ദുബായ് ∙ ഇനി ദുബായ് ‘കടാപ്പുറ’ത്ത് വെയിൽകാഞ്ഞിരിക്കാം; കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി അടച്ചിരുന്ന പൊതു ബീച്ചുകളും ഹോട്ടൽ ബീച്ചുകളും തുറന്നു. കടലിൽ കുളിക്കാനിറങ്ങുന്നവർ, വ്യായാമം നടത്തുന്നവർ തുടങ്ങിയവരെയെല്ലാം ദുബായ് ബീച്ചുകളിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി അധികൃതർ പറഞ്ഞു. കൂടാതെ, ദുബായിലെ നീന്തൽക്കുളങ്ങൾ, ക്യാംപിങ്, വാട്ടർപാർക്കുകൾ, പബ്ലിക് പാർക്കുകൾ എന്നിവയുൾപ്പെടെ മറ്റു വിനോദ കേന്ദ്രങ്ങളും പരിപാടികളും പുനരാരംഭിച്ചിട്ടുണ്ട്.
പാലിക്കേണ്ട കാര്യങ്ങൾ ബീച്ചുകളിലും മറ്റു വിനോദ കേന്ദ്രങ്ങളിലും സാമൂഹിക അകലം നിർബന്ധമായും പാലിച്ചിരിക്കണം. ബീച്ചിലേയ്ക്ക് പോകുന്നവർ രണ്ടു മീറ്റർ അകലത്തിൽ മാത്രമേ നിൽക്കാവൂ. വെയിൽ കായാനുള്ള ബെഡുകൾ നിശ്ചിത അകലം പാലിച്ചായിരിക്കണം വയ്ക്കേണ്ടത്. ഗ്രൂപ്പുകളായി സൺബാത് നടത്തുന്നവർ തമ്മിൽ നാലു മീറ്റർ അകലവും പാലിക്കണം.
ദുബായ് മുനിസിപാലിറ്റിയുടെ മാനദണ്ഡങ്ങൾക്ക് അനുസരിച്ച് സ്വിമ്മിങ് പൂളുകൾ വൃത്തിയും വെടിപ്പുമായി സൂക്ഷിക്കണം. നീന്തൽക്കുളം ഉപയോഗിക്കുന്നവർ, ജീവനക്കാർ, പരിശീലകർ, സന്ദർശകർ എന്നിവർ നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണം. എന്നാൽ, നീന്തുമ്പോൾ മാസ്ക് അഴിച്ചുവയ്ക്കാം. ഇതേക്കുറിച്ച് പരിശീലകൻ പറഞ്ഞുതരുന്നതായിരിക്കും.
നീന്തൽക്കുളം ഉപയോഗിക്കുന്നവർ തമ്മിൽ രണ്ടു മീറ്റർ അകലം പാലിക്കണം. സംഘമായെത്തുന്നവർ അഞ്ചു പേരേ ഉണ്ടാകാൻ പാടുള്ളൂ. നാലു മീറ്റർ അകലമാണ് ഇവർ പുലർത്തേണ്ടത്. ദുബായ് ടൂറിസം ഇൻസ്പെക്ടർമാർ സ്ഥിരമായി ബീച്ചുകളും നീന്തൽക്കുളങ്ങളും മറ്റും നിരീക്ഷിച്ചുകൊണ്ടിരിക്കും.