വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കവെ അമേരിക്കയിലെ ഇന്ത്യൻ വംശജരെ പുകഴ്ത്തി ഡൊണാൾഡ് ട്രംപ് ക്യാമ്പ്. ഇന്ത്യയുമായുള്ള മഹത്തായ ബന്ധവും അമേരിക്കയിലെ ഇന്ത്യൻ വംശജരുടെ പിന്തുണയും റിപ്പബ്ലിക്കൻ പാർട്ടി ആസ്വദിക്കുന്നതായി കിംബർലി ഗുയിൽഫോയ് ലി ട്വീറ്റ് ചെയ്തു. ട്രംപ്് വിക്ടറി ഫിനാൻസ് കമ്മിറ്റി 2020ന്റെ ദേശീയ അധ്യക്ഷയാണ് കിംബർലി ഗുയിൽഫോയ് ലി.
പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇന്ത്യൻ, ആഫ്രിക്കൻ വംശജരുടെ പിന്തുണ കൂടി ലക്ഷ്യമിട്ടാണ് ഡെമോക്രാറ്റിക് പാർട്ടി കമല ഹാരിസിനെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയാക്കിയത്. രാജ്യത്ത് ശക്തമായ സ്വാധീനമുള്ള ഇന്ത്യൻ, ആഫ്രിക്കൻ വംശജരുടെ വോട്ട് തെരഞ്ഞെടുപ്പ് വിജയത്തിന് രണ്ട് വിഭാഗം സ്ഥാനാർഥികൾക്കും നിർണായകമാണ്.
സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ ജമൈക്കൻ-ഇന്ത്യൻ ദമ്പതികളുടെ മകളായി പിറന്ന കമല ഹാരിസിന്റെ പൗരത്വത്തിലും യോഗ്യതയിലും സംശയം പ്രകടിപ്പിച്ച് ട്രംപും ഒരു വിഭാഗം മാധ്യമങ്ങളും രംഗത്തെത്തിയിരുന്നു. കമല ഹാരിസിന് യു.എസ് വൈസ് പ്രസിഡന്റാകാൻ നിയമപരമായി യോഗ്യയല്ലെന്ന് ഡോണാൾഡ് ട്രംപ് നേരത്തെ ആരോപിച്ചിരുന്നു.
എന്നാൽ, ട്രംപിന്റെ ആരോപണത്തിനെതിരെ റിപ്പോർട്ട് ചെയ്ത പ്രമുഖ മാധ്യമങ്ങൾ ആരോപണം നിലനിൽക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. നേരത്തെ, മുൻ പ്രസിഡൻറ് ബറാക് ഒബാമക്കെതിരെയും ട്രംപ് സമാന ആരോപണം ഉന്നയിച്ചിരുന്നു.
ഏഷ്യൻ-ആഫ്രിക്കൻ പാരമ്പര്യമുള്ള ഒരു വനിത വൈസ് പ്രസിഡന്റ് പദവിയിൽ മത്സരിക്കുന്നത് ഇതാദ്യമാണ്. ചെന്നൈ സ്വദേശിനിയായ ഡോ. ശ്യാമള ഗോപാലൻ ആണു കമലയുടെ അമ്മ. പിതാവ് ജമൈക്കയിൽ നിന്ന് അമേരിക്കയിലേക്കു കുടിയേറിയ ഡോണൾഡ് ഹാരിസ്. അമേരിക്കയുടെ ചരിത്രത്തിൽ വനിതകൾ ഇതുവരെ പ്രസിഡന്റോ വൈസ് പ്രസിഡന്റോ ആയി തെരഞ്ഞെടുക്കപ്പെട്ടിട്ടില്ല.