ന്യൂഡൽഹി: പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ പണ്ഡിറ്റ് ജസ്‌രാജ് (90) അന്തരിച്ചു. അമേരിക്കയിലെ ന്യൂജഴ്സിയിലെ വസതിയിലായിരുന്നു അന്ത്യം. മേവതി ഘരാനയിലെ വിശ്രുത ഗായകനാണ്.
ഹരിയാനയിലെ ഹിസ്സാറിൽ സംഗീത പാരമ്പര്യമുള്ള കുടുംബത്തിൽ 1930ലാണ് ജനനം. പിതാവ് മോതി രാംജി മേവതി ഘരാനയിലെ അറിയപ്പെടുന്ന സംഗീതജ്ഞനായിരുന്നു. പിതാവിെൻറ കീഴിൽ സംഗീതാഭ്യാസനം തുടങ്ങിയ ജസ്‌രാജ് പിന്നീട് സഹോദരൻ മണിറാമിെൻറയും മഹാരാജാ ജയ്‌വന്ത് സിങ്ജി വഗേല, ആഗ്രാ ഖരാനയിലെ സ്വാമി വല്ലഭദായ് തുടങ്ങിയവരുടെയും ശിഷ്യനായി. മണിറാമിെൻറ തബല വാദകനായി കുറച്ചുകാലം തുടർന്നെങ്കിലും പക്കമേളക്കാരോടുള്ള അവഗണനയിൽ മനംനൊന്ത് അത് അവസാനിപ്പിച്ച് സംഗീതാഭ്യസനത്തിൽ ശ്രദ്ധയൂന്നി..
അപൂർവവും മനോഹരവുമായ ശബ്ദത്തിനുടമയായ ജസ്‌രാജ്, ബാബാ ശ്യാം മനോഹർ ഗോസ്വാമി മഹാരാജിെൻറ പക്കൽ ഹവേലി സംഗീതത്തിലും ഗവേഷണം നടത്തി. സംഗീത രംഗത്ത് നിരവധി നവീനതകൾ പരീക്ഷിച്ച ജസ്‌രാജ് ജുഗൽബന്ദി സംഗീതത്തിന് പ്രത്യേക സംഭാവനകൾ നൽകി. ആൺ – പെൺ ഗായകർ ഒരേസമയം രണ്ട് രാഗാലാപനം നടത്തുന്ന രീതിയിലെ അദ്ദേഹത്തിന്റെ പരീക്ഷണങ്ങൾ ആസ്വാദകരെ ഏറെ ആകർഷിച്ചു.
പത്മവിഭൂഷൺ, സഗീത നാടക അക്കാദമി അവാർഡ്, സംഗീത് കലാ രത്ന, മാസ്റ്റർ ദീനാനാഥ് മംഗേഷ്കർ അവാർഡ്, ലതാ മംഗേഷ്കർ പുരസ്കാരം, മഹാരാഷ്ട്രാ ഗൗരവ് പുരസ്കാർ, സ്വാതി സംഗീത പുരസ്‌കാരം, സംഗാത നാടക അക്കാദമി ഫെല്ലോഷിപ്പ്, ഭാരത് മുനി സമ്മാൻ തുടങ്ങി നിരവധി പുരസ്കാരങ്ങളും ഈ അതുല്യ ഗായകനെ തേടിയെത്തി.