കൊച്ചി: നയതന്ത്ര ബാഗിൽ സ്വർണകള്ളക്കടത്ത് നടത്തിയ കേസിൽ ജനം ടി.വി എക്സിക്യീട്ടീവ് എഡിറ്റർ അനിൽ നമ്പ്യാരെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. രാവിലെ പതിനൊന്നു മണിക്ക് കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷുമായുള്ള ഫോണ്‍ വിളിയുമായി ബന്ധപ്പെട്ടാണ് അനില്‍ നമ്പ്യാരെ ചോദ്യം ചെയ്യുന്നത്. യു.എ.ഇയില്‍ നിന്നുള്ള നയതന്ത്ര ബാഗേജില്‍ സ്വര്‍ണം ആണെന്ന് കസ്റ്റംസ് കണ്ടെത്തിയ ജൂലായ് 5 ന് അനില്‍ നമ്പ്യാര്‍ സ്വപ്‌ന സുരേഷിനെ പലതവണ ഫോണില്‍ ബന്ധപ്പെടിട്ടുള്ളത്. ഈ ഫോൺ വിളി സംബന്ധിച്ച് സ്വപ്ന കസ്റ്റംസിന് മൊഴിയും നൽകിയിട്ടുണ്ട്. സ്വപ്നയും അനിൽ നമ്പ്യാരും പല തവണ നേരിൽ കണ്ട് സംസാരിച്ചിട്ടുണ്ടെന്നും ആരോപണമുണ്ട്.
സംഭാഷണ വിവരങ്ങൾ സ്വപ്ന സുരേഷ് കസ്റ്റംസിനോട് പറഞ്ഞിരുന്നു. ഇക്കാര്യങ്ങൾ കസ്റ്റംസ് അനിൽ നമ്പ്യാരിൽ ചോദിച്ചറിയും. മൊഴികളിൽ പൊരുത്തക്കേടുണ്ടോ എന്നറിയുകയാണ് പ്രധാന ഉദ്ദേശം. ഡിപ്ലോമാറ്റിക് ബാഗേജ് സംബന്ധിച്ച് കോണ്‍സുലേറ്റിനെ കൊണ്ട് വിശദീകരണ കുറിപ്പ് തയ്യാറാക്കാന്‍ സ്വപ്‌നയോട് പറഞ്ഞത് അനില്‍ നമ്പ്യാരാണെന്നും വിവരമുണ്ട്. അതേ സമയം വാർത്ത ശേഖരിക്കാനാണ് സ്വപ്നയെ വിളിച്ചതെന്നാണ് അനിൽ നമ്പ്യാർ നൽകുന്ന വിശദീകരണം.