോഗം ഭേദമായി ജില്ല പൂർണ രോഗമുക്തി നേടിയിരുന്നു. കാസർകോട്ടെ പ്രതിരോധ പ്രവർത്തനങ്ങൾ ദേശീയതലത്തിൽ തന്നെ ശ്രദ്ധേയമാവുകയും ചെയ്തിരുന്നു.
ഈ സാഹചര്യത്തിൽനിന്നാണ് കോവിഡ് രണ്ടാംഘട്ടത്തിൽ ഒറ്റദിവസം തന്നെ 41 സമ്പർക്ക രോഗികൾ എന്ന ആശങ്കയുയരുന്ന നിലയിലേക്കെത്തിയത്. ലോക്ഡൗൺകാലത്ത് ജനങ്ങൾ പ്രകടിപ്പിച്ച ഉന്നത ഉത്തരവാദിത്വബോധം വീണ്ടും ആവശ്യം വരുന്ന സമയമാണ് ഇനിയുള്ള ദിവസങ്ങളെന്നും ജാഗ്രത തുടരണമെന്നും ജില്ല കലക്ടർ ഡി. സജിത് ബാബു പറഞ്ഞു.