ന്യൂഡൽഹി ∙ കിഴക്കൻ ലഡാക്കിലെ ഗൽവാനിൽ കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഇന്ത്യ – ചൈന സേനകൾ ഏറ്റുമുട്ടിയത് 3 തവണ. പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരുമായി സേനാ നേതൃത്വം നടത്തിയ ആശയവിനിമയത്തിലാണു കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. ഇന്ത്യൻ ഭാഗത്തേക്കു കടന്നുകയറി പട്രോൾ പോയിന്റ് 14ൽ ചൈനീസ് സേന സ്ഥാപിച്ച െടന്റ് നീക്കം ചെയ്യാത്തതിനെച്ചൊല്ലിയുള്ള തർക്കമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്.
ലഫ്. കേണൽ റാങ്കിലുള്ള സേനാ കമ്പനി കമാൻഡർ ആണ് അവിടേക്കു പോകാനിരുന്നതെങ്കിലും മേലുദ്യോഗസ്ഥനായ കേണൽ സന്തോഷ് ബാബു ആ ദൗത്യം സ്വയം ഏറ്റെടുക്കുകയായിരുന്നു. ചൈനീസ് സേന ഇന്ത്യൻ ഭാഗത്തു നിർമിച്ച െടന്റ് സന്തോഷും സംഘവും തീവച്ച് നശിപ്പിച്ചു. ഇതേത്തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ ചൈനീസ് സംഘത്തെ കീഴ്പ്പെടുത്തിയ ഇന്ത്യൻ സേന അതിർത്തിക്കപ്പുറത്തേക്ക് അവരെ ബലമായി നീക്കവേയാണ് എതിർഭാഗത്തു നിന്ന് കൂടുതൽ സേനാംഗങ്ങളെത്തി ക്രൂര ആക്രമണം അഴിച്ചുവിട്ടത്.
ആദ്യം ഇന്ത്യൻ ഭാഗത്തും പിന്നീട് ചൈനീസ് പ്രദേശത്തേക്കും നീണ്ട ഏറ്റുമുട്ടൽ അർധരാത്രിയോടെ ഇരു ഭാഗത്തുമുള്ള കൂട്ടപ്പൊരിച്ചിലായി. ഇതോടെ ഇൻഫൻട്രി ബറ്റാലിയന്റെ ഭാഗമായ ഖടക് കമാൻഡോ സംഘവും സ്ഥലത്തെത്തി ചൈനീസ് നിരയെ നേരിട്ടു. ചൈനീസ് ഭാഗത്തും കമാൻഡോ സംഘമുണ്ടായിരുന്നു. അധിനിവേശ കശ്മീരിൽ ചൈനീസ് യുദ്ധവിമാനം ന്യൂഡൽഹി ∙
അതിർത്തിയിൽ ഇന്ത്യയ്ക്കെതിരായ നീക്കങ്ങളിൽ പാക്കിസ്ഥാന്റെ പിന്തുണയും ചൈന തേടുന്നുവെന്നു സൂചന. പാക്ക് അധിനിവേശ കശ്മീരിലെ സ്കർദു വ്യോമതാവളത്തിൽ ചൈനീസ് യുദ്ധവിമാനങ്ങളുടെ നീക്കം സംബന്ധിച്ച ഇന്റിലിജൻസ് വിവരം ലഭിച്ചു. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നും പാക്ക്, ചൈന അതിർത്തികളിൽ വ്യോമസേന അതീവ ജാഗ്രതയിലാണെന്നും സേനാ വൃത്തങ്ങൾ പറഞ്ഞു. ചെങ്ദു ജെ 10 വിഭാഗത്തിലുള്ള 10 യുദ്ധവിമാനങ്ങൾ സ്കർദുവിൽ എത്തിയതായാണു സൂചന. ലഡാക്കിനു സമീപം പാക്കിസ്ഥാന്റെ ഭാഗത്തുള്ള വ്യോമതാവളമായ ഇവിടെ ഇത്രയധികം വിമാനങ്ങളെ ഉൾക്കൊള്ളാനുള്ള സൗകര്യമില്ലെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ.