കോവിഡ് 19 കാരണം ഓഫീസില്‍ പോകാതെ വീട്ടില്‍ ഇരുന്നു ജോലി ചെയ്യേണ്ട അവസ്ഥയാണ് കഴിഞ്ഞ കുറേ മാസങ്ങളായി മിക്ക ഓഫീസ് ജോലിക്കാര്‍ക്കും. ആദ്യമൊക്കെ രസമായി തോന്നുമെങ്കിലും സ്ഥിരമായി ഓഫീസില്‍ പോയി ജോലി ചെയ്തിരുന്നവരെ സംബന്ധിച്ച് വര്‍ക്ക് ഫ്രം ഹോം രീതി മടുക്കാന്‍ അധിക സമയം വേണ്ട. തിരിച്ച് ഓഫീസില്‍ പോകാന്‍ ആണെങ്കില്‍ വീണ്ടും എല്ലാം പഴയ രീതിലാകാൻ ഇനിയും എത്രകാലം എടുക്കുമെന്ന് ആര്‍ക്കും ഒരു ധാരണയുമില്ല. ഈ അവസരത്തിലാണ് ‘വര്‍ക്ക് ഫ്രം റിസോര്‍ട്ട്’ എന്ന ആശയം കടന്നു വരുന്നത്.
വീട്ടിലെ അന്തരീക്ഷത്തില്‍ ഇരുന്നു ജോലി ചെയ്യുമ്പോള്‍ ഉള്ള നൂലാമാലകള്‍ ഇല്ല, പകരം മനോഹരമായ ഒരു റിസോര്‍ട്ടിന്‍റെ സ്വച്ഛതയാര്‍ന്ന ഒരു മുറിയില്‍ ഇരുന്നു ജോലി ചെയ്യുന്നത് ഒന്നാലോചിച്ചു നോക്കൂ!ആശയമൊക്കെ കൊള്ളാം, എന്നാല്‍ റിസോര്‍ട്ട് ചെലവായി വരുന്ന ഭാരിച്ച ബില്‍ അടയ്ക്കാന്‍ ഒരു മാസത്തെ ശബളം തികയുമോ എന്നായിരിക്കും പലരും ഇപ്പോള്‍ ആലോചിക്കുന്നത്. എന്നാല്‍ അതിനും വഴിയുണ്ട്! ഇതിനായി ചെലവു കുറഞ്ഞ പാക്കേജുകളുമായി മുന്നോട്ടു വന്നിരിക്കുകയാണ് ചില റിസോര്‍ട്ടുകളും ഹോട്ടലുകളും
ശാന്തമായ അന്തരീക്ഷം, തടസ്സമില്ലാത്ത ഹൈ-സ്പീഡ് വൈ-ഫൈ കണക്റ്റിവിറ്റി, ഓഫീസ് ഫർണിച്ചറുകൾ മുതലായവയെല്ലാം ഈ പാക്കേജില്‍ ഉള്‍പ്പെടും. പൂളിനടുത്തോ സ്വകാര്യ ബീച്ചിലോ ഒക്കെ ഇരുന്നു ജോലി ചെയ്യാന്‍ ആഗ്രഹമുള്ളവര്‍ക്ക് കസേരകളും മേശയുമെല്ലാം പ്രത്യേകം സജ്ജീകരിച്ചു നല്‍കും. ഒരാഴ്ചത്തെ താമസത്തിന് 7,000 രൂപ മുതല്‍ മുകളിലേക്കാണ് ഈ സൗകര്യം ലഭിക്കുക. കൊറോണ മൂലം കഴിഞ്ഞ മൂന്നുമാസമായി ഉണ്ടായ സാമ്പത്തിക നഷ്ടം നികത്താന്‍ ഈ രീതി സഹായകമാകുമെന്ന് റിസോര്‍ട്ട് ഉടമകള്‍ കരുതുന്നു.
വര്‍ക്കലയിലെ ക്ലിഫ് സ്റ്റോറീസ് റിസോര്‍ട്ടില്‍ ഇപ്പോള്‍ ഈ സൗകര്യം ലഭ്യമാണ്. പുതിയ ആശയത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് റിസോര്‍ട്ട് അധികൃതര്‍ പറയുന്നു. ദിവസത്തില്‍ പല തവണയുള്ള വൃത്തിയാക്കലിന് പുറമേ ഇവിടെയെതുന്നവരുടെ സുരക്ഷ ഉറപ്പാക്കാന്‍ തെര്‍മല്‍ സ്കാനിംഗ്, സാമൂഹിക അകലം പാലിക്കല്‍ മുതലായവയും ഉറപ്പു വരുത്തും. എന്നാല്‍ ക്വാറന്റീന്‍ ചെയ്യുന്നവര്‍ക്ക് ഈ പാക്കേജില്‍ താമസിക്കാനാവില്ല. പ്രമുഖ സിറ്റികളില്‍ ഹോട്ടലുകള്‍ കുറഞ്ഞ നിരക്കില്‍ ക്വാറന്റൈീന്‍ താമസസൗകര്യവും നല്‍കുന്നുണ്ട്. എറണാകുളത്ത് 60 ഓളം ഹോട്ടലുകൾ പ്രതിദിനം 700 രൂപ മുതൽ 3,750 രൂപ വരെ നിരക്കില്‍ ക്വാറന്റീനില്‍ ഉള്ളവര്‍ക്ക് താമസം നല്‍കുന്നുണ്ട്