ന്യൂയോർക്ക്: അമേരിക്കയിൽ പൊലീസ് അതിക്രമത്തിന് ഇരയായി കറുത്ത വർഗക്കാരൻ മരിച്ചതിൽ പ്രതിഷേധിച്ച് ജനകീയ പ്രക്ഷോഭം തുടരുന്നതിനിടെ മറ്റൊരാൾകൂടി മരിച്ചു. ആഫ്രോ അമേരിക്കൻ വംശജനായ റഷാർഡ് ബ്രൂക്ക്സ് (27) ആണ് അറ്റ്ലാൻറയിൽ പൊലീസിെൻറ വെടിയേറ്റ് മരിച്ചത്. സംഭവത്തെ തുടർന്ന് പ്രതിഷേധം കനത്തതോടെ അറ്റലാൻറ പൊലീസ് ചീഫ് എറിക ഷീൽഡ്സ് രാജിവെച്ചു.
വെൻറീസ് ഫാസ്റ്റ് ഫുഡ് റസ്േറ്റാറൻറിൽ നിന്ന് പൊലീസിന് ലഭിച്ച പരാതിയാണ് സംഭവങ്ങളുടെ തുടക്കം. വാഹനങ്ങൾ വന്ന് പോകുന്ന വഴിയിൽ നിർത്തിയിട്ട കാറിൽ ഒരാൾ ഉറങ്ങുന്നുണ്ടെന്നും മാറ്റിത്തരണമെന്നുമായിരുന്നു പൊലീസിന് ലഭിച്ച പരാതി. സംഭവ സ്ഥലത്തെത്തിയ പൊലീസ് കാറിൽ ഉറങ്ങുകയായിരുന്ന റഷാർഡ് ബ്രൂക്ക്സിന് ലഹരി പരിശോധന നടത്തി. പരിശോധനയിൽ റഷാർഡ് ലഹരി ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയെന്ന് പൊലീസ് പറയുന്നു.
റഷാർഡ് ബ്രൂക്ക്സ് ഒാടുന്നതും അദ്ദേഹത്തെ പിടിക്കാനായി പിറകിൽ രണ്ട് പൊലീസുകാർ ഒാടിയെത്തുന്നതുമാണ് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്. ഇടക്ക് തിരിഞ്ഞ് നിൽക്കുന്ന റഷാർഡ് പൊലീസിന് നേരെ എന്തോ ചൂണ്ടുന്നുണ്ട്. പിന്നീട് പൊലീസുകാർ അദ്ദേഹത്തെ വെടിവെച്ചിടുകയും ചെയ്യുന്നു. ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റിയ റഷാർഡ് അവിടെ വെച്ചാണ് മരിക്കുന്നത്. പൊലീസിെൻറ കയ്യിലുള്ള ആയുധം റഷാർഡ് തട്ടിയെടുത്ത് ഒാടിയെന്നാണ് പൊലീസ് പറയുന്നത്.
സംഭവത്തെ തുടർന്ന് പ്രതിഷേധം ശക്തമാണ്. പൊലീസ് സേനയുടെ ശരിയായ പ്രയോഗമല്ല സംഭവത്തിൽ ഉണ്ടായതെന്ന് അറ്റ്ലാൻറ മേയർ കേയ്ശ ലാൻസ് ബോട്ടംസ് പറഞ്ഞു. കാറിൽ ഉറങ്ങുന്നത് കൊല്ലപ്പെടാനുള്ള കാരണമല്ലെന്ന് മുൻ ജോർജിയ ഗവർണർ സ്റ്റാസി അബ്രാംസ് പറഞ്ഞു. പൊലീസിെൻറ അധികാരങ്ങൾ കുറക്കണമെന്നും വംശീയ മുൻധാരണകൾ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം അമേരിക്കയിൽ വ്യാപിക്കുകയാണ്.