കുമളി: കോവിഡ് ജാഗ്രത നിർദേശങ്ങള്‍ ലംഘിച്ച്, ആംബുലൻസ് ലൈറ്റ് തെളിയിച്ച് കൂട്ടംകൂടി പിറന്നാള്‍ ആഘോഷം നടത്തിയ സന്നദ്ധപ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന ആറുപേർക്കെതിരെയാണ് കേസ്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം.
ഇടുക്കി കുമളി സംസ്ഥാന അതിർത്തിയിലെ പരിശോധന കേന്ദ്രത്തിലുള്ള സന്നദ്ധ പ്രവർത്തകരാണ് വ്യാഴാഴ്ച വൈകിട്ട് റോഡിൽ പിറന്നാളാഘോഷം നടത്തിയത്. സാമൂഹിക അകലം പാലിക്കാതെയും അത്യാവശ്യ കാര്യങ്ങള്‍ക്കായി അതിര്‍ത്തിയില്‍ സജ്ജമാക്കിയ മൂന്ന് ആംബുലന്‍സുകളുടെ ലൈറ്റ് തെളിയിച്ചുമായിരുന്നു ആഘോഷം.
പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തവർ തന്നെ പകർത്തിയ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പ്രാഥമികാന്വേഷണത്തിൽ കോവിഡ് ജാഗ്രതാ ചട്ടലംഘനം കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസെടുത്തതെന്ന് കുമളി എസ്.ഐ പ്രശാന്ത് വി. നായർ പറഞ്ഞു.