ന്യൂഡൽഹി ∙ ഇന്ത്യ – ചൈന സംഘർഷം ഇന്ന് അൻപതാം ദിനത്തിലേക്കു കടക്കുമ്പോൾ, അതിർത്തിയിൽ പ്രതിരോധക്കോട്ടയൊരുക്കി ഇന്ത്യൻ സേന. 3488 കിലോമീറ്റർ നീളമുള്ള യഥാർഥ നിയന്ത്രണ രേഖയിൽ (എൽഎസി) കര – വ്യോമ സേനകളുടെ വൻ സന്നാഹമാണു സജ്ജമാക്കിയിരിക്കുന്നത്. മേയ് 5ന് കിഴക്കൻ ലഡാക്കിലെ പാംഗോങ് മലനിരകളിൽ ഇരു സേനകളും തമ്മിലുണ്ടായ സംഘട്ടനമാണു പിന്നീടു യുദ്ധസമാന സാഹചര്യത്തിലേക്കു വളർന്നത്.
‘അഭ്യാസം’ മറയാക്കി സേനാവിന്യാസം
അതിർത്തിക്കു സമീപമുള്ള ഷിൻജിയാങ്ങിലും ടിബറ്റിലും എല്ലാ വർഷവും നടത്താറുള്ള സൈനികാഭ്യാസങ്ങളുടെ മറവിലായിരുന്നു ചൈനയുടെ പടയൊരുക്കം. ജനുവരി – മാർച്ച് മാസങ്ങളിൽ 3 സൈനികാഭ്യാസങ്ങളാണു ചൈന നടത്തിയത്. പതിവ് അഭ്യാസങ്ങളായതിനാൽ ഇന്ത്യ സംശയിച്ചില്ല. എന്നാൽ, അഭ്യാസത്തിനു ശേഷവും സൈന്യത്തെ അവിടെ നിലനിർത്തി.
പടിപടിയായി അവരെ അതിർത്തിയിലേക്കു നീക്കി. 2 ഡിവിഷൻ പട്ടാളക്കാരെയാണ് ഇതിനായി ഉപയോഗിച്ചത്. പതിവ് പട്രോളിങ്ങിന്റെ ഭാഗമായി ഗൽവാൻ, ഹോട് സ്പ്രിങ്സ്, പാംഗോങ് തടാകത്തോടു ചേർന്നുള്ള നാലാം മലനിര എന്നിവിടങ്ങളിലെത്തിയ സൈനികർ അവിടെ നിലയുറപ്പിച്ചു. അതിർത്തിയിൽ തുടരുന്നതു കരാറുകളുടെ ലംഘനമാണെന്നും മടങ്ങിപ്പോകണമെന്നുമുള്ള ഇന്ത്യൻ സേനയുടെ ആവശ്യം അംഗീകരിച്ചില്ല.
ചൈനീസ് ഭടന്മാരെ ബലമായി നീക്കാനുള്ള ഇന്ത്യയുടെ ശ്രമമാണ് മേയ് ആദ്യവാരം സംഘട്ടനത്തിൽ കലാശിച്ചത്. ചർച്ചകളിലൂടെ തർക്കം പരിഹരിക്കാനും ഇരു സേനകളും പിന്നാലെ തീരുമാനിച്ചു. എന്നാൽ, അനാവശ്യ അവകാശവാദമുന്നയിച്ചു ചർച്ച നീട്ടിക്കൊണ്ടു പോയ ചൈന, സേനയെ മടക്കിയില്ല.